Friday 27 September 2024 02:07 PM IST

‘ആ അവസരങ്ങൾ വേണ്ടെന്നു വച്ചതറിഞ്ഞ് ഒരുപാടു പേർ കുറ്റപ്പെടുത്തി, എന്റെ മനസിനെ അതു ബാധിച്ചതേയില്ല’: നിഖില

Anjaly Anilkumar

Content Editor, Vanitha

nikhila-vimal-14

ചിലർ ദേഷ്യപ്പെടുന്നതു കാണാനും പ്രത്യേക ചന്തമാണ്. സ്ക്രീനിൽ അൽപം കലിപ്പു മോഡിലാണു വ ന്നു നിൽക്കുന്നതെങ്കിലും കാണികളുടെ നോട്ടം അവരിൽനിന്നു മറ്റെങ്ങും പോകില്ല. ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമയിൽ പാർവതി എന്ന ‘അഴകിയ ലൈല’യായി നിഖില വിമലിനെ കണ്ടപ്പോൾ ഏറെ ഇഷ്ടം തോന്നാനുള്ള കാരണവും അതുതന്നെയാണ്.

‘‘‍അഴകിയ ലൈല എന്ന സൂപ്പർ ഹിറ്റ് തമിഴ് ഗാനം ഈ സിനിമയിലുള്ളതുകൊണ്ട് തിയറ്ററിൽ അത് ഓളമുണ്ടാക്കുമെന്നു തോന്നിയിരുന്നു. ട്രെൻഡിങ് ആകുമെന്നു ചിന്തിച്ചതേയില്ല. കേരളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലുംഅതു വൈറലായി. പ്രമോഷന്റെ ഭാഗമായി തമിഴ്നാട്ടിൽ പോയപ്പോൾ ഒരാൾ പറഞ്ഞു, ‘പണ്ട് അഴകിയ ലൈല കേൾക്കുമ്പോൾ രംഭയെയാണ് ഓർമ വരുന്നതെങ്കിൽ ഇപ്പോഴതു നിങ്ങളാണ്’ എന്ന്. ആദ്യമായാണ് പോസിറ്റീവ് ആയി ഞാൻ ട്രെൻഡിങ് ആകുന്നത്. സാധാരണ എയറില്‍ ആകാറാണു പതിവ്.’’ പൊട്ടിച്ചിരിച്ചുകൊണ്ട് നിഖില പറയുന്നു.

നിഖില സൗത്ത് ഇന്ത്യയുടെ മുഴുവൻ താരമായി മാറുകയാണല്ലോ ?

‘ഗുരുവായൂർ അമ്പലനടയിൽ’ തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരിടവേളയ്ക്കു ശേഷമാണു തമിഴ് സിനിമയിൽ അ ഭിനയിക്കുന്നത്. സംവിധായകൻ മാരി സെൽവരാജിന്റെ ആത്മകഥയായ വാഴൈ ആണ് ഏറ്റവും പുതിയ തമിഴ് ചിത്രം. അദ്ദേഹത്തിന്റെ ഡ്രീം പ്രോജക്റ്റ് ആണിത്.

സ്വന്തം കഥ ലോകത്തോടു പറയാനാണത്രേ അദ്ദേഹം ചലച്ചിത്ര രംഗത്തേക്കു വന്നതുപോലും. കേന്ദ്രകഥാപാത്രമായ പൊന്‍വേൽ എന്ന കുട്ടിയുടെ അധ്യാപിക ആണ് എന്റെ കഥാപാത്രം. നല്ലൊരു പാട്ടും കിട്ടി.

ചിത്രീകരണം ആരംഭിക്കാൻ ദിവസങ്ങൾ ബാക്കിയുള്ളപ്പോഴാണ് സൈക്കിൾ ചവിട്ടാൻ അറിയാമോ എന്നു സംവിധായകൻ ചോദിക്കുന്നത്. അറിയില്ലെന്നു പറഞ്ഞതോടെ അദ്ദേഹം ആകെ നിരാശനായി. പക്ഷേ, ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഞാനതു പഠിച്ചെടുത്തു. തിരക്കുകൾ കാരണം പ്രിവ്യൂ ഷോ കാണാൻ സാധിച്ചില്ല. ഒരുപാടുപേർ നല്ല അഭിപ്രായം പറഞ്ഞു.

മലയാളത്തിൽ കുറച്ചു സീരിയസ്, ആംഗ്രി ടൈപ്പ് കഥാപാത്രങ്ങളാണ് ഈയടുത്തു വന്നതിൽ കൂടുതലും. ‘നുണക്കുഴി’യിലെ റിമിയും വ്യത്യസ്തയല്ല. ഇവയൊക്കെ പല സമയത്ത് അ ഭിനയിച്ച സിനിമകളാണ്. റിലീസ് ആയപ്പോൾ എല്ലാം ഒരുമിച്ചിങ്ങു വന്നു. ഇതൊക്കെ കണ്ടിട്ട് നിഖില ഇനി ഇത്തരം കഥാപാത്രങ്ങൾ മാത്രമേ ചെയ്യൂ എന്നു പലരും ഉറപ്പിച്ച മട്ടാണ്.

വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ക ഥ ഇന്നുവരെയാണ് മലയാളത്തിലെ ഏറ്റവും പുതിയ റിലീസ്. പ്രണയകഥയാണ്. തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ് ഈ സിനിമയിൽ. വിനയ് ഗോവിന്ദിന്റെ ‘ഗെറ്റ് സെറ്റ് ബേബി’യാണ് റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. അണലി, ഐസ് എന്നീ വെബ് സീരീസുകളും ഉടനെത്തും.

സിനിമയിലെ തുടക്കകാലത്തെ കുറിച്ച് പറയാമോ?

തുടക്കകാലത്തു ഞാൻ ചില തമിഴ് സിനിമകളിൽ അഭിനയിച്ചു. അന്നൊന്നും സിനിമയെക്കുറിച്ചു കൃത്യമായ ധാരണയില്ലായിരുന്നു. ഒരനുഭവം പറയാം, ഒരു തമിഴ് സിനിമയുടെ ചിത്രീകരണത്തിനായി ചെന്നൈയിലേക്കു പോയതാണ് ഞാനും അമ്മയും.

ഇടയ്ക്കു വച്ച് ഷൂട്ടിങ് മുടങ്ങി. സിനിമയുടെ പ്രവർത്തകർ ടിക്കറ്റ് റിസർവ് ചെയ്തിട്ടുണ്ടെന്നു പറഞ്ഞു ഞങ്ങളെ ട്രെയിനിൽ കയറ്റി ഇരുത്തി. ഒടുവിൽ ടിടിഇ വന്നപ്പോൾ ടിക്കറ്റുമില്ല, റിസർവേഷനുമില്ല.

ഞങ്ങളുടെ കയ്യിൽ കാശും കുറവാണ്. അമ്മ കരഞ്ഞു കൊണ്ട് ബാഗിൽ നിന്നു നോട്ടും ചില്ലറയും നുള്ളിപ്പെറുക്കുന്നത് എനിക്കിപ്പോഴും ഓർമയുണ്ട്. മറ്റൊരു സംഭവം 150 ദിവസത്തോളം നീണ്ട ഒരു ഷൂട്ടിങ്ങാണ്. ഇന്ന് 150 എന്നൊക്കെ പറഞ്ഞാൽ ബ്രഹ്മാണ്ഡ സിനിമയാണ്. 40 ദിവസത്തോളം ചിത്രീകരിച്ച സീൻ ഡബ്ബിങ് തിയറ്ററിലെത്തിയപ്പോൾ അപ്രത്യക്ഷമായി. അങ്ങനെ വിഷമവും നിരാശയും തോന്നിയ ഒരുപാട് അനുഭവങ്ങളുണ്ട്.

ഒരു സിനിമ റിലീസായി തൊട്ടു പിന്നാലെ അടുത്ത ഓഫർ വന്നില്ലെന്നു വിഷമിക്കുന്നവരെ കണ്ടിട്ടുണ്ട്. അവിടെയാണ് ഇതൊന്നുമൊരു സ്ട്രഗിൾ അല്ല എന്നു ഞാൻ പറയുന്നത്. കുറച്ചു കൂടി ക്ഷമ വേണം എന്ന് അടുപ്പമുള്ള പലരോടും പറയാറുണ്ട്.

വലിയ താൽപര്യത്തോടെ ആയിരുന്നില്ല സിനിമയിലേക്കുള്ള വരവ്, ഇപ്പോൾ എന്തു തോന്നുന്നു?

സിനിമ എന്റെ സ്വപ്നങ്ങളിൽപ്പോലും ഉണ്ടായിരുന്നില്ല. പക്ഷേ, അതെങ്ങനെയോ സംഭവിച്ചു. ഭാഗ്യദേവതയാണ് ആദ്യ സിനിമയെങ്കിലും ‘ലൗ 24 x 7’നു ശേഷമാണ് സിനിമയെ ഗൗരവത്തോടെ സമീപിച്ചു തുടങ്ങിയത്. അതിനുശേഷം നന്നായി കഷ്ടപ്പെട്ടു. സിനിമയിൽ നിലനിൽക്കാൻ ഇ ത്രമാത്രം ശ്രമം എന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് ഒരിക്കലും കരുതിയതല്ല.

സിനിമയിലേക്കു വന്നില്ലായിരുന്നെങ്കിൽ അമ്മ കലാമണ്ഡലം വിമല ദേവിയുടെ ചിലങ്ക കലാക്ഷേത്രയിൽ ടീച്ച റായേനെ. എന്നു കരുതി ഇപ്പോൾ ഡാൻസ് പ്രാക്ടീസ് എ ങ്ങനെ പോകുന്നു എന്നു മാത്രം ചോദിക്കരുതു കേട്ടോ. ക ഴിഞ്ഞ മഹാനവമിക്കാണ് അവസാനം ആ വഴി പോയത്. ഉഴപ്പുന്നതിന് അമ്മ ഇടയ്ക്കിടെ കണ്ണുരുട്ടാറുണ്ട്. അതൊക്കെ നൈസ് ആയി ഒഴിവാക്കും.

കലാരംഗത്തല്ലെങ്കിൽ ഒരുപക്ഷേ, പിഎസ്‍സി എഴുതി സർക്കാര്‍ ജോലിയൊക്കെ നേടി, ഫയലുകൾക്കിടയിൽ ഇരുന്നേനെ. സുഹൃത്തുക്കൾക്കൊപ്പം ഒരു ചായക്കട അല്ലെങ്കിൽ ഫൂഡ് ബിസിനസ് പ്ലാൻ ചെയ്യാത്തവർ ചുരുക്കമല്ലേ. ആ കൂട്ടത്തിൽ ഞാനും ചിലപ്പോൾ പെട്ടേനെ. പക്ഷേ, ബിസിനസ് എനിക്കു പറ്റിയ മേഖലയല്ല. ‌അത്ര ക്ഷമയും സ മർപ്പണവും എനിക്കുണ്ടെന്നു തോന്നുന്നില്ല.

വേണ്ടെന്നു വച്ച കഥാപാത്രങ്ങളെ പിന്നീടു നഷ്ടബോധത്തോടെ ഓർത്തിട്ടുണ്ടോ ?

തിരക്കുകളോ, തൃപ്തിക്കുറവോ കാരണം ചില സിനിമക ൾ ചെയ്തിട്ടില്ല. അവയിൽ ഒന്നു പോലും കുറ്റബോധമുണ്ടാക്കിയിട്ടില്ല. തമിഴിൽ വലിയ ഹിറ്റായ ഒരു സിനിമയിലെ അവസരം വേണ്ടെന്നു വച്ചതറിഞ്ഞ് ഒരുപാടു പേർ അന്നു കുറ്റപ്പെടുത്തിയിരുന്നു. എന്റെ മനസ്സിനെ അതു ബാധിച്ചതേയില്ല. നായികയായി മാത്രമേ അഭിനയിക്കൂ എന്ന പിടിവാശിയുമില്ല. നല്ല സിനിമകളുടെ ഭാഗമാകണം. ചെറുതെങ്കിലും പ്രേക്ഷകർ ഓർത്തിരിക്കുന്ന കഥാപാത്രങ്ങൾ ചെയ്യണം. അതൊക്കെയാണ് ആഗ്രഹം.

അഭിമുഖങ്ങളിൽ നിഖില ‘തഗ്ഗ് സ്റ്റാർ’ ആണല്ലോ ?

എന്തിനോടും അപ്പപ്പോൾ പ്രതികരിച്ചാണു ശീലം. ചില ചോദ്യങ്ങൾ കേൾക്കുമ്പോൾ തന്നെ മനസ്സിലാകും അവരെന്താണു നമ്മളിൽ നിന്നു പ്രതീക്ഷിക്കുന്നതെന്ന്. പലപ്പോഴും പറയുന്നതാകില്ല ചർച്ചയാകുക.

സിനിമയുടെ പ്രെമോഷന്റെ ഭാഗമായി എത്തുമ്പോൾ തുറന്നു പ്രതികരിക്കാൻ സാധിച്ചെന്നു വരില്ല. അപ്പോൾ എന്തെങ്കിലും മറുപടി കൊടുത്ത് ഒഴിഞ്ഞു മാറും. പിന്നീട് ബിജിഎം ഒക്കെ ഇട്ട് റീലുകൾ ഇറങ്ങുമ്പോഴാണ് ഉത്തരം തഗ്ഗ് ആയിരുന്നുവെന്ന് അറിയുക.

nikhila-Vimal-12

കാലത്തിനൊപ്പം സിനിമാമേഖലയും മാറുന്നു. അതുപോലെ നിഖിലയിലും മാറ്റമുണ്ടായോ?

പിടി വാശികൾ ഉപേക്ഷിച്ച് സിനിമാ മേഖല മാറ്റങ്ങളെ സ്വീകരിച്ചു തുടങ്ങി എന്നു പറയാം. ഉദാഹരണത്തിന് ന മ്മള്‍ ഒരാവശ്യം ഉന്നയിച്ചാൽ അതേക്കുറിച്ചു ചിന്തിച്ചു നടപടി സ്വീകരിക്കാൻ പലരും ശ്രമിക്കാറുണ്ട്. സർക്കാരിന്റെ നയരൂപീകരണ കമ്മിറ്റിയുടെ ഭാഗമായി സ്ത്രീകളുടെയും ജൂനിയർ ആർട്ടിസ്റ്റുകളുടെയും ആവശ്യങ്ങൾ എന്തൊക്കെയെന്ന് അന്വേഷിച്ചറിയാൻ ചുമതലപ്പെടുത്തിയ കമ്മിറ്റിയിൽ ഞാനും ഭാഗമായിരുന്നു.

മിക്ക ആർട്ടിസ്റ്റുകളും പറഞ്ഞതു ശുചിമുറി, വിശ്രമമുറി തുടങ്ങിയവ വേണമെന്നാണ്. ഗുരുവായൂർ അമ്പലനടയിൽ ഉൾപ്പെടെ പുതിയ ഒട്ടുമിക്ക സിനിമാ ലൊക്കേഷനുക ളിലും ഈ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു.

എനിക്കും ഒരുപാടു മാറ്റങ്ങൾ സംഭവിച്ചു. പഴയ നിഖി ലയുമായി താരതമ്യം ചെയ്യുമ്പോൾ ആത്മവിശ്വാസം കൂടി. വേണ്ട കാര്യങ്ങൾ ചോദിച്ചു വാങ്ങാൻ പ്രാപ്തയായി. ആവശ്യങ്ങൾ നിഷേധിക്കപ്പെട്ടാൽ എന്തുകൊണ്ട് എന്നുചോദിക്കാനുള്ള ധൈര്യവുമുണ്ട്. നോ പറയേണ്ട ഇടങ്ങളിൽ നോ പറയാനും സാധിക്കും.

സ്വന്തം പരിമിതികളെക്കുറിച്ചു വ്യക്തമായ ധാരണയുള്ള ആളാണു ഞാൻ. ‘ഇതൊക്കെ നിസ്സാരം’ എന്നു മറ്റൊരാൾക്കു തോന്നുന്ന കാര്യങ്ങൾ എനിക്കു ബാലികേറാമലയാണ്. പൊതുവേദികളിൽ സംസാരിക്കാനോ യൂട്യൂബ് ചാനൽ തുടങ്ങാനോ സെൽഫി വിഡിയോ എടുക്കാനോ എനിക്കു പറ്റില്ല. വലിയ ആൾക്കൂട്ടത്തിനിടയിൽ നിന്ന് അ ഭിനയിക്കാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പക്ഷേ, അതി ൽ നിന്നു പുറത്തു വന്നേ പറ്റൂ എന്നു സ്വയം പഠിപ്പിച്ചു. പൊതുവേ മടിയുള്ള കൂട്ടത്തിലാണു ഞാൻ. ആത്മാർഥമായി ഞാൻ ചെയ്യുന്ന ഒരേയൊരു പ്രവൃത്തി അഭിനയമാണ്.

വയനാട് ദുരിതാശ്വാസ ക്യാംപിലെ വിഡിയോ വൈറലായല്ലോ, ഒപ്പം കുറച്ചു നെഗറ്റീവ് കമന്റുകളും.

വയനാട് ദുരന്തസമയത്തു ഞാൻ തളിപ്പറമ്പിലെ വീട്ടിലായിരുന്നു. വയനാട്ടിലേക്കുള്ള കളക്‌ഷൻ പോയിന്റിൽ സാധനങ്ങൾ കൊടുക്കാൻ പോയതാണു ഞാനും സുഹൃത്തുക്കളും. അവിടെ കുറച്ചധികം ജോലികൾ ഉണ്ടായിരുന്നതുകൊണ്ട് അവർക്കൊപ്പം കൂടി. ഇതൊക്കെ എല്ലാവരും ചെയ്യുന്ന കാര്യങ്ങളല്ലേ?

ഒരു സാധാരണ തളിപ്പറമ്പുകാരി ആയാണ് ഞാൻ അ വിടെ പോയത്. അല്ലാതെ താരപരിവേഷം കാണേണ്ട കാര്യമൊന്നും അതിലില്ല. ക്യാംപിന്റെ മുഴുവൻ വിഡിയോയും വൊളന്റിയർ പകർത്തിയിരുന്നു. അടുത്ത ദിവസം രാവിലെയാണ് വിഡിയോ വൈറലായി എന്നറിയുന്നത്.

ഇതിനിടെ ചിലർ നെഗറ്റീവ് കമന്റുകളുമായി എത്തി. അതൊന്നും കാര്യമായെടുത്തില്ല. ഒരു അടിയന്തര ഘട്ടത്തിൽ എല്ലാവരും ചെയ്യുന്ന പ്രവർത്തനത്തിൽ ഞാനും ഭാഗമായി എന്നേയുള്ളൂ. എത്രയോ പേർ വയനാടിനു വേണ്ടി രാപകലില്ലാതെ, സ്വയം മറന്നു പ്രവർത്തിച്ചു. അവർക്കു മുന്നിൽ വലിയ കാര്യം ചെയ്തു എന്ന ഭാവത്തോടെ നിൽക്കാൻ എനിക്കൊരിക്കലും ആവില്ല.

അഞ്ജലി അനിൽകുമാർ

ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ