Tuesday 18 December 2018 10:48 AM IST : By സ്വന്തം ലേഖകൻ

നസ്രിയ അജിത്തിനൊപ്പം തമിഴിൽ ? ആകാംക്ഷയോടെ ആരാധകർ

ajith-new

തല അജിത് കുമാറിനൊപ്പം നസ്രിയ വീണ്ടും തമിഴിലേക്കെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം, ‘പിങ്ക്’ എന്ന ബോളിവുഡ് ഹിറ്റിന്റെ റീമേക്കാണ്.

മലയാളത്തിനൊപ്പം തമിഴിലും വലിയ ആരാധക പിന്തുണ നേടിയ താരമാണ് നസ്രിയ നസീം. തമിഴ് സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ‘ഉടന്‍ തന്നെ ഒരു നല്ല വാര്‍ത്ത വരുന്നുണ്ട്’ എന്ന് കഴിഞ്ഞ ഒക്ടോബറില്‍ അവർ ട്വീറ്റ് ചെയ്തിരുന്നു. എല്ലാം ചേർത്തു വായിക്കുമ്പോൾ പിങ്കിൽ തപ്സി പന്നു അവതരിപ്പിച്ച വേഷത്തിൽ തമിഴിൽ നസ്രിയയെ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നിന്ന നസ്രിയ, അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ‘കൂടെ’ യിലൂടെ തിരിച്ചു വരവ് ഗംഭീരമാക്കി. പിങ്കില്‍ അമിതാഭ് ബച്ചന്‍ ചെയ്ത വേഷമാണ് തമിഴിൽ അജിത്തിന്.

‘നേരം’, ‘രാജാ റാണി’, ‘നെയ്യാണ്ടി’, ‘വായ് മൂടി പേസവും’ തുടങ്ങി ചുരുക്കം ചിത്രങ്ങള്‍ കൊണ്ട് തമിഴ് പ്രേക്ഷകരുടെ ഇഷ്ടം നേടിയ നസ്രിയയുടെ അവസാന തമിഴ് ചിത്രം 2014 ല്‍ പുറത്തിറങ്ങിയ ‘തിരുമണം എന്ന നിക്കാഹ്’ ആയിരുന്നു.

പിങ്ക് തമിഴിലൊരുങ്ങുമ്പോള്‍ ബോണി കപൂറാണ് നിർമ്മാതാവ്. അന്തരിച്ച നടി ശ്രീദേവിക്ക് നല്‍കിയ വാക്ക് പാലിക്കുകയാണ് അജിത് ഈ ചിത്രത്തിലൂടെയെന്നും വാർത്തകളുണ്ട്.