Wednesday 13 June 2018 12:19 PM IST : By സ്വന്തം ലേഖകൻ

‘നന്ദി ഫഹദ്! നസ്രിയയുടെ സ്വപ്നങ്ങളെ ചേർത്തു പിടിച്ചതിന്’

naz

അഞ്ജലി മേനോൻ ചിത്രം ‘കൂടെയെ’ ഏറ്റവും കൂടുതൽ ഹൃദ്യമാക്കുന്ന ഘടകം എന്താണെന്നു ചോദിച്ചാൽ അതിന്റെ ആദ്യത്തെ ഉത്തരം നസ്രിയ നസീമിന്റെ തിരിച്ചു വരവ് എന്നതു തന്നെയായിരുക്കും. മലയാളത്തിന്റെ ക്യൂട്ട് നായിക വിവാഹ ശേഷം വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുന്ന മുഹൂർത്തത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷക ലോകം.

ഇപ്പോഴിതാ നസ്രിയയുടെ തിരിച്ചു വരവിന്റെ ക്രെഡിറ്റ് ഭർത്താവും നടനുമായ ഫഹദ് ഫാസിലിന് നൽകുകയാണ് സംവിധായിക അ‍ഞ്ജലി മേനോൻ. നസ്രിയയെ സിനിമയിലേക്ക് വീണ്ടും ൈകപിടിച്ചു നടത്തിയ ഫഹദിനെ മനസു നിറഞ്ഞ് അഭിനന്ദിക്കുകയാണ് അഞ്ജലി.

നസ്രിയയ്ക്കായി ഫഹദ് ഫെയ്സ്ബുക്കിൽ കുറിച്ച പോസ്റ്റ് ഒരുപാട് ഇഷ്ടമായെന്ന് തുറന്നു പറഞ്ഞ സംവിധായിക ബാംഗ്ലൂർ ഡെയ്സിന്റെ ചിത്രീകരണ സമയത്തുണ്ടായ ഒരു സംഭവവും പങ്കു വച്ചു.

അഞ്ജലി മേനോന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

'ബാംഗ്ലൂർ ഡെയ്സ് ഷൂട്ടിംഗിന്റെ അവസാനദിവസം എല്ലാവരും പിരിയുന്നതിന്റെ സങ്കടത്തിലായിരുന്നു. അത് മാറ്റാൻ ഷൂട്ടിംഗ് കഴിഞ്ഞ് ഫഹദ്, നസ്രിയ, ദുൽഖർ, അമൽ, നിവിൻ, റിന്ന, നിവിന്റെ മകൻ, ഞാൻ എല്ലാവരും ചേർന്ന് ഡിന്നറിന് പോയി. വരാനിരിക്കുന്ന ഫഹദ്–നസ്രിയ വിവാഹമായിരുന്നു ഞങ്ങളുടെ പ്രധാന ചർച്ചാ വിഷയം. വിവാഹത്തോടെ നസ്രിയ അഭിനയം നിർത്തുമെന്ന സ്ഥിരം ഊഹാപോഹങ്ങളിലേക്ക് ചർച്ച എത്തി. ഇത് കേട്ട് അസ്വസ്ഥനായ ഫഹദ് പറഞ്ഞു, അഞ്ജലി, നിങ്ങളുടെ അടുത്ത സിനിമയിൽ നസ്രിയയെ കാസ്റ്റ് ചെയ്യണം. അവൾ അഭിനയിക്കുന്നത് എനിക്കിഷ്ടമല്ലെന്ന് മറ്റുള്ളവർ എന്തിന് വെറുതെ ചിന്തിക്കണം!'

'ഫഹദിന്റെ വാക്കുകൾ എന്നെ സന്തോഷിപ്പിച്ചു. നാല് വർഷങ്ങൾക്ക് ശേഷം നസ്രിയ ശരിയ്ക്കും എന്റെ പുതിയ ചിത്രത്തിന്റെ ഭാഗമാകുകയും നസ്രിയ അഭിനയിക്കുന്നത് കാണാൻ ഫഹദ് സെറ്റിൽ വരികയും ചെയ്തപ്പോൾ എനിക്ക് അതിയായ സന്തോഷം തോന്നി. സെറ്റുകളിൽ എപ്പോഴും ഞാൻ തിരക്കുകളിലായിരുന്നതിനാൽ ഫഹദുമായി സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ, ഒരു കാര്യം ഞാൻ പറയാൻ ആഗ്രഹിക്കുന്നു... ഫഹദ്... അവളുടെ ചിറകുകൾക്കടിയിലെ കാറ്റായി കൂടെയുള്ളത് തീർച്ചയായും മഹത്തായ കാര്യമാണ്. ആശംസകൾക്ക് നന്ദി. നസ്രിയ–ഫഹദ് ... സന്തോഷമായിരിക്കൂ!'

നസ്രിയയുടെ തിരിച്ചു വരവിലുള്ള സന്തോഷം പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസമാണ് ഫഹദ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തത്.

‘നാല് വര്‍ഷത്തിനു ശേഷം നസ്രിയ സ്‌ക്രീനിലേക്ക് മടങ്ങി വരുന്നു എന്നതാണ് എന്റെ സന്തോഷത്തിന് കാരണം. കാരണം ആ നാല് വര്‍ഷം അവള്‍ സിനിമയില്‍ നിന്ന് വിട്ടുനിന്നത് ഞങ്ങളുടെ നല്ല കുടുംബ ജീവിതത്തിന് വേണ്ടിയായിരുന്നു. ഐ ലവ് യു നസ്രിയ, ഞാനും എനിക്കുള്ളതെല്ലാം നിന്റേതാണ്.’–എന്നിങ്ങനെ പോകുന്നു ഫഹദിന്റെ വാക്കുകൾ.