Monday 15 October 2018 10:43 AM IST : By സ്വന്തം ലേഖകൻ

‘എം.ടിയെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി’; ‘രണ്ടാമൂഴം’ സംഭവിക്കുമെന്ന് ശ്രീകുമാർ മേനോൻ

randamoozham

രണ്ടാമൂഴത്തിൽ നിന്ന് രചയിതാവായ എം.ടി വാസുദേവൻ നായർ പിൻമാറിയെന്ന വാർത്ത ഞെട്ടലോടെയാണ് പ്രേക്ഷകർ കേട്ടത്. തിരക്കഥ പൂർത്തിയായിട്ടും ചിത്രീകരണം തുടങ്ങാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ് തിരക്കഥ തിരികെ വാങ്ങുന്നതായി പ്രഖ്യാപിച്ച്, തുടർ നടപടികൾക്കായി എം.ടി കോടതിയെ സമീപിച്ചത്. എന്നാൽ പിരിമുറുക്കം നിലനിന്ന ദിവസങ്ങൾക്കൊടുവിൽ ചിത്രം മുടങ്ങില്ലന്ന സൂചനകളാണ് ഇപ്പോൾ ലഭ്യമാകുന്നത്.

എം.ടിയുമായി ചർച്ച നടത്തിയ ശേഷം ചിത്രം നടക്കുമെന്നും എം.ടിയെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തിയെന്നും സംവിധായകൻ വി.എ ശ്രീകുമാർ മേനോൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രി എം.ടിയുടെ വീട്ടിലെത്തി ശ്രീകുമാര്‍ മേനോന്‍ അദ്ദേഹവുമായി ചർച്ച നടത്തിയതോടെയാണ് മഞ്ഞുരുകിയത്. കൂടിക്കാഴ്ച ഒന്നര മണിക്കൂര്‍ നീണ്ടു.

കൂടിക്കാഴ്ച്ച സൗഹാര്‍ദ്ദപരമായിരുന്നു. എം.ടിയോട് ക്ഷമ ചോദിച്ചു. എംടിക്ക് കൊടുത്ത വാക്ക് നിറവേറ്റും. കേസ് നിയമയുദ്ധമായി മാറില്ല. ചിത്രം എപ്പോള്‍ തിരശീലയില്‍ വരുമെന്നായിരുന്നു എംടിയുടെ ആശങ്ക. അത് പരിഹരിച്ചു. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹത്തെ കാണുന്നത്.അതിന് താന്‍ ക്ഷമ ചോദിച്ചു. ഒടിയന്റെ കാര്യങ്ങളും വിശേഷണങ്ങളും പങ്കുവെച്ചു. പ്രോജക്ടിലെ ഇതുവരെയുള്ള മുന്നോട്ട് പോക്കിനെപ്പറ്റി അദ്ദേഹത്തോട് സംസാരിച്ചു. ഈ പ്രശ്നം ഒരു നിയമയുദ്ധത്തിലേക്ക് പോകില്ലെന്നാണ് വിശ്വസിക്കുന്നത്. ഇതെല്ലാം ഭംഗിയായി ഉടനെ തീരും. 2020 അവസാനം രണ്ടാമൂഴത്തിന്റെ ആദ്യ ഭാഗവും 2021 ഏപ്രിലില്‍ രണ്ടാം ഭാഗം റിലീസ് ചെയ്യാനുമാണ് ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നത്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും ശ്രീകുമാര്‍ മോനോന്‍ പറഞ്ഞു. ആയിരം കോടി മുതൽ മുടക്കിൽ ബി. ആർ ഷെട്ടിയാണ് രണ്ടാമൂഴം നിർമ്മിക്കുക. മോഹൻലാലാണ് നായകൻ.