നയൻതാര നായികയാകുന്ന പുതിയ തമിഴ് ചിത്രമാണ് ‘ഐറ’. ഹൊറർ പശ്ചാത്തലത്തിലുള്ള ‘ഐറ’യിൽ മലയാളി താരം കുളപ്പുള്ളി ലീലയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മുൻപ് വിശാലിനൊപ്പം ‘മരുത്’ എന്ന ചിത്രത്തിലൂടെ തമിഴിൽ തിളങ്ങിയ ലീല വീണ്ടും മറ്റൊരു സൂപ്പർതാരത്തിനൊപ്പം കോളിവുഡിൽ സ്ക്രീൻ പങ്കിടുന്നതിന്റെ സന്തോഷത്തിലാണ്. നയൻതാരയും ലീലയുമൊന്നിച്ചുള്ള, ചിത്രത്തിലെ ഒരു ലൊക്കേഷന്‍ സ്റ്റിൽ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
ഹൊറർ പശ്ചാത്തലത്തിലുള്ള,‘മായ’, ‘ഡോറ’ എന്നീ വൻ ഹിറ്റുകൾക്കു ശേഷം നയൻതാര നായികയാകുന്ന ഹൊറർ ചിത്രമെന്നത് ‘ഐറ’യുടെ പ്രതീക്ഷ ഇരട്ടിയാക്കുന്നു. ചിത്രത്തിന്റെ ട്രെയിലർ വന്‍ ഹിറ്റാണ്.
വേറിട്ട രണ്ടു ഗെറ്റപ്പുകളിൽ, ഡബിൾ റോളിലാണ് നയൻസ് ചിത്രത്തിൽ. ഭയം സമ്മാനിക്കുന്ന രംഗങ്ങള്‍ തന്നെയാണ് ട്രെയിലറിന്റെ പ്രത്യേകത.‘ലക്ഷ്മി’, ‘മാ’ തുടങ്ങിയ ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സര്‍ജുന്‍ കെ.എം സംവിധാനം ചെയ്ത ‘ഐറ’ കെ ജെ ആർ സ്റ്റുഡിയോസ് ആണ് നിർമ്മിച്ചിരിക്കുന്നത്.
യമുന എന്ന ജേർണലിസ്റ്റും ഭവാനി എന്ന നാട്ടിൻപ്പുറത്തുകാരിയായുമാണ് ചിത്രത്തിൽ നയൻതാരയുടെ കഥാപാത്രങ്ങൾ. യോഗിബാബു, ജയപ്രകാശ്, കലൈരസൻ എന്നിവരും ചിത്രത്തിലുണ്ട്. ഇന്ദ്രന്റെ വാഹനമായ ഐരാവതത്തിന്റെ ചുരുക്കമാണ് ഐര. നയൻതാരയുടെ കഥാപാത്രങ്ങളിലൊന്നും ആനയ്ക്ക് തുല്യമായ ഓർമ്മശക്തിയുള്ള ആളാണ്. അസാധാരണമായ ഒരു പ്രതികാരകഥയാണ് ‘ഐറ’. തെലുങ്കിലും തമിഴിലും റിലീസാകുന്ന ‘ഐറ’ മാർച്ച് 28 ന് തിയേറ്ററുകളിലെത്തും.