Monday 19 November 2018 09:42 AM IST : By സ്വന്തം ലേഖകൻ

‘എന്റെ തങ്കത്തിന് തീരെ ചെറിയൊരു സർപ്രൈസ്’; നയൻസിന് വിക്കിയുടെ പിറന്നാൾ സമ്മാനം

n-1

തന്റെ തങ്കത്തിന് ‘തീരെ ചെറിയൊരു’ സർപ്രൈസ് ഒരുക്കി വിഘ്നേശ് ശിവൻ. തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ ജൻമദിനമായിരുന്നു ഇന്നലെ. താരത്തെ പിറന്നാൾ സർപ്രൈസ് ഒരുക്കി ഞെട്ടിക്കുകയായിരുന്നു കാമുകനും സംവിധായകനുമായ വിഘ്നേശ്. ‘എന്റെ തങ്കത്തിന് തീരെ ചെറിയൊരു സർപ്രൈസ്’ എന്ന ക്യാപ്ഷനോടെയാണ് ആഘോഷത്തിന്റെ ചിത്രം വിഘ്നേശ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

‘ലേഡി സൂപ്പർ സ്റ്റാർ’ എന്നെഴുതിയ, ക്യാമറയും ക്ലാപ്ബോർഡും കൊണ്ടലങ്കരിച്ച മനോഹരമായ ഒരു കേക്കായിരുന്നു നയൻതാരയ്ക്ക് വിഘ്നേശിന്റെ സർപ്രൈസ്. ഒൻപത് എന്നെഴുതിയ മറ്റൊരു കേക്കും വിഘ്നേശ് ഒപ്പം ഒരുക്കിയിരുന്നു. ഇരുവരും സൗഹൃദത്തിലായിട്ട് ഒൻപത് വർഷമായി.

വിഘ്നേശ് സംവിധാനം ചെയ്ത ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും അടുപ്പത്തിലായത്.

n-2

പിറന്നാള്‍ ദിനത്തിൽ നയന്‍താരയുടെ ആരാധകര്‍ക്ക് വിരുന്നായി താരത്തിന്റെ പുതിയ ചിത്രം ‘സൈരാ നരസിംഹ റെഡ്ഡി’ യുടെ ക്യാരക്ടര്‍ പോസ്റ്ററും ഇന്നലെ പുറത്തിറങ്ങി. സിദ്ദമ്മ എന്ന രാജകുമാരിയുടെ വേഷത്തിലാണ് ചിത്രത്തില്‍ നയന്‍താര. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയോടൊപ്പം ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ കൈകോര്‍ക്കുന്ന ചിത്രമാണിത്.

n-3

രായല്‍സീമയിലെ സ്വാന്തന്ത്ര്യ സമര സേനാനിയായ ഉയ്യാലവാട നരസിംഹ റെഡ്ഡി എന്ന കഥാപാത്രത്തെയാണ് ചിരഞ്ജീവി അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഗുരുവിന്റെ വേഷത്തിലാണ് അമിതാഭ് ബച്ചന്‍. സുരീന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ‘സൈരാ നരസിംഹ റെഡ്ഡി’ നിര്‍മ്മിക്കുന്നത് രാം ചരണിന്റെ കൊനിടെല പ്രോഡക്ഷനാണ്. കിച്ചാ സുദീപ്, വിജയ് സേതുപതി, ജഗപതി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.സംഗീത സംവിധാനം എ.ആര്‍.റഹ്മാന്‍. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും എന്നറിയുന്നു.