Tuesday 12 June 2018 02:00 PM IST : By സ്വന്തം ലേഖകൻ

‘അവള്‍ മാറി നിന്നത് എനിക്കു വേണ്ടി, ഞാനും എനിക്കുള്ളതും നിന്റേത്, ലവ് യു നസ്രിയ’: ഫഹദ്

fahad-nas

അഞ്ജലി മേനോൻ ചിത്രം ‘കൂടെയ്ക്കായുള്ള’ പ്രേക്ഷകരുടെ കാത്തിരിപ്പിന്റെ വേഗം കൂടുകയാണ്. പൃഥ്വിരാജ്, പാർവ്വതി നസ്രിയ നസീം തുടങ്ങിയ യുവതാരങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രം മറ്റൊരു സൂപ്പർഹിറ്റ് ആയിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

സ്നേഹ സൗഹൃദങ്ങളുടെ കഥ പറയുന്ന ചിത്രത്തിനു വേണ്ടി കാത്തിരിക്കാൻ കാരണങ്ങൾ ഏറെയുണ്ട്. വിവാഹത്തോടെ അഭിനയ ജീവിതത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്ന നസ്രിയ നസീമിന്റെ തിരിച്ചു വരവ് ചിത്രമെന്നതാണ് അതിൽ പ്രധാനം.

നസ്രിയയുടെ മടങ്ങി വരവ് സന്തോഷം നൽകുന്നത് പ്രേക്ഷകർക്കു മാത്രമല്ല. നസ്രിയയുടെ നല്ലപാതിയായ ഫഹദും പ്രിയതമയെ വീണ്ടു സ്ക്രീനിൽ കാണുന്നതിന്റെ ത്രില്ലിലാണ്. ആ സന്തോഷം ഫഹദ് പ്രേക്ഷകരുമായി പങ്കുവയ്ക്കുകയും ചെയ്തു.

‘നാല് വര്‍ഷത്തിനു ശേഷം നസ്രിയ സ്‌ക്രീനിലേക്ക് മടങ്ങി വരുന്നു എന്നതാണ് എന്റെ സന്തോഷത്തിന് കാരണം. കാരണം ആ നാല് വര്‍ഷം അവള്‍ സിനിമയില്‍ നിന്ന് വിട്ടുനിന്നത് ഞങ്ങളുടെ നല്ല കുടുംബ ജീവിതത്തിന് വേണ്ടിയായിരുന്നു. ഐ ലവ് യു നസ്രിയ, ഞാനും എനിക്കുള്ളതെല്ലാം നിന്റേതാണ്.’–ഫഹദ് കുറിക്കുന്നു.

‘ഇതൊരു മികച്ച സിനിമ മാത്രമല്ല ഇതിലെ താരങ്ങളും സാങ്കേതികപ്രവർത്തകരും മികച്ചതാണ്. അഞ്ജലിക്കും രാജുവിനും പാറുവിനും പിന്നെ എന്റെ സ്വന്തം നസ്രിയയ്ക്കും എല്ലാം ആശംസകളും.’–ഫഹദിന്റെ കുറിപ്പ് അങ്ങനെ പോകുന്നു.

പൃഥ്വിരാജ്, നസ്രിയ, പാര്‍വതി എന്നിവരുടെ കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് കൂടെ എന്ന ചിത്രം പറയുന്നതെന്ന് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അഞ്ജലി പറയുന്നു.

അതുല്‍ കുല്‍ക്കര്‍ണിയും നിര്‍ണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍ എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയായിട്ടാണ് നസ്രിയ എത്തുന്നത്.സംവിധായകന്‍ രഞ്ജിത്ത് പൃഥ്വിരാജിന്റെ അച്ഛനായി എത്തുന്നു.

എം. രഞ്ജിത്ത് ആണ് ചിത്രം നിർമ്മിക്കുന്നത്. എം. ജയചന്ദ്രന്‍, രഘു ദിക്ഷിത് എന്നിവരാണ് സിനിമയ്ക്ക് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രം ജൂലൈ ആറിന് തീയറ്ററുകളിലെത്തും.