Wednesday 03 April 2019 02:57 PM IST : By സ്വന്തം ലേഖകൻ

‘ഇത്തരം ഫ്രോഡുകളെ വിശ്വസിക്കാതിരിക്കുക, വഞ്ചകരുടെ വലയിൽ വീഴാതിരിക്കാനുള്ള മുന്നറിയിപ്പാണിത്’! വ്യാജ പരസ്യത്തിനെതിരെ നാദിർഷ

nadhirshah

താൻ സംവിധാനം ചെയ്യാൻ തയാറായിട്ടുള്ള സിനിമയ്ക്ക് ആറ് കോടി മുതൽമുടക്കാൻ താൽപര്യമുള്ളവരെ ക്ഷണിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് പരസ്യം വ്യാജമാണെന്നു ചൂണ്ടിക്കാട്ടി നാദിർഷയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ ദിവസങ്ങളിലാണ് നിർമ്മാണ പങ്കാളികളെ തേടിയുള്ള ഈ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഒരു മൊബൈല്‍ നമ്പറും പരസ്യത്തോടൊപ്പം നല്‍കിയിട്ടുണ്ട്. ഇതിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് നാദിർഷയുടെ പോസ്റ്റ്.

‘പ്രിയ സുഹൃത്തുക്കളെ,എല്ലാവരുടേയും അറിവിലേക്കായാണു ഈ പോസ്റ്റ്. താഴെ കാണുന്ന സ്ക്രീൻ ഷോട്ട് ഒന്ന് ശ്രദ്ധിക്കുക.
ഇത്തരം ഫ്രോഡുകളെ വിശ്വസിക്കാതിരിക്കുക. ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് അധികാരികളെ സമീപിച്ച് കഴിഞ്ഞു. പ്രിയപ്പെട്ടവരെ, നിങ്ങൾ ആരും ഇത്തരം വഞ്ചകരുടെ വലയിൽ വീഴാതിരിക്കാനുള്ള മുന്നറിയിപ്പാണിത്’.– നാദിർഷ കുറിച്ചു.

റിലീസിനൊരുങ്ങുന്ന ‘മേരാനാം ഷാജി’യാണ് നാദിർഷയുടെ പുതിയ റിലീസ്. ബിജുമേനോന്‍, ആസിഫ് അലി, ബൈജു സന്തോഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദിലീപ്, മമ്മൂട്ടി, ഒരു തമിഴ്ചിത്രം എന്നിങ്ങനെയാണ് നാദിർഷയുടെ പുതിയ സംരംഭങ്ങൾ.