Friday 28 January 2022 04:37 PM IST

കല്യാണത്തിന് കരുതി വച്ചിരിക്കുന്ന സ്വർണം അവളിടുമോ എന്ന കൺഫ്യൂഷനിലാണ് ഞാൻ; മകളുടെ വിവാഹ സ്വപ്നങ്ങളിൽ നീന

Roopa Thayabji

Sub Editor

nk

(വനിത 2019ൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ)

അരക്കയ്യൻ ടോപ്പും മുട്ടുവരെയുള്ള പാവാടയുമിട്ട് ശാഠ്യക്കാരിയായി നീനാ കുറുപ്പ് സിനിമയിലേക്ക് കയറിവന്നത് വർഷങ്ങൾക്കു മുൻപാണ്. കുസൃതിക്കാരിയാണെങ്കിലും ‘ശ്രീധരന്റെ ഒന്നാം തിരുമുറിവി’ ലെ അശ്വതിയെ മലയാളി ഇരുകയ്യും നീട്ടി സ്വീകരിച്ചു. അതേ ചുറുചുറുക്കു തന്നെയാണ് നീനാ കുറുപ്പിന് ഇപ്പോഴും. സിനിമയിലെത്തിയിട്ട് 32 വർഷമായെന്നോ, ഇരുപതുവയസ്സുള്ള പവിത്രയുടെ അമ്മയാണെന്നോ കണ്ടാൽ തോന്നുകയേയില്ല.

‘വനിത’ വിവാഹ സ്പെഷലിന്റെ കവർ ഫോട്ടോഷൂട്ടിന് വിവാഹവേഷത്തിലെത്തിയ പവിത്രയെ കണ്ട് നീനയുടെ കൺകോണിൽ ഒരു മുത്തുമണിച്ചിരി വിടർന്നു. ഒരുങ്ങിനിന്ന പവിത്രയെ ചേർത്തുപിടിച്ച് നീന പറഞ്ഞതിങ്ങനെ, ‘‘ക്രിസ്ത്യൻ കല്യാണം കാണുമ്പോൾ പ്രാർഥിക്കും, പവിത്ര ഒരു ക്രിസ്ത്യാനിയെ കല്യാണം കഴിച്ചെങ്കിലെന്ന്. നോർത്ത് ഇന്ത്യൻ കല്യാണം കാണുമ്പോൾ തോന്നും വരൻ നോർത്ത് ഇന്ത്യൻ മതിയെന്ന്. ഹിന്ദു കല്യാണം കൂടുമ്പോൾ ഓർക്കും ഇതല്ലേ കൂടുതൽ നല്ലതെന്ന്. വിവാഹത്തലേന്നും വിവാഹത്തിനും റിസപ്ഷനുമായി ഈ ഡ്രസ്സുകളെല്ലാം പരീക്ഷിക്കാം എന്നു തീരുമാനിച്ചാണ് ആ കൺഫ്യൂഷൻ തീർത്തത്...’’

മോളുടെ കല്യാണത്തെ കുറിച്ച് സ്വപ്നം കാണാൻ തുടങ്ങിയല്ലേ ?

23 വയസ്സുവരെ പ്രണയത്തിൽ പെടരുതെന്ന് ക ർശനമായി പറഞ്ഞിട്ടുണ്ട്. ജീവിതത്തിൽ ഇനിയുള്ള കാലം കൂടെയുണ്ടാകേണ്ടയാളെ അത്ര നിസാരമായി തീരുമാനിക്കാൻ പറ്റില്ലല്ലോ. ജാതിയും മതവുമൊന്നും നോക്കാതെ, നല്ലൊരാളെ മോൾ കല്യാണം കഴിക്കണമെന്നേ ആഗ്രഹമുള്ളൂ. വിവാഹം വേണ്ട എന്നാണ് തീരുമാനമെങ്കിൽ അതിനെയും സപ്പോർട്ട് ചെയ്യും.

പവിത്ര: വിവാഹ സങ്കൽപങ്ങൾ മാത്രമല്ല, ഭാവിയെ കുറിച്ചുള്ള തീരുമാനങ്ങളും അമ്മയെ ഏൽപിച്ചിരിക്കുകയാണ്. നന്നായി ആലോചിച്ച്, ഏറ്റവും നല്ലയാളിനെയേ അമ്മ എനിക്കായി തിരഞ്ഞെടുക്കൂ എന്നുറപ്പാണ്.

മോൾക്കായി സ്വർണമൊക്കെ കരുതിയിട്ടുണ്ടോ ?

എന്റെ ചേച്ചിയുടെ മോൻ കുട്ടിക്കാലത്ത് ഭയങ്കര വികൃതിയായിരുന്നു. അതുകൊണ്ടാകും ജനിക്കുന്നത് ആൺകുട്ടി ആകല്ലേ എന്നു ഞാൻ പ്രാർഥിച്ചത്. മോളെ കുഞ്ഞുന്നാൾ തൊട്ടേ ഒരുക്കി കൊണ്ടുനടക്കാൻ എനിക്ക് ഇഷ്ടമാണ്. പക്ഷേ, അതൊന്നും അവൾക്ക് ഇഷ്ടമല്ല. ചെറിയ പെൺകുട്ടികൾ ചെയ്യുന്ന പോലെ ഷോൾ കൊണ്ട് സാരി ചുറ്റുക, നീട്ടിയിട്ട് പൂവ് ചൂടി നടക്കുക, കണ്ണാടിയുടെ മുന്നിൽ നിന്ന് മേക്കപ് ചെയ്യുക തുടങ്ങിവയൊന്നും അവൾക്കില്ലായിരുന്നു. അതുകൊണ്ടുതന്നെ കരുതി വച്ചിരിക്കുന്ന ആഭരണങ്ങളെല്ലാം അവൾ ഇടുമോ എ ന്നും അറിയില്ല.

nk-1

അമ്മയുടെ കയ്യിലുള്ള സ്വർണം ഞങ്ങൾ നാലു പെ ൺമക്കൾക്കും കൂടി വീതിച്ചപ്പോൾ എനിക്കു കിട്ടിയതൊക്കെ പവിത്രയ്ക്കു വേണ്ടി വച്ചിട്ടുണ്ട്. പാലയ്ക്കാ മാല, മണിമാല, ലക്ഷ്മി മാല, കടകം, വലിയ ലോക്കറ്റുകൾ തുടങ്ങിയവയൊക്കെ ആ കൂട്ടത്തിലുണ്ട്. ഇടയ്ക്ക് കുറച്ചുകാലം എനിക്ക് ഡയമണ്ട്സിനോട് ക്രേസ് ഉണ്ടായിരുന്നു. അന്നു പവിത്രയ്ക്കു വേണ്ടി ഡയമണ്ട് ആഭരണങ്ങളും വാങ്ങി വച്ചിട്ടുണ്ട്.

നാലു പെൺമക്കളിലെ ഇളയയാളാണ് നീന ?

അമ്മ രാധാ പത്മത്തിന്റെയും അച്ഛൻ വിക്ടർ വി. ദാമോദറിന്റെയും അഞ്ചുമക്കളിൽ നാലാമതാണ് ഞാൻ, പെൺമക്കളിലെ ഏറ്റവും ഇളയവൾ, എനിക്കിളയതാണ് അജയ്. ചേച്ചിമാരുടെ പേര് ഗീത, ആശ, ഉജ്വല. അച്ഛന്റെ പേരു കേൾക്കുമ്പോൾ പലർക്കും സംശയമാണ് ക്രിസ്ത്യാനിയാണോ എന്ന്. അച്ഛന്റെ അച്ഛൻ ബ്രിട്ടീഷ് സർക്കാരിന്റെ കീഴിൽ കെനിയയിലുള്ള ആശുപത്രിയിൽ ഡോക്ടറായിരുന്നു. അച്ഛൻ ജനിച്ചതും പഠിച്ചതുമൊക്കെ അവിടെയാണ്. സ്കൂളിൽ ചേർക്കുന്ന സമയത്ത് ‘വിജയ്’ എന്ന അച്ഛന്റെ പേര് അവിടത്തുകാർക്ക് വിളിക്കാൻ എളുപ്പത്തിനു വേണ്ടി വിക്ടർ എന്നാക്കിയതാണ്. ഞ ങ്ങളൊക്കെ ജനിച്ചതും വളർന്നതും കോഴിക്കോടാണ്.

കോളജ് കാലത്തെ കല്യാണ സ്വപ്നം ?

ഭാവിഭർത്താവിനെ കുറിച്ച് വ്യക്തമായ സങ്കൽപം പോലും അന്ന് ഇല്ലായിരുന്നു. ആഘോഷമായി കല്യാണം നടത്തുന്നതിനെ കുറിച്ചും ചിന്തിച്ചിട്ടേയില്ല. പ്രണയാഭ്യർഥനകളുമായി പയ്യന്മാർ പിന്നാലെ നടക്കുമ്പോൾ ഒന്നിലും പിടികൊടുക്കാതെ നടക്കുന്നതായിരുന്നു അന്നത്തെ പ്രധാന സന്തോഷം.

ആശ ചേച്ചിയുടെ വിവാഹമാണ് വീട്ടിൽ ആദ്യം നടന്നത്. അന്നു ഞാൻ പത്താംക്ലാസിലാണ്. മൂല്ലപ്പൂമാല ചൂടി നടന്നതു മാത്രമാണ് ആകെയുള്ള ഓർമ. ഗീത ചേച്ചിയുടെ കല്യാണത്തിന് ഗുരുവായൂരമ്പലത്തിലേക്ക് കൂട്ടുകാരിയായ ബ്രെറ്റലിനെ ‘ഗായത്രി’ എന്നു ഞങ്ങൾ തന്നെ പേരുമാറ്റിയാണ് കൊണ്ടുപോയത്. ആയിടെ പ്രോവിഡൻസ് കോളജിൽ കൂടെ പഠിച്ച ഒരു മുസ്‌ലിം കുട്ടിയുടെ വിവാഹം നടന്നു. കല്യാണം കഴിഞ്ഞ് ക്ലാസിൽ വന്ന ദിവസം ഞങ്ങളെല്ലാം അവളുടെ ചുറ്റുംകൂടി. ആദ്യരാത്രിയെ കുറിച്ച് അറിയുകയായിരുന്നു ഉദ്ദേശം. പക്ഷേ, നാണിച്ചു ചുവന്നുപോയ അവൾ ഒന്നും പറഞ്ഞേയില്ല.

1998ലായിരുന്നു സുനിലുമായുള്ള (കണ്ണൻ) എന്റെ വിവാഹം. കൊടുങ്ങല്ലൂർ അമ്പലത്തിലായിരുന്നു താലികെട്ട്, പിന്നീട് കൊച്ചിയിൽ റിസപ്ഷനും നടത്തി. സീഫുഡ് എക്സ്പോർട്ടിങ് ബിസിനസാണ് കണ്ണന്.

അപ്പോഴേക്കും സിനിമയിൽ സജീവമായിരുന്നു ?

nk-2

‘ശ്രീധരന്റെ തിരുമുറിവി’ന് മുൻപ് രണ്ടുവട്ടം സിനിമാ ക്യാമറയുടെ മുന്നിൽ ഞാൻ നിന്നിട്ടുണ്ട്. ‘ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റി’ന്റെ ഷൂട്ടിങ് നടക്കുമ്പോൾ ഞങ്ങളെല്ലാം കൂടി ലാലേട്ടനെ കാണാൻ പോയി. അന്ന് ഒരു ഷോട്ടിൽ അഭിനയിക്കാൻ ചാൻസ് കിട്ടി. ആ ഓർമയിലാണ് സത്യേട്ടൻ (സത്യൻ അന്തിക്കാട്) ‘തിരുമുറിവി’ലേക്ക് വിളിച്ചത്. അതിനും മുൻപ് ‘കാറ്റത്തെ കിളിക്കൂടി’ലും ചെറിയ വേഷം ചെയ്തിരുന്നു.

സിനിമയുടെ സീരിയസ്നെസ് ഒന്നും ഇല്ലാതെയാണ് ‘തിരുമുറിവി’ന്റെ ലൊക്കേഷനിൽ ചെന്നത്. ആരോ കൊണ്ടുവന്ന സൈക്കിളിൽ കറങ്ങിനടക്കുന്നതായിരുന്നു പ്രധാന ഹോബി. മിക്ക സീനും ഒന്നോ രണ്ടോ ടേക്കിൽ ഓക്കെയായി. പക്ഷേ, ഒരെണ്ണം കുഴപ്പിച്ചു. ഞാൻ അമേരിക്കയിൽ നിന്നു വന്നതാണെന്നറിഞ്ഞ് പ്രലോഭിപ്പിക്കാനായി ശ്രീനിയേട്ടന്റെ, ‘എന്റെ സഹോദരി ജിജിയെ കൊന്ന ഇന്ത്യയെ എനിക്ക് വെറുപ്പാണ്. വല്ല അമേരിക്കയിലോ മറ്റോ പോയാലോ എന്നാണ് ആലോചന...’ എന്ന ഡയലോഗുണ്ട്. അപ്പോൾ ദേഷ്യത്തോടെ നോക്കേണ്ടതിനു പകരം ഞാൻ ഓരോ വട്ടവും പൊട്ടിച്ചിരിക്കും. 20 ടേക്കെടുത്തിട്ടും ശരിയാകാതെ സത്യേട്ടൻ ബ്രേക് പറഞ്ഞു. ബ്രേക്കിനിടെ അസോസിയേറ്റ് എന്നെ വിരട്ടി, ഇനി തെറ്റിച്ചാൽ സത്യേട്ടന്റെ ചീത്ത കേൾക്കും, ഉറപ്പ്. അടുത്ത ടേക്കിൽ ഓക്കെ ആയെങ്കിലും ഇപ്പോഴും സിനിമയിലെ ആ ഡയലോഗ് കേട്ടാൽ ഞാൻ ചിരിക്കും. ഇതിനിടെ മനോരമയുടെ വാർഷികപ്പതിപ്പിൽ ആദ്യമായി എന്റെ മുഖചിത്രം അച്ചടിച്ചു വന്നു, നിധി പോലെ അത് സൂക്ഷിച്ചു വച്ചിട്ടുണ്ട്.

കല്യാണം തീരുമാനിച്ച ശേഷമാണ് ‘പഞ്ചാബിഹൗസി’ൽ അഭിനയിച്ചത്. സിനിമ റിലീസായപ്പോൾ കണ്ണനും കുടുംബവും ഞാനുമൊക്കെ ആഘോഷമായാണ് സിനിമ കണ്ടത്. ഭർത്താവിന്റെ വീട്ടിൽ നിന്ന് ഒന്നര കിലോമീറ്ററേയുള്ളൂ ഞങ്ങളുടെ വീട്ടിലേക്ക്. ഗർഭിണിയായിരുന്ന സമയത്ത് കണ്ണനോട് വഴക്കിട്ടാണ് ‘മേഘം’ കാണാൻ പോയത്. രണ്ടാഴ്ച കൂടി കഴിഞ്ഞേ പ്രസവമുണ്ടാകൂ എന്നു ഡോക്ടർ ഉറപ്പുപറഞ്ഞ ദിവസമാണ് സിനിമയ്ക്ക് പോയത്. പിറ്റേന്നു രാവിലെ പവിത്രയെ പ്രസവിച്ചു. അപ്പോഴത്തെ എന്റെ ആശ്വാസം തിയറ്ററിൽ പോയി സിനിമ കാണാൻ പറ്റിയല്ലോ എന്നായിരുന്നു.

സജീവമായ കാലത്തേക്കാൾ കൂടുതൽ ബ്രേക്കുകൾ ?

100 ലധികം സീരിയലുകൾ ചെയ്തു. ദൂരദർശൻ കാലത്ത് വ ളരെ സജീവമായിരുന്നു. വിവാഹത്തോടെ ബ്രേക്കെടുത്തിട്ട് മോൾക്ക് മൂന്നു വയസ്സുള്ളപ്പോഴാണ് ക്യാമറയ്ക്ക് മുന്നിൽ വ രുന്നത്. ടിവി ഷോയുടെ ആങ്കറിങ് ആയിരുന്നു അത്. പിന്നീട് ‘രസികൻ’ ചെയ്തു. ‘പാണ്ടിപ്പട’യുടെ പൊള്ളാച്ചിയിലെ ലൊക്കേഷനിലേക്ക് ഏഴുവയസ്സുള്ള പവിത്രയെയും കൊണ്ടാണ് പോയത്. പ്രകാശ് രാജിന്റെ കൂടെ കാരവനിലിരുന്ന് ചലപിലാ വർത്തമാനം പറയുന്നതായിരുന്നു അവളുടെ ജോലി.

അഭിനയം പ്രഫഷനാക്കി മുന്നോട്ടു പോകുന്നതിനെക്കാൾ ഇഷ്ടം ഇടയ്ക്കു വരുന്ന നല്ല റോളുകൾ ചെയ്യാനാണ്. പവിത്രയ്ക്ക് ജോലി കിട്ടിയാൽ അഭിനയം നിർത്തുമെന്ന് ഞാൻ പ റയും. മണിപ്പാൽ കോളജ് ഓഫ് ഫിലോസഫി ആൻഡ് ഹ്യുമാനിറ്റീസിൽ ഡിഗ്രി മൂന്നാം വർഷമാണവൾ.

രണ്ടാളും ചേച്ചിയെയും അനിയത്തിയെയും പോലെ ?

എല്ലാ കുട്ടികളും ആദ്യം പറയുന്നത് ‘അമ്മ’ എന്നല്ലേ, പവിത്ര വിളിച്ചത് ‘കാക്ക’ എന്നാണ്. എന്നെ ‘നീന’ എന്നാണ് കുഞ്ഞുന്നാളിലേ വിളിക്കുക. വീട്ടിലെല്ലാവരും മെലിഞ്ഞാണ്. ഗർഭകാലത്ത് നാലു കിലോയേ എനിക്ക് കൂടിയുള്ളൂ. ജീൻസടക്കമുള്ള ഡ്രസ്സുകൾക്കും ചെരിപ്പിനുമെല്ലാം എനിക്കും പവിത്രയ്ക്കും ഒരേ സൈസാണ്, ശരിക്കും സിസ്റ്റേഴ്സിനെ പോലെ.

പവിത്ര: അമ്മ അഭിനയിച്ച ‘ലൂക്ക’ ഞങ്ങൾ ഒന്നിച്ചുകണ്ടു. ‘പഞ്ചാബി ഹൗസും’, ‘ഹേ ജൂഡു’മാണ് അമ്മയുടെ സിനിമകളിൽ എനിക്ക് ഏറെ ഇഷ്ടം. മോഡലിങ്ങും പാട്ടും ഡാൻസും അഭിനയവുമൊക്കെ ഇഷ്ടമാണ്. അഭിനയിക്കാൻ ചാൻസ് വന്നാൽ അമ്മയുടെ ഇഷ്ടം നോക്കി തീരുമാനിക്കും.

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

(വനിത 2019ൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ)