Wednesday 11 July 2018 11:50 AM IST : By സ്വന്തം ലേഖകൻ

‘ഈ ആക്രമണം ഒരു വ്യക്തിയെ മാത്രം ലക്ഷ്യംവച്ച്’; മൈ സ്റ്റോറിയെ വെറുതെ വിടണമെന്ന് അജു വർഗീസ്

my-storyaju

കസബ പരാമർശത്തിന്റെ പേരിൽ പാർവ്വതിക്കെതിരെ ഒരു വിഭാഗം തുടങ്ങിവച്ച പ്രതിഷേധം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴിതാ പാർവ്വതി–പൃഥ്വിരാജ് ജോഡി ഒരുമിക്കുന്ന മൈ സ്റ്റോറിക്കെതിരെയാണ് ഒരു വിഭാഗം ആരാധകർ വാളോങ്ങി എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലടക്കം ചിത്രത്തിനെതിരെ കടുത്ത പ്രതിഷേധമാണ് അഴിച്ചുവിടുന്നത്.

ഈ സാഹചര്യത്തിലാണ് പാർവ്വതിയോടും പൃഥ്വിയോടുമുള്ള രോഷം തന്റെ ചിത്രത്തോട് തീർക്കരുതെന്ന് വ്യക്തമാക്കി സംവിധായിക റോഷ്നി ദിനകർ രംഗത്തെത്തുന്നത്. 18 കോടി രൂപ മുതൽ മുടക്കിൽ രണ്ടു വർഷം കൊണ്ട് പൂർത്തിയാക്കിയ ചിത്രം ഇവ്വിധം ആക്രമണത്തിനിരയാകുന്നതിലെ വിഷമവും റോഷ്നി പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ മൈ സ്റ്റോറിക്ക് പിന്തുണയുമായി നടൻ അജു വർഗ്ഗീസ് രംഗത്തെത്തിയിരിക്കുകയാണ്. ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ് അജു ചിത്രത്തിനുളള തന്റെ പിന്തുണ അറിയിച്ചത്.

‘ഒരു വ്യക്തിയെ മാത്രം ലക്ഷ്യമിട്ടുളള ആക്രമണമാണ് ഈ സിനിമയ്ക്കെതിരെ ഇപ്പോൾ നടക്കുന്നത്. വലിയ ബജറ്റിലൊരുക്കിയ സിനിമയാണിത്. വിദേശത്തായിരുന്നു ചിത്രീകരണം. നല്ലൊരു പ്രണയകഥയാണ്. സസ്‌പെൻസും ഉണ്ട്. ഒരുപാട് പേരുടെ പരിശ്രമമാണ് ഈ സിനിമ. എന്റെ എല്ലാ പിന്തുണയും മൈ സ്റ്റോറിക്കുണ്ട്’–അജു പറയുന്നു.

നേരത്തെ മൈസ്റ്റോറിയിലെ പാട്ടുകളും ടീസറും ട്രെയിലറും പുറത്തിറങ്ങിയപ്പോൾ ഡിസ്‌ലൈക്ക് നൽകിയാണ് മമ്മൂട്ടി ആരാധകർ പാർവ്വതിയോടുളള ദേഷ്യം തീർത്തത്.