Monday 19 November 2018 10:14 AM IST : By സ്വന്തം ലേഖകൻ

‘ഞാൻ കാൻസറിന്റെ പിടിയിൽ’; നൊമ്പരമായി നഫീസ അലിയുടെ കുറിപ്പ്

nafiza-new

പ്രശസ്ത നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ നഫീസ അലിയെ മലയാളികൾക്ക് കൂടുതൽ പരിചയം അമല്‍ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘ബിഗ് ബി’ യിലെ നായകൻമാരുടെ അമ്മയായ മേരി ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തിലൂടെയാണ്.

കഴിഞ്ഞ ദിവസം തന്റെ സുഹൃത്തും കോണ്‍ഗ്രസ് നേതാവുമായ സോണിയ ഗാന്ധിക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് നഫീസ കുറിച്ച വരികൾ ആരാധകരെ നൊമ്പരക്കയത്തിലാഴ്ത്തുന്നു. താൻ കാൻസറിന്റെ പിടിയിലാണെന്നും തന്റെ വിലപ്പെട്ട സുഹൃത്തിനെ കണ്ടുവെന്നും പെട്ടെന്ന് രോഗവിമുക്തയാകാന്‍ അവര്‍ ആശംസകള്‍ നേര്‍ന്നുവെന്നും അവർ. രോഗം അതിന്റെ മൂന്നാം ഘട്ടത്തിലാണ്.

1972-74 ല്‍ ദേശീയ നീന്തല്‍ ചാമ്പ്യനായിരുന്ന നഫീസ 1976-ല്‍ പത്തൊന്‍പതാം വയസില്‍ ഫെമിന മിസ്സ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടു. 1977-ല്‍ മിസ് ഇന്റര്‍നാഷണല്‍ മത്സരത്തില്‍ രണ്ടാം സ്ഥാനക്കാരിയായി. 1979ല്‍ ശ്യാം ബനഗല്‍ സംവിധാനം ചെയ്ത ജുനൂന്‍ എന്ന ഹിന്ദി ചിത്രത്തില്‍ ശശി കപൂറിന്റെ നായികയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. വിനോദ് ഖന്നക്കൊപ്പം അഭിനയിച്ച ക്ഷത്രിയ (1993), അമിതാഭ് ബച്ചനൊപ്പം വേഷമിട്ട മേജര്‍ സാബ് (1998) തുടങ്ങിയവയാണ് നഫീസയുടെ ശ്രദ്ധേയ ചിത്രങ്ങള്‍.

എയ്ഡ്സ് ബോധവത്കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ ഇന്ത്യ എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് നഫീസ. രാഷ്ട്രീയത്തിലും നഫീസ അലി തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നഫീസ അലി, അതേവര്‍ഷം തന്നെ കോണ്‍ഗ്രസിലേക്ക് തിരികെ പോന്നു.