Tuesday 25 June 2019 06:14 PM IST

പതിനഞ്ചാം വയസിൽ കൽപ്പണിക്കാരനായി, വേദനകളെ മറക്കാൻ മിമിക്രിയെ ഒപ്പം കൂട്ടി! ‘തമാശ’യ്ക്കുമപ്പുറമാണ് നവാസിന്റെ ജീവിതം

V.G. Nakul

Sub- Editor

n1

‘എന്റെ ബാക്കിലാ അന്റെ പിൻ കോഡ്...’ ഈ ഒരൊറ്റ ഡയലോഗ് മതി നവാസിനെ പ്രക്ഷകർ തിരിച്ചറിയാൻ. എ.ടി.എം മെഷീനു മുന്നിൽ ചിരിയുടെ അമിട്ട് പൊട്ടിച്ച്, യൂട്യൂബിൽ ഒരു മില്യൺ കാഴ്ചക്കാരെയാണ് ഈ കോഴിക്കോടുകാരൻ സ്വന്തമാക്കിയത്. ‘മഴവിൽ മനോരമ’യുടെ ജനപ്രിയ, കോമഡി റിയാലിറ്റി ഷോയായ ‘കോമഡി സർക്കസി’ലൂടെ നവാസ് വള്ളിക്കുന്ന് എന്ന കലാകാരൻ പ്രേക്ഷകർക്ക് പ്രിയങ്കരനായതങ്ങനെ.

ഇപ്പോൾ നവാസ് സിനിമയിലും ചുവടുറപ്പിച്ചു കഴിഞ്ഞു. ‘സുഡാനി ഫ്രം നൈജീരിയ’യിലെ ലത്തീഫായും ‘തമാശ’യിലെ റഹീമായും ബിഗ് സ്ക്രീനിൽ തന്റേതായ ഒരിടം സ്വന്തമാക്കുകയാണിപ്പോൾ നവാസ്. പക്ഷേ, എല്ലാവരെയും ചിരിപ്പിക്കുന്ന നവാസിന്റെ ജീവിതത്തിൽ കഷ്ടപ്പാടിന്റെയും വേദനകളുടെയും ഒരു ഭൂതകാലമുണ്ട്. തന്റെ സിനിമാ–വ്യക്തി ജീവിതത്തെക്കുറിച്ച് നവാസ് ‘വനിത ഓൺലൈനു’മായി സംസാരിക്കുന്നു, അതും തനി ‘കോയിക്കോടൻ’ മൊഞ്ചിൽ....

n5

കഷ്ടപ്പാടിന്റെ ബാല്യം

എന്റെ വീട് കോഴിക്കോട്ട് പന്തീരാങ്കാവിലെ വള്ളികുന്നിലാണ്. ഉപ്പ ആലിക്കും ഉമ്മ ബീവിക്കും ഞങ്ങൾ അഞ്ച് മക്കള്‍. മൂന്നു പെണ്ണും ഒരാണും. ഞാനാണ് നാലാമൻ. എനിക്കു താഴെ അനിയൻ. ഉപ്പ ഒരു മരക്കമ്പനിയിലെ പണിക്കാരനായിരുന്നു. പണ്ടു മുതലേ മൂപ്പര് പലവിധ ആരോഗ്യ പ്രശ്നങ്ങളുള്ള ആളാണ്. പക്ഷേ, എത്ര വയ്യെങ്കിലും കെട്യോളും കുട്ടികളും പട്ടിണിയാകും എന്നറിയാവുന്നതിനാൽ ഉപ്പ എങ്ങനെയെങ്കിലും ജോലിക്കു പോകും. ഉള്ളത് കൊണ്ടു വരും. വലിയ കഷ്ടപ്പാടായിരുന്നു വീട്ടിൽ. അതു കണ്ടാണ് ഞാൻ വളർന്നത്. അങ്ങനെ പത്താം ക്ലാസിൽ വച്ച് പഠനം നിർത്തി. തുടർന്നു പഠിക്കാവുന്ന സാഹചര്യമായിരുന്നില്ല. ഉപ്പയുടെ കഷ്ടപ്പാടും വീട്ടിലെ സ്ഥിതിയുമൊക്കെ അറിയാവുന്നതിനാൽ എന്തെങ്കിലും ജോലിക്കു പോകാം എന്നു തീരുമാനിച്ചു.

n2

കൽപ്പണിയും പെയിന്റിങ്ങും

ആദ്യം ഒരു ഫർണീച്ചർ കടയിലായിരുന്നു ജോലി. അത് ഏറെക്കാലം തുടർന്നില്ല. പീന്നീട് കൽപ്പണി തുടങ്ങി. മേസ്തിരിയുടെ കയ്യാളായിരുന്നു. അതിനു ശേഷമാണ് പെയിന്ററായത്. സിനിമയിലും ടിവിയിലുമൊക്കെ സജീവമാകും വരെ അതു തുടർന്നു.

ഒറ്റയ്ക്കൊരു മിമിക്രിക്കാരൻ

സ്കൂളിൽ പഠിക്കുന്ന കാലം മുതൽ മിമിക്രി ചെയ്തു തുടങ്ങി. പഠനം നിർത്തി, പണിക്കു പോയിത്തുടങ്ങിയപ്പോഴും മിമിക്രി വിട്ടില്ല. ചെറിയ സ്റ്റേജുകളിലൊക്കെ വൺമാൻ ഷോ ചെയ്യുമായിരുന്നു. അതു കണ്ടാണ് കോഴിക്കോട്ടെ ‘ചാർലീസ് മീഡിയ’ എന്ന ട്രൂപ്പിലേക്കു വിളിച്ചത്. തുടർന്ന്, മറ്റു ചില ട്രൂപ്പുകളിലും പ്രവർത്തിച്ചു. അക്കാലത്താണ് ചില ചാനലുകളുടെ കോമഡി റിയാലിറ്റി ഷോസിൽ പങ്കെടുത്തതും. പക്ഷേ, വഴിത്തിരിവായത് ‘മഴവിൽ മനോരമ’യിലെ ‘കോമഡി സർക്കസാ’ണ്. അതില്‍ ചെയ്ത സ്കിറ്റുകളിൽ പലതും ഹിറ്റയി. അങ്ങനെയാണ് ‘വീ ഫോർ യു’വിലേക്കു വിളിച്ചത്. ഹരീഷ് കണാരൻ, നിർമൽ പാലാഴി, ദേവരാജ് തുടങ്ങി വലിയ ആർട്ടിസ്റ്റുകളുടെ ട്രൂപ്പാണത്. ‘കോമഡി സർക്കസി’ൽ ഫൈനൽ വരെയെത്തി. ജനപ്രിയ നായകനുള്ള അവാർഡും കിട്ടി. ആ ഷോ കഴിഞ്ഞപ്പോൾ മിമിക്രി കൊണ്ടു ജീവിക്കാം എന്ന ആത്മവിശ്വാസമുണ്ടായി.

n4

ഭാഗ്യത്തിന്റെ വിളി

‘സുഡാനി ഫ്രം നൈജീരിയ’യാണ് ആദ്യ സിനിമ. ‘കോമഡി സർക്കസി’ന്റെ ഫൈനലിൽ മത്സരിക്കാൻ മേക്കപ്പ് ചെയ്ത് നിൽക്കുമ്പോഴാണ് സക്കരിയയുടെ വിളി വന്നത്. അതൊരു വലിയ ഭാഗ്യമായിരുന്നു. സുഡാനിയിൽ ലത്തീഫ് എന്ന കഥാപാത്രം ഹിറ്റായതോടെ സിനിമയിൽ നിന്നു പലരും വിളിക്കാൻ തുടങ്ങി. ‘തമാശ’യിലെ റഹീം എന്ന കഥാപാത്രവും വലിയ നേട്ടമായി. ഇപ്പോൾ 6 സിനിമകളിൽ അഭിനയിച്ചു. ഇനിയും ധാരാളം അവസരങ്ങൾ വരുന്നുണ്ട്. എല്ലാം പടച്ചോന്റെ കൃപ. കഴിഞ്ഞ രണ്ടു വർഷമായി സിനിമ മാത്രമാണ് ചെയ്യുന്നത്. സുഡാനി കഴിഞ്ഞ സമയത്താണ് സ്വന്തമായി ഒരു വീട് വച്ചത്.

n3

കുടുംബം

ഭാര്യ ഫാരിദ. മൂന്നു മക്കളാണ് ഞങ്ങൾക്ക്. നിയാസ്, നസ്‌ല, ആയിഷ നിഹാല. സഹോദങ്ങളുടെയൊക്കെ വിവാഹം കഴിഞ്ഞു. ഒരു പെങ്ങൾ എനിക്കൊപ്പമാണ്.