Friday 27 September 2019 04:13 PM IST

‘അതിന് നിന്നെ ആര്‍ക്കറിയാം, നീ പെണ്ണല്ലേ?’; വഴിത്തിരിവായത് മമ്മൂട്ടിയുടെ ആ ചോദ്യം!

Sujith P Nair

Sub Editor

nazeer-mammotty778

"മുപ്പതു വര്‍ഷമായി മിമിക്രി രംഗത്തുണ്ട്. തുടക്കത്തില്‍ കോട്ടയം നസീറും ഷാജോണും ഗിന്നസ് പക്രവും ജയസൂര്യയും ഒക്കെയായിരുന്നു കൂട്ട്. മിമിക്രിക്കാരുടെ മക്കയായി കൊച്ചി മാറിയെങ്കിലും ഞാന്‍ മാറിയില്ല. സംക്രാന്തിയില്‍ തന്നെ നിന്നു പരിപാടികള്‍ ചെയ്തു. കരിയറിന് അതു നഷ്ടമായിരുന്നെങ്കിലും സഹോദരന്‍മാര്‍ക്കും കുടുംബത്തിനുമൊപ്പം  കഴിയുന്നതിന്റെ ലാഭം വ്യക്തിപരമായി എന്റെ നേട്ടമാണ്." - നസീറിന്റെ വാക്കുകളില്‍ കുടുംബത്തോടുള്ള സ്‌നേഹം. 

മമ്മൂക്കയാണ് മനസില്‍ സിനിമാ മോഹത്തിന്റെ വിത്തുപാകിയത്. നാടൊട്ടുക്കും മൈ ട്രീ ചലഞ്ചുമായി മരം വയ്ക്കുന്നതു പോലൊരു പരിപാടി. പോത്തന്‍ വാവയുടെ ഷൂട്ടിങ് ആലപ്പുഴയില്‍ നടക്കുകയാണ്. ഞങ്ങള്‍ക്ക് റിഹേഴ്‌സലിനായി നല്‍കിയ ഹോട്ടലിലാണ് മമ്മൂക്ക താമസിക്കുന്നത്. ഷാജോണിനെ നേരത്തേ തന്നെ മമ്മൂക്കയ്ക്ക് പരിചയമുണ്ട്. അവന്റെ കൂടെയാണ് അദ്ദേഹത്തെ കാണാന്‍ പോയത്. സ്വയം പരിചയപ്പെടുത്തിയപ്പോള്‍ മമ്മൂക്കയുടെ ചോദ്യമെത്തി. 'ഒപ്പമുള്ളവര്‍ എല്ലാം സിനിമയില്‍ എത്തിയല്ലോ? നിനക്കും സിനിമയില്‍ അഭിനയിക്കേണ്ടേ..?' വേണം എന്ന് ഉത്തരം പറഞ്ഞപ്പോള്‍ ഉടന്‍ വന്നു അടുത്ത ചോദ്യം.

'അതിന് നിന്നെ ആര്‍ക്കറിയാം. നീ പെണ്ണല്ലേ? പെണ്‍വേഷം കെട്ടുന്നത് നിര്‍ത്തണം. ഇനി മേലാല്‍ അതുപോലുള്ള സ്‌കിറ്റുകള്‍ കളിക്കരുത്. അക്ഷരംപ്രതി അനുസരിക്കാന്‍ സാധിച്ചില്ലെങ്കിലും അതിനുശേഷം ഒഴിവാക്കാന്‍ പറ്റുന്ന പെണ്‍വേഷങ്ങൾ എല്ലാം ഒഴിവാക്കി. ഇപ്പോഴും മമ്മൂക്കയാണ് ഏറ്റവും കൂടുതല്‍ സഹായിക്കുന്നത്. അദ്ദേഹം ചെയര്‍മാനായിരിക്കുന്ന ചാനലില്‍ ഷോ ചെയ്യാന്‍ അവസരം നല്‍കി. സിനിമകളില്‍ റോളുകള്‍ ശിപാര്‍ശ ചെയ്തു വാങ്ങിത്തരും. അങ്ങനെയാണ് ഉട്ടോപ്യയിലെ രാജാവിലും മറ്റും പ്രാധാന്യമുള്ള റോളുകള്‍ കിട്ടിയത്. ഏറ്റവും ഒടുവില്‍ തോപ്പില്‍ ജോപ്പനില്‍ വരെ എനിക്ക് അവസരം വാങ്ങി നല്‍കിയത് മമ്മൂക്കയാണ്. 

സഹായിക്കുന്ന മറ്റൊരാള്‍ ദിലിപേട്ടനാണ്. അദ്ദേഹത്തിന്റെ സിനിമകളില്‍, കൊള്ളാമെങ്കില്‍ എന്തും ചെയ്യാന്‍ അനുവദിക്കും. അത്രയ്ക്ക് സ്വാതന്ത്ര്യവും പിന്തുണയുമാണ്. തലക്കനം തീരെയില്ലാത്ത നായകനാണ് ദിലീപേട്ടന്‍. നമ്മുടെ വിഷമങ്ങളും വേദനകളും കണ്ടറിഞ്ഞു സഹായിക്കും. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു വേണ്ടി ജീവന്‍ കൊടുക്കാനും നമ്മള്‍ ഒകെ ആണ്. 

വില്ലാളി വീരന്‍ എന്ന സിനിയുടെ ക്ലൈമാക്‌സ് സീന്‍ ചിത്രീകരണം നടക്കുകയാണ്. പലവട്ടം നീണ്ടു പോയ ക്ലൈമാക്‌സ് ചിത്രീകരണം ഒടുവിൽ പോണ്ടിച്ചേരിയില്‍ നിശ്ചയിച്ചു. സീനില്‍ ഞാനും വേണം. തലേന്നു രാത്രിയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളർ ഇക്കാര്യം വിളിച്ചു പറയുന്നത്. ഞാന്‍ സംക്രാന്തിയിലെ വീട്ടിലാണ്. ട്രെയിന്‍ അന്വേഷിച്ചപ്പോള്‍ ആ സമയത്തില്ല. ബസ് കയറി ചെന്നാല്‍ വൈകും. ടാക്‌സി പിടിക്കാന്‍ വകുപ്പുമില്ല. സംക്രാന്തിയിലുള്ള കൂട്ടുകാരന് ‘വെള്ളിമൂങ്ങ’ (ടാക്സി ഓട്ടോ) ഉണ്ട്. അതിന് സംസ്ഥാനന്തര പെര്‍മിറ്റുണ്ട്. അവനാണെങ്കില്‍ സിനിമ വലിയ താല്‍പ്പര്യവുമാണ്. പിന്നെ വൈകിയില്ല. ഞങ്ങള്‍ രണ്ടു പേരും കൂടി പുറപ്പെട്ടു. പുലര്‍ച്ചെ മുന്നു മണിക്ക് പോണ്ടിച്ചേരിയില്‍ എത്തി. വിവരം അറിഞ്ഞ് ദിലീപേട്ടന്‍ എത്തി അഭിനന്ദിച്ചു. ചിത്രത്തിന്റെ പ്രമോഷനും മറ്റും ഈ 'വെള്ളിമൂങ്ങ'ക്കഥ ഹിറ്റായി ഓടി.

Tags:
  • Celebrity Interview
  • Movies