Monday 11 October 2021 02:51 PM IST : By സ്വന്തം ലേഖകൻ

കമൽ ഹാസനെയാണു പ്രധാന റോളിനു കണ്ടുവച്ചിരുന്നത്, ആ വേഷം വേണുവിനു ചെയ്യാമോ... ? ഇഷ്ടജോലി ഉപേക്ഷിച്ച് സിനിമയിലേക്ക്

nedumudi-venu-new

കാവാലം നാരായണപ്പണിക്കരുടെ നാടക സംഘവും പത്രപ്രവർത്തനവുമാണ് നെടുമുടി വേണുവിനെ സിനിമയിലേക്ക് എത്തിച്ചത്. നാടകാഭിനയത്തിൽ ഹരം കയറിയ അദ്ദേഹത്തിന് സിനിമയോട് ആദ്യകാലത്ത് വലിയ ഭ്രമമുണ്ടായിരുന്നില്ല. സുഹൃത്തുക്കളുടെ സ്നേഹനിർബന്ധങ്ങളെത്തുടർന്നായിരുന്നു സിനിമാഭിനയത്തിലേക്കെത്തിയതും സജീവമായതും. സിനിമയിൽ തിരക്കേറും വരെ അദ്ദേഹം പത്രപ്രവർത്തനം ഉപേക്ഷിച്ചിരുന്നില്ല.

ആദ്യകാലത്ത്, പ്രശസ്ത സംവിധായകൻ ഫാസിലായിരുന്നു കലാപ്രവർത്തനങ്ങളിൽ നെടുമുടിയുടെ പങ്കാളി. ഇരുവരും ഒന്നിച്ച് പഠിച്ചവരാണ്. കോളജ് വിദ്യാഭ്യാസം കഴിഞ്ഞും ഇരുവരും അതു തുടർന്നു. രണ്ടാളും ചേർന്ന് എഴുതി അവതരിപ്പിച്ച ഒരു നാടകം കണ്ട് ഇഷ്ടപ്പെട്ട കാവാലം നാരായണപ്പണിക്കർ നേരിട്ടു കാണാൻ വിളിപ്പിച്ചതാണ് പാരലൽ കോളജ് അധ്യാപകനായി പ്രവർത്തിക്കുകയായിരുന്ന നെടുമുടിയുടെ വഴിതിരിച്ചത്.

നെടുമുടി അഭിനയിച്ച കാവാലത്തിന്റെ ആദ്യ നാടകം ‘എനിക്കു ശേഷം’ ആയിരുന്നു. അതു കഴിഞ്ഞ് ‘ദൈവത്താർ’. അതിനിടെ ആലപ്പുഴ ജവാഹർ ബാലഭവനിൽ കുട്ടികളെ നാടകം പഠിപ്പിക്കുന്ന ജോലിയും നെടുമുടിക്കു കിട്ടി. ‘അവനവൻ കടമ്പ’ നാടകം ചെയ്യുമ്പോൾ കാവാലത്തിന്റെ ‘സോപാനം’ നാടകസംഘം തിരുവനന്തപുരത്തേക്കു മാറ്റി. വേണുവിനെയും ഒപ്പം കൂട്ടി.

‘സോപാന’ത്തിൽ മിക്കവർക്കും നാടകത്തിനപ്പുറം മറ്റെന്തെങ്കിലും വരുമാനമുണ്ട്. വെണു മാത്രമാണ് തൊഴിൽ രഹിതൻ. അങ്ങനെയാണു കാവാലവും അരവിന്ദനും അദ്ദേഹത്തിനു ‘കലാകൗമുദി’യിൽ ജോലി വാങ്ങിക്കൊടുക്കുന്നത്.

ഇതിനെക്കുറിച്ച് ‘തൊഴിൽ വീഥി’യിൽ അദ്ദേഹം മുൻപ് എഴുതിയിട്ടുണ്ട്.

‘‘നാടകം വല്ലപ്പോഴുമല്ലേയുള്ളൂ? ബാക്കി കാലത്തൊക്കെ ‘കലാകൗമുദി’യിലേക്കും ‘ഫിലിം മാഗസിനി’ലേക്കും ഫീച്ചറുകൾ തേടി അലയാൻ തുടങ്ങി. പരമ്പരാഗത കലാകാരൻമാർ, നാടകകൃത്തുക്കൾ, സിനിമാപ്രവർത്തകർ, പിന്നണിക്കാർ, ജൂനിയർ ആർട്ടിസ്റ്റുകൾ, കട്ടൗട്ട് വരയ്ക്കുന്നവർ എന്നുതുടങ്ങി പാമ്പിനെയും തത്തയെയും വാടകയ്ക്കു കൊടുക്കുന്നവരെക്കുറിച്ചു വരെ ഞാൻ എഴുതി.

പ്രേംനസീർ മുതൽ പ്രശസ്തരായ പലരുമായും അടുക്കാൻ പത്രപ്രവർത്തനം തുണച്ചു. ഭരതനുമായി വലിയ കൂട്ടാവുന്നതും അങ്ങനെയാണ്. ‘പ്രയാണം’ എന്ന ആദ്യ സിനിമ മാത്രമേ അന്നു ഭരതൻ സംവിധാനം ചെയ്തിട്ടുള്ളൂ. ഞാനൊരു നടനാണെന്നൊന്നും അദ്ദേഹത്തിന് അറിയില്ല. പിന്നീടു പത്മരാജനാണ് എന്റെ അഭിനയതാൽപര്യം ഭരതനോടു പറഞ്ഞത്.

ജോലി കഴിഞ്ഞാൽ പല ദിവസങ്ങളിലും ഭരതന്റെ മുറിയിൽ ചെന്നു സംസാരിച്ചിരിക്കും. അതിനിടയിലൊരിക്കൽ, ‘ആരവം’ എന്നൊരു സിനിമയെടുക്കുന്ന കാര്യം അദ്ദേഹം പറഞ്ഞു. കമൽ ഹാസനെയാണു പ്രധാന റോളിനു കണ്ടുവച്ചിരുന്നത്. പിന്നെ കുറേക്കാലം കഴിഞ്ഞ് അദ്ദേഹം ചോദിച്ചു: ‘ആ വേഷം വേണുവിനു ചെയ്യാമോ?’

എനിക്കു വലിയ ആവേശമൊന്നും തോന്നിയില്ല. സിനിമാഭിനയം എനിക്കന്ന് ഭ്രമമുള്ള കാര്യമേ ആയിരുന്നില്ല. ഇഷ്ടമുള്ള നാടകലോകം കൂടെയുണ്ട്. വരുമാനത്തിനു പത്രപ്രവർത്തനവുമുണ്ട്. പക്ഷേ, ‘തമ്പി’ലെ പ്രധാന കഥാപാത്രത്തിനുവേണ്ടി അരവിന്ദൻ എന്നെ പിടികൂടി. അതും കഴിഞ്ഞാണ് ‘ആരവം’ വരുന്നത്.

എന്നിട്ടും സിനിമയാണെന്റെ ലോകമെന്നു ഞാൻ ചിന്തിച്ചതേയില്ല. അങ്ങനെ തോന്നാൻ പത്തുപതിനഞ്ചു സിനിമ കഴിയേണ്ടിവന്നു. ‘തകര’ കഴിഞ്ഞും ഞാൻ പത്രപ്രവർത്തനം തുടർന്നിരുന്നു. സിനിമയിലെ തിരക്കു കൂടിയപ്പോൾ ആറു വർഷത്തിനുശേഷം ആ ഇഷ്ടജോലി ഉപേക്ഷിച്ചു’’.– നെടുമുടി വേണു എഴുതി.