Friday 03 July 2020 04:31 PM IST : By സ്വന്തം ലേഖകൻ

മരണഭയം പിന്തുടരുന്ന ‘മ്യൂസിക്കൽ ചെയർ’; മലയാളത്തിലെ രണ്ടാമത്തെ ഒടിടി റിലീസ് പ്രേക്ഷകരിലേക്ക്

musical-chair

ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലേക്ക് ചുവടു മാറിയ മലയാള സിനിമയിൽ നിന്നും പുതിയൊരു പരീക്ഷണം കൂടി. മലയാളത്തിലെ രണ്ടാമത്തെ ഒടിടി മൂവി റിലീസെന്ന പ്രത്യേകതയോടെ പ്രേക്ഷകർക്കു മുന്നിലേക്ക് 'മ്യൂസിക്കൽ ചെയർ' എന്ന ചിത്രം എത്തുകയാണ്. ഹോംലി മീൽസ്, ബെൻ,വട്ടമേശ സമ്മേളനം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിപിൻ ആറ്റ്ലീയാണ് മ്യൂസിക്കൽ ചെയർ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

മാർട്ടിൻ എന്ന എഴുത്തുകാരന്റെ ജീവിതമാണ് സിനിമയുടെ പ്രമേയം. മരണം സംഭവിച്ചേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങൾ മാർട്ടിനുള്ളതിനാൽ മരണഭയം എപ്പോഴും മാർട്ടിനെ വേട്ടയാടുകയാണ്.മരണത്തിന്റെ കാരണം തേടിയുള്ള മാർട്ടിന്റെ യാത്രയാണ് മ്യൂസിക്കൽ ചെയറിന്റെ പ്രമേയം. സ്പൈറോഗിറയുടെ ബാനറിൽ അലൻ രാജൻ മാത്യു ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സ്പൈറോഗിറയുടെ ബാനറിൽ വരുന്ന ആദ്യ സിനിമ സംരംഭം ആണ് "മ്യൂസിക്കൽ ചെയർ".

കോവിഡ് പശ്ചാത്തലത്തിലാണ് ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നത്. മൊബൈൽ,ടാബ് ,ലാപ്ടോപ്പ് ,സ്മാർട്ട് ടീവി വഴി കുടുംബത്തോടൊപ്പം വീട്ടിൽ ഇരുന്നു കാണാൻ സാധിക്കും എന്നുള്ളതാണ് ഈയൊരു സംവിധാനത്തിന്റെ സവിശേഷത. സിനിമയുടെ തനത് ഭംഗി നിലനിർത്താൻ നാൽപ്പതു രൂപയ്ക്ക് ഡിജിറ്റൽ ടിക്കറ്റ് വഴിയാകും സിനിമ കാണാൻ സാധിക്കുക. ഇന്ത്യ ഒഴികെയുള്ള മറ്റ് വിദേശ രാജ്യങ്ങളിൽ 2 അമേരിക്കൻ ഡോളർ നൽകിയാൽ സിനിമ ആസ്വദിക്കാം. മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രങ്ങൾ അടക്കമുള്ള മെയിൻ സ്ട്രീമിന്റെ മറ്റ് വീഡിയോകളെല്ലാം തികച്ചും സൗജന്യമായി നിങ്ങൾക്ക് ആസ്വദിക്കാൻ സാധിക്കും. ലോക്ക്ഡൗൺ കാലത്ത് തൊഴിൽ നഷ്ടമായ സിനിമാ പ്രവർത്തകർക്ക് കൂടുതൽ അവസരങ്ങൾ ഇതുപോലെയുള്ള റിലീസിംഗിലൂടെ ലഭിക്കുമെന്ന് സംവിധായകൻ വിപിൻ ആറ്റ്ലീ പറഞ്ഞു.

ചെറുതും വലുതുമായ വിനോദ വീഡിയോകൾ ആൻഡ്രോയ്‌ഡ്, ഐ.ഒ.എസ്, ഫയർ സ്റ്റിക് ടി.വി മറ്റ് ആൻഡ്രോയ്‌ഡ് ടി.വി ഡിവൈസുകൾ എന്നിങ്ങനെ പ്ലാറ്റ് ഫോം വ്യത്യാസമില്ലാതെ ആസ്വദിക്കാനാകുമെന്ന് മെയിൻസ് സ്ട്രീമിന്റെ സ്ഥാപകൻ ശിവ പറയുന്നു. മ്യൂസിക്കൽ ചെയർ ഒരു വിപ്ലവത്തിന്റെ തുടക്കമാണ്. മലയാള സിനിമാസ്വാദകർക്ക് മികച്ച അനുഭവമായിരിക്കും ഇത്. ഒടിടി റിലീസുകൾ കൂടുതലായി എത്തുകയാണെങ്കിൽ സിനിമാ പ്രവർത്തകർക്ക് കൂടുതൽ തൊഴിൽ സാധ്യതകളാണ് തുറക്കപ്പെടുക.