Wednesday 11 July 2018 02:41 PM IST

‘എന്നാലും ശരത്തിന്റെ’ ലൊക്കേഷനിൽ കോട്ടയം നസീർ ആ രഹസ്യം തുറന്നു പറഞ്ഞു; ബാലചന്ദ്ര മേനോന്റെ ചിത്രത്തിൽ റസൂൽ പൂക്കുട്ടിക്കും അവസരം കിട്ടിയില്ല

V.G. Nakul

Sub- Editor

menon1

ഇന്ത്യൻ സിനിമയിലെ സകലകലാ വല്ലഭൻ കമൽഹാസനാണെങ്കിൽ മലയാളത്തിൽ അതു ബാലചന്ദ്ര മേനോനാണ്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, അഭിനയം എന്നു വേണ്ട സിനിമയിൽ മേനോൻ തൊടാത്ത മേഖലകൾ കുറവ്. സ്വന്തം സിനിമയുടെ പോസ്റ്ററൊട്ടിക്കുന്നതു പോലും മേനോനാണെന്നു വരെ അക്കാലത്തു പലരും തമാശ പറഞ്ഞിരുന്നു. കുടുംബ സദസ്സുകളുടെ പ്രിയ സംവിധായകനായി, മെഗാഹിറ്റുകളും സൂപ്പർ ഹിറ്റുകളും തുടരേ സൃഷ്ടിച്ച്, മലയാള സിനിമയിലെ ഒരു കാലം തന്റെതാക്കിയ മേനോൻ ഇടവേളയ്ക്കു ശേഷം വീണ്ടും സജീവമാകുകയാണ്. അദ്ദേഹം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘എന്നാലും ശരത്’ ഈ മാസം തിയേറ്ററുകളിലെത്തും. നവാഗതർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ മലയാളത്തിലെ മുൻനിര ഹാസ്യതാരം കോട്ടയം നസീറും ഒരു മുഖ്യ വേഷത്തിലെത്തും. ഒരിക്കൽ മേനോന്റെ ചിത്രത്തിൽ അവസരം നഷ്ടപ്പെട്ട നസീറിന് ‘എന്നാലും ശരത്’ ഒരു സ്വപ്ന സാഫല്യമാണ്. ആ കഥ എന്താണെന്നല്ലേ...പറയാം...

menon-3

വർഷങ്ങൾക്കു മുൻപാണ്. കൃത്യമായി പറഞ്ഞാൽ 1983 ൽ. മേനോൻ സംവിധാനം ചെയ്ത ‘ശേഷം കാഴ്ചയിൽ’ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരു 12 വയസ്സുകാരനെ വേണം. മമ്മൂട്ടി, മോഹൻലാൽ, മേനോൻ, മേനക തുടങ്ങി വൻ താരനിരയുള്ള ചിത്രമാണ്. പല വഴി അന്വേഷിച്ചെങ്കിലും പറ്റിയ നടനെ കിട്ടാതെ വന്നപ്പോൾ ബാലതാരത്തെ ആവശ്യമുണ്ടെന്ന പരസ്യം കൊടുത്തു. ഇന്നത്തെ രീതിയിൽ ഓഡീഷൻ കാൾ. പലരും വന്നു. അതിലൊരാൾ നസീറായിരുന്നു. മേനോന്റെ ആരാധകനായിരുന്ന നസീറിന്റെ ബാപ്പയുടെ വലിയ ആഗ്രഹമായിരുന്നു മകൻ മേനോന്റെ സിനിമയിൽ അഭിനയിക്കണമെന്നത്. പക്ഷേ നസീറിനു അവസരം കിട്ടിയില്ല. വർഷങ്ങൾക്കു ശേഷം മേനോന്റെ ‘സന്താന ഗോപാലം’ കോട്ടയത്തു ചിത്രീകരിക്കുമ്പോൾ നസീർ ലൊക്കേഷനിലെത്തി. മേനോനെ അനുകരിച്ചു. സാധാരണ മിമിക്രിക്കാരിൽ നിന്നു വ്യത്യസ്തമായി യാതൊരു കോമാളിത്തരങ്ങളും കാട്ടാതെയുള്ള നസീറിന്റെ അനുകരണം മേനോനു നന്നേ ബോധിച്ചു. വർഷങ്ങൾക്കിപ്പുറം എന്നാലും ശരത്തിൽ അഭിനയിക്കുവാനെത്തിയപ്പോളാണ് ‘ശേഷം കാഴ്ചയിൽ’ അവസരം തേടി വന്നവരിൽ താനുമുണ്ടായിരുന്നെന്ന് നസീർ മേനോനോടു പറയുന്നത്.

rasool

ശേഷം കാഴ്ചയിൽ’ അതേ വേഷത്തിലേക്ക് അവസരം തേടി വന്ന് കിട്ടാതെ മടങ്ങിപ്പോയ മറ്റൊരാളുണ്ട്. ആരാണെന്നോ... സാക്ഷാൽ റസൂൽ പൂക്കുട്ടി. വർഷങ്ങൾക്കു ശേഷം ‘ഇത്തിരി നേരം ഒത്തിരിക്കാര്യം’ എന്ന തന്റെ പുസ്തകത്തിൽ ‘ശേഷം കാഴ്ച’യെക്കുറിച്ച് ഒരു പഠനമെഴുതാമോയെന്നു ചോദിക്കാനായി വിളിച്ച മേനോനോട് പൂക്കുട്ടി തമാശയായി പറഞ്ഞതിങ്ങനെ ‘‘ശേഷം കാഴ്ചയിൽ അവസരം തേടി വന്ന് കിട്ടാതെ പോയ ആളാണ് ഞാന്‍. ആ വാശിയിലാണ് ഞാൻ സിനിമാക്കാരനായത്...’’

charlie