Saturday 17 October 2020 12:08 PM IST

ഡൗൺസിൻഡ്രോമിനെ നിശ്ചയദാർഢ്യം കൊണ്ട് തോൽപ്പിക്കുന്ന ഗോപി കൃഷ്ണൻ നായകൻ ; മലയാള സിനിമ ഇതുവരെ നടത്താത്ത ഒരു പരീക്ഷണമായി ’തിരികെ' എന്ന ചിത്രം!

Shyama

Sub Editor

ghghgh

"തുടക്കത്തിൽ തന്നെ പറയട്ടെ ഇതൊരു കണ്ണീർ-സിംപതി സംഗതി അല്ല. ഇത്തരത്തിലുള്ളൊരു ജനിതക തകരാറിനെ ധീരമായി വരുതിയിലാക്കി നേട്ടങ്ങൾ കൊയ്യുന്നവർക്കുള്ളൊരു സല്യൂട്ട്യും ഒപ്പം സ്വപ്നങ്ങളിലേക്ക് ഉയരത്തിൽ പറക്കാൻ ഇതുവരെ പറ്റാത്തവർക്കുള്ളൊരു പിന്താങ്ങും ആണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്.” സിനിമയുടെ സംവിധായാകൻ ജോർജ് കോര പറയുന്നു. ഗോപി കൃഷ്ണന്റെ അനുജന്റെ റോളിൽ എത്തുന്നതും കോര തന്നെയാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായിട്ടാണ് കോരയുടെ തുടക്കം.

"മൂന്ന് നാല് വർഷം മുൻപേ എഴുതി വെച്ചൊരു സ്ക്രിപ്റ്റ് ആണ് തിരികെയുടേത്. നടൻ ആകണം എന്നൊക്കെ ആഗ്രഹിച്ചാണ് ഞാൻ സിനിമയിലെത്തുന്നത്. അതിനു വേണ്ടി ചെറിയ ബഡ്ജറ്റിൽ ചെയ്യാവുന്ന രീതിയിലാണ് ഈ സ്ക്രിപ്റ്റ് ഒരുക്കിയതും. അന്ന് പക്ഷേ, ഡൗൺസിൻഡ്രോം ഉള്ളോരാളെ അഭിനയിക്കാൻ കിട്ടുക പ്രയാസമായിരിക്കും എന്നൊക്ക ആളുകൾ പറഞ്ഞും മറ്റുചില കാരണം കൊണ്ടും ഒക്കെ ഈ പ്രൊജക്റ്റ്‌ നടക്കാതെ പോയി. അതിനിടയിൽ വേറൊരു സിനിമ വന്നു...അത് ഇടയ്ക്ക് വച്ച് മുടങ്ങി. ആ സമയത്ത് ഏറ്റവും ചുരുങ്ങിയ ബഡ്ജറ്റിൽ ഒരു സിനിമ ചെയ്യാം എന്ന് തീരുമാനിച്ച് കുറേ കറങ്ങിത്തിരിഞ്ഞ് അവസാനം പഴയ സ്ക്രിപ്ട്ടിലേക്ക് തന്നെ എത്തി. തിരികെ രണ്ട് സഹോദരങ്ങളുടെ കഥയാണ്, അതിലൊരാളാണ് ഡൗൺസിൻഡ്രോമുള്ള കഥാപാത്രം. കുറേ അന്വേഷണങ്ങൾക്കൊടുവിൽ കോഴിക്കോട് ബേബി മെമ്മോറിയാൽ ഹോസ്പിറ്റലിലെ ഡോ. ഷാജി തോമസിനെ കാണുന്നു. 'ഇങ്ങനൊരു ആവശ്യത്തിന് വേണ്ടി ഇതുവരെ ആരും എന്നെ വിളിച്ചിട്ടില്ല, എനിക്കറിയാവുന്ന പതിനായിരത്തോളം കുട്ടികളുണ്ട്. നിങ്ങളീ പറയുന്നതൊക്കെ കേട്ടിട്ട് അതിൽ ഒരു മുഖമാണ് എനിക്ക് ഓർമ വരുന്നത്. അതല്ലാതെ എന്നോടൊരു സെക്കന്റ്‌ ഓപ്ഷൻ ചോദിക്കരുത്' ഇതാണ് ഡോക്ടർ പറഞ്ഞത്. അപ്പോഴേ ഞാൻ ഇച്ചിരി വിഷമിച്ചു ഒരാളെ മാത്രം കണ്ടിട്ട് എങ്ങനെ തീരുമാനിക്കും എന്നൊക്കെയോർത്തു. എന്തായാലും ഡോക്ടർ പറഞ്ഞ ആളെ കാണാനും തീരുമാനിച്ചു...

ദേ നിൽക്കുന്നു ടിക്ക് ടോക്ക് സ്റ്റാർ

asw1

ആളെ കാണാൻ പോകുന്നതിന് മുൻപേ എന്റെ ഫോണിലേക്ക് എത്തിയത് മൂന്ന് നാല് ടിക്ക് ടോക്ക് വീഡിയോസ് ആണ്. അത്‌ കണ്ട് ശരിക്കും ഞെട്ടി. അത്രയ്ക്കും രസമായി ഓരോന്ന് അവതരിപ്പിക്കുന്നു. ഗോപി അച്ഛനും അമ്മയുമൊത്ത് കൊച്ചിയിലെത്തിയപ്പോഴാണ് നേരിൽ കാണുന്നത് ആദ്യം മുതലേ ഞങ്ങൾ തമ്മിൽ വല്ലാത്തൊരു ബോണ്ട്‌ ഉണ്ട്. പിന്നീട് ധാരാളം വർക്ഷോപ്പ്സ് ചെയ്തു. കോവിഡ് പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നെങ്കിൽ ഇപ്പൊ സിനിമ തീയേറ്ററിൽ എത്തേണ്ടതായിരുന്നു.

ഗോപിയെ അടുത്തറിഞ്ഞപ്പോ തൊട്ടാണ് ഞാൻ ഈ അവസ്ഥയെ കുറിച്ച് കൂടുതൽ പഠിക്കുന്നത്.രോഗം എന്നൊന്നും വിളിക്കാൻ പറ്റില്ല ഇതൊരു ഡെവലപ്പ്മെന്റൽ ഡിലേ ആണ്. നമുക്ക് 20 വയസിൽ ഉള്ള മാനസിക വളർച്ച അവർക്ക് കുറച്ച് പതിയെ വരൂ. ഇതൊക്ക അറിയുമ്പോൾ നമ്മൾ അവനെ കുഞ്ഞിനെ പോലെ തന്നെയാണ് നോക്കും. അവന്റെ മൂഡിന് അനുസരിച്ചാണ് നമ്മൾ സിനിമ എടുത്തത്. ഓട്ടോമാറ്റിക് ആയി നമ്മൾ അവനെ കൂടുതൽ സ്നേഹിക്കുകയും സന്തോഷിപ്പിക്കാൻ നോക്കുകയും ചെയ്യും. അത്രയ്ക്കും നന്മ അവർക്കുള്ളിലുള്ളതുകൊണ്ട് അവരെ അടുത്തറിയുമ്പോൾ കൂടുതൽ സ്നേഹിച്ചു പോകും...

അവരെ കുറിച്ച് എനിക്ക് മനസിലായ മറ്റൊരു കാര്യം... അവർക്ക് ചില കാര്യങ്ങളിൽ മറ്റുള്ളവരുടെ സപ്പോർട്ട് വേണ്ടി വരും. അതിനൊപ്പം തന്നെ ഇവർക്ക് ഒരു ടാലെന്റ് ഉണ്ടെങ്കിൽ ഇവർ വേറെ എല്ലാം മറന്ന് അതിൽ മുഴുകി അതാസ്വദിച്ച് ചെയ്യുന്നവരുമായിരിക്കും. എന്നെകൊണ്ട് പറ്റില്ല എന്നുള്ള ചിന്തയില്ല, മടി ഇല്ല, വീണ്ടും വീണ്ടും ചെയ്യാൻ ഒരു പ്രയാസമില്ല...

ഞാനും അവനും അഭിനയിക്കുമ്പോൾ അവനിൽ നിന്നാണ് ഞാൻ കുറേ കാര്യങ്ങൾ പഠിച്ചെടുത്തത്.ഗോപിക്ക് ഒരു നല്ല ഇൻട്രോഡക്ഷൻ കൊടുക്കാൻ വേണ്ടി തന്നെയാണ് 'തിരികെ' യുടെ ടീസർ അവനെ ഫോക്കസ് ചെയ്തിരിക്കുന്നത്. അവൻ എങ്ങനെ അഭിനയിച്ചു, എങ്ങനെ ഓരോന്ന് പഠിച്ചെടുത്തു എന്നൊക്കെയുള്ളതിന്റെ ചെറിയൊരു ധാരണ അതിൽ നിന്ന് കിട്ടും. റൊമാൻസ്, ഹ്യൂമർ, സെന്റിമെന്റ്സ് ഒക്കെ ഗോപി ഇതിൽ ചെയ്യുന്നുണ്ട്. ചുരുക്കം ദിവസം കൊണ്ട് ഒരു മില്യൺ വ്യൂസ് വന്നു, അത് തന്നെ ആദ്യത്തെ അനുഭവമാണ്. അതിന് മുൻപ് മില്യൺ ഒക്കെ നമുക്ക് കേട്ട് കേൾവി മാത്രം.

ഗോപിയുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് അവന്റെ അച്ഛനും അമ്മയ്ക്കുമാണ്. അത്രയധികം സപ്പോർട്ട് ആണ് അവർ കൊടുക്കുന്നത്. പ്രതേകിച്ചും അവന്റെ അമ്മ രഞ്ജിനി ചേച്ചി... സിനിമ തുടങ്ങുന്നതിന് നാല് മാസം മുൻപേ തന്നെ സ്ക്രിപ്റ്റ് കൊടുത്തിരുന്നു. ചേച്ചി അവനെയിരുത്തി സ്ക്രിപ്റ്റ് ഒക്കെ വായിച്ച്... അഭിനയിച്ച് പഠിപ്പിച്ചാണ് സെറ്റിൽ എത്തിയത്. സെറ്റിൽ മറ്റാരേക്കാളും നന്നായി ഡയലോഗുകൾ അറിയാവുന്നതും ഗോപിക്കായിരുന്നു.

vgv

ശാന്തി കൃഷ്ണ, ഗോപൻ മങ്കാട്ട്,ജിനു ബെൻ എന്നിവരൊഴികെ ബാക്കിയൊക്കെ പുതുമുഖങ്ങളാണ്. നേഷൻ വൈഡ് പിക്ചർസ് എന്ന പ്രൊഡക്ഷൻ ഹൗസിനു കീഴിൽ എബ്രഹാം ജോസഫ് ദീപക് ദിലീപ് പവാർ എന്നിവരാണ് ചിത്രം നിർമിച്ചത്. തീയറ്ററിൽ റിലീസ് ചെയ്യണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, നിലവിലെ സാഹചര്യം കാരണം ഒടിടി പ്ലാറ്റഫോം കൂടി നോക്കുന്നു... ഈ വർഷം തന്നെ റിലീസ് ഉണ്ടാകും.

Tags:
  • Movies