Monday 12 November 2018 01:39 PM IST : By സ്വന്തം ലേഖകൻ

‘‘ബലപ്രയോഗത്തിലൂടെയാണ് അയാള്‍ എന്നെ കീഴ്പ്പെടുത്തിയിരുന്നത്’’; നവാസുദ്ദീന്‍ സിദ്ധിഖിക്കെതിരെ കൂടുതൽ ആരാപണങ്ങളുമായി നിഹാരിക സിങ്ങ്

navasudheen-new

ഒടുവിൽ മീടൂവിൽ കുടുങ്ങി, കരിയർ അനിശ്ചിതത്വത്തിലായി നവാസുദ്ദീന്‍ സിദ്ധിഖിയും. ബോളിവുഡിലെ മികച്ച നടൻമാരുടെ പട്ടികയിൽ ഒന്നാം നിരയിലുള്ള നവാസുദ്ദീനെതിരെ അഭിനേത്രിയായ നിഹാരിക സിങ്ങ് താൻ നേരിട്ട ലൈംഗിക ചൂഷണം തുറന്നു പറഞ്ഞതോടെയാണ് ഹിന്ദി സിനിമാ ലോകം വീണ്ടും വെട്ടിലായത്. ഇതോടെ പുഷ്പേന്ദ്ര മിശ്ര സംവിധാനം ചെയ്ത് നവാസുദ്ദീന്‍ സിദ്ധിഖി നായകനാവുന്ന ‘ഗൂമ്കേതു’ എന്ന ചിത്രത്തിന്റെ റിലീസ് നീട്ടി വച്ചു. ഈ മാസം 16നാണ് ചിത്രം റിലീസ് നിശ്ചയിച്ചിരുന്നത്.

ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ അനുരാഗ് കശ്യപിന്റെ നേതൃത്വത്തിലുള്ള ഫാന്റം ഫിലിംസുണ്ടെന്നതും സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഫാന്റം ഫിലിംസിലെ പങ്കാളികളിലൊരാളായ വികാസ് ബഹലിനെതിരെ വന്ന മീടൂ ആരോപണത്തെ തുടര്‍ന്ന് കമ്പനി പിരിച്ചു വിട്ടിരുന്നു.

നവാസുദ്ദീന്‍ കേന്ദ്ര കഥാപാത്രമാവുന്ന ‘സേക്രഡ് ഗെയിംസിന്റെ’ കാര്യവും ഇതോടെ സംശയത്തിലായി. ഫാന്റം ഫിലിംസിനും എഴുത്തുകാരന്‍ വരുണ്‍ ഗ്രോവറിനും നേരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ആവശ്യമായ ആന്വേഷണങ്ങള്‍ നടത്തിയതിനു ശേഷമാണ് നിര്‍മാതാക്കളായ നെറ്റ്ഫ്ലിക്സ് സേക്രഡ് ഗെയിംസിന്റെ രണ്ടാം സീസണ്‍ ചിത്രീകരണം വീണ്ടും തുടങ്ങിയത്. ഇപ്പോള്‍ സീരീസിലെ കേന്ദ്ര കഥാപാത്രത്തിന് നേരെ ഉണ്ടായ ആരോപണം സ്ഥിതിഗതികൾ ഗുരുതരമാക്കുകയാണ്.

ലൈംഗികാരോപണങ്ങളില്‍ കടുത്ത നടപടികള്‍ സ്വീകരിക്കുന്ന നെറ്റ്ഫ്ലിക്സിന് അവരുടെ ജോലി സ്ഥലങ്ങളില്‍ പ്രത്യേകമായ നിയമാവലികളും നടപടികളുമുണ്ട്. നെറ്റ്ഫ്ലിക്സിന്റെ തന്നെ മറ്റൊരു സീരീസായ 'ഹൗസ് ഓഫ് കാര്‍ഡ്സി'ല്‍ നിന്ന് ലൈംഗികാരോപണത്തെ തുടര്‍ന്ന് ഹോളിവുഡ് താരം കെവിന്‍ സ്പേസിയെ പുറത്താക്കിയിരുന്നു.

സംഭവത്തിൽ സിദ്ധിഖി ഇതു വരെ പ്രതികരിച്ചിട്ടില്ല. നിഹാരികയുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി താരം തന്റെ ആത്മകഥയില്‍ പറഞ്ഞിരുന്നു. എല്ലാ പെണ്‍കുട്ടികളേയും പോലെ പ്രണയാതുരമായ സംഭാഷണങ്ങളും ഒന്നിച്ചുള്ള നിമിഷങ്ങളും അവര്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ അവരുമായി ശാരീരിക ബന്ധം മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും തന്നിലെ നീചനായ മനുഷ്യനെ തിരിച്ചറിഞ്ഞ നിഹാരിക ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു എന്നുമാണ് പുസ്തകത്തിലെ വിവരണം.

മാധ്യമപ്രവര്‍ത്തകയായ സന്ധ്യ മേനോനാണ് ട്വിറ്ററിലൂടെ നിഹാരിക സിങ്ങിന്റെ വെളിപ്പെടുത്തലുകള്‍ ലോകത്തെ അറിയിച്ചത്. സിദ്ദിഖിയെ കൂടാതെ സാജിദ് ഖാന്‍, ടി സീരിസ് മേധാവി ഭൂഷന്‍ കുമാര്‍ തുടങ്ങിയവരില്‍ നിന്നുളള മോശപ്പെട്ട അനുഭവങ്ങളും അതില്‍ പെടും.

‘‘2009 ല്‍ മിസ് ലവ്ലി എന്ന ചിത്രത്തിലൂടെയാണ് ഞാന്‍ സിനിമാലോകത്ത് വരുന്നത്. അന്ന് മുതലാണ് നവാസുദ്ദിനെ പരിചയപ്പെടുന്നത്. എന്റെ വീടിന് അടുത്തുണ്ടെന്ന് കാണിച്ച് എനിക്ക് അയാള്‍ സന്ദേശമയച്ചിരുന്നു. തുടര്‍ന്ന് പ്രഭാത ഭക്ഷണത്തിനു ക്ഷണിച്ചു. ഞാന്‍ വാതില്‍ തുറന്നതോടെ എന്നെ കയറിപ്പിടിക്കാനും ലൈംഗികമായി ആക്രമിക്കാനുമാണ് അയാള്‍ ശ്രമിച്ചത്. ഞാന്‍ നിസഹായയായിരുന്നു. അയാള്‍ക്ക് കീഴടങ്ങാതെ എനിക്കു വഴികള്‍ ഇല്ലായിരുന്നു. ബലപ്രയോഗത്തിലൂടെയാണ് അയാള്‍ എന്നെ കീഴ്പ്പെടുത്തിയിരുന്നത്’’.– നിഹാരിക പറയുന്നു.

ഒരു മിസ് ഇന്ത്യയെ ഭാര്യയായി ലഭിക്കാന്‍ കൊതിക്കുന്നുവെന്ന് പറഞ്ഞ സിദ്ധിഖി ബുദ്ധദേബ് ദാസ് ഗുപ്തയുടെ സിനിമയില്‍ എനിക്കൊരു റോള്‍ ലഭിക്കുന്നതിന് പ്രതിഫലമായി അയാള്‍ക്കൊപ്പം കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ടുവെന്നും നിഹാരിക വെളിപ്പെടുത്തി.