Thursday 21 November 2019 03:07 PM IST : By സ്വന്തം ലേഖകൻ

‘താങ്കളൊരു മാന്യനാണെന്നാണു കരുതിയിരുന്നത്, ഒരുമാതിരി ആളെ വടിയാക്കുന്ന പരിപാടി കാണിക്കരുത്’! സുരാജ് വെഞ്ഞാറമൂടിന് ഒരു വേറിട്ട കുറിപ്പ്

nelson-new

ഒന്നിനൊന്ന് വ്യത്യസ്തമായ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി വിജയ യാത്ര തുടരുകയാണ് മലയാളത്തിന്റെ പ്രിയ നടൻ സുരാജ് വെഞ്ഞാറമൂട്. ഫൈനൽസ്, വികൃതി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്നീ ചിത്രങ്ങളിലെ തുടർ പ്രടകനം താരത്തിന് നേടിക്കൊടുത്തിരിക്കുന്ന വലിയ അഭിനന്ദനങ്ങളുടെ പുതിയ ഉദാഹരണമാണ് നെൽസൺ ജോസഫ് എഴുതിയ വേറിട്ട ഫെയ്സ്ബുക്ക് കുറിപ്പ്. താരത്തെ അഭിനന്ദിച്ച് നെൽസൺ എഴുതിയ പോസ്റ്റ് ഇതിനോടകം വൈറൽ ആണ്.

നെൽസൺ ജോസഫ് എഴുതിയ വേറിട്ട ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

മിസ്റ്റർSuraj Venjaramooduj ,

താങ്കളൊരു മാന്യനാണെന്നാണു കരുതിയിരുന്നത്‌.

ഒരുമാതിരി ആളെ വടിയാക്കുന്ന പരിപാടി കാണിക്കരുത്‌. നിങ്ങളെ വിശ്വസിച്ച്‌ ഓരോന്ന് പറഞ്ഞേച്ച്‌ ബാക്കിയുള്ളോരിവിടെ മണ്ടനായിക്കൊണ്ടിരിക്കുന്നത്‌ വല്ലതും അറിയണോ?

ആദ്യം ഫൈനൽസ്‌ സിനിമയ്ക്ക്‌ കയറി നിങ്ങടെ പ്രകടനം കണ്ട്‌ വണ്ടറടിച്ച്‌ സുഹൃത്തുക്കളോട്‌ പറഞ്ഞു ഇതാണു സുരാജിന്റെ കരിയർ ബെസ്റ്റെന്ന്.

അതുകഴിഞ്ഞ്‌ എന്റെ കഷ്ടകാലത്തിനു വികൃതിയൊന്ന് കണ്ടുപോയി. .സൗബിനും നിങ്ങളും കൂടി അങ്ങ്‌ അഴിഞ്ഞാടിക്കളഞ്ഞില്ലേ? അത്‌ കണ്ടപ്പൊ പറഞ്ഞത്‌ വീണ്ടും തിരുത്തിപ്പറഞ്ഞു. . മറ്റതല്ല, ഇതാണു ബെസ്റ്റ്‌

ദേ ഇപ്പൊ ആൻഡ്രോയ്ഡ്‌ കുഞ്ഞപ്പൻ. കട്ടയ്ക്ക്‌ കട്ടയ്ക്ക്‌ സൗബിൻ അവിടേം .സത്യം പറയണം. നിങ്ങളു മുടി ഡൈ ചെയ്ത്‌ വച്ചിരിക്കുന്നതല്ലേ? ശരിക്കും പത്തറുപത്തഞ്ച്‌ വയസുള്ളത്‌ ആൾക്കാരറിയാതിരിക്കാൻ.

സ്വന്തം പ്രകടനം ഇങ്ങനെ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കാൻ നിങ്ങളാരുവാ, സെർജി ബുബ്കയോ? ഇസിൻബയേവയോ ? അതോ ഉസൈൻ ബോൾട്ടോ?

ഇനി ഇതാണു കരിയർ ബെസ്റ്റെന്ന് പറയൂല്ല. . .പിന്നേം മണ്ടനാക്കാനല്ലേ.

മാണ്ട,
ആ ഐഡിയ മനസിലിരിക്കട്ടെ.

നമിച്ചാശാനേ.