Wednesday 17 February 2021 09:37 AM IST : By സ്വന്തം ലേഖകൻ

സമയം പാഴാക്കാതെ സീറ്റ് നമ്പർ തിരക്കി, കോച്ചിൽ ഓടിയെത്തി പരിശോധിച്ചു! എം.മുരളീധരന് റെയിൽവേയുടെ ആദരം

nadhirshah

നടനും സംവിധായകനും ഗായകനുമായ നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹാവശ്യത്തിനായുള്ള ആഭരണവും വസ്ത്രവുമടങ്ങിയ ബാഗ് നാദിർഷയും കുടുംബവും തീവണ്ടിയിൽ മറന്നുവച്ചും റെയിൽവേ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ തിരികെ ലഭിച്ചതുമൊക്കെ കഴിഞ്ഞ ദിവസം വാർത്തയായിരുന്നു.

ഇപ്പോഴിതാ, ബാഗ് കണ്ടെത്തി തിരിച്ചേൽപിച്ച ടിടിഇ എം.മുരളീധരനെ റെയിൽവേ അധികൃതർ ആദരിച്ചു. സത്യസന്ധതയും ജോലിയോടുള്ള ആത്മാർഥതയും കണക്കിലെടുത്താണ് മുരളീധരനെ ആദരിച്ചത്.കണ്ണൂരിൽ ജോലി ചെയ്യുന്ന ഇദ്ദേഹം കോഴിക്കോട് വടകര, മേമുണ്ട സ്വദേശിയാണ്. ഇന്നലെ നടന്ന പ്രതിവാര ഡിവിഷൻ തല സുരക്ഷാ യോഗത്തിൽ ഡിവിഷനൽ റെയിൽവേ മാനേജർ ത്രിലോക് കോത്താരി മുരളീധരനു സർട്ടിഫിക്കറ്റും കാഷ് അവാർഡും സമ്മാനിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് നിക്കാഹിനായി നാദിർഷയും കുടുംബവും മലബാർ എക്സ്പ്രസിൽ കാസർഗോഡ് എത്തിയത്. തീവണ്ടിയിറങ്ങിയതിനു ശേഷമാണ് ആഭരണങ്ങളടങ്ങിയ ബാഗ് വണ്ടിയിൽ മറന്നു വച്ച കാര്യം മനസ്സിലായത്. അപ്പോഴേക്കും ട്രെയിൻ സ്റ്റേഷൻ വിട്ടിരുന്നു.

ഉടൻ തന്നെ കാസർകോട് റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സിനെ നാദിർഷ വിവരം അറിയിച്ചു. എ-വൺ കോച്ചിലായിരുന്നു ബാഗ്. ആർ.പി.എഫ്. അപ്പോൾ തന്നെ ട്രാവലിങ് ടിക്കറ്റ് ഇൻസ്പെക്ടറും ബാച്ച് ഇൻ ചാർജുമായ എം. മുരളീധരന് വിവരം കൈമാറി. അദ്ദേഹം ഉടൻ കോച്ച് പരിശോധിച്ചു. 41-ാമത്തെ സീറ്റിനടിയിൽ ബാഗ് കണ്ടെത്തി. ആർ.പി.ഫ് എ.എസ്.ഐ ബിനോയ് കുര്യനും കോൺസ്റ്റബിൾ സുരേശനും ബാഗ് ഏൽപ്പിച്ചു. തീവണ്ടി മംഗാലപുരത്തെത്തിയപ്പോൾ നാദിർഷായുടെ ബന്ധുവിന് ബാഗ് കൈമാറി.