Friday 17 May 2019 06:14 PM IST

അന്ന് നാണം കെട്ടു കരഞ്ഞുകൊണ്ട് സെറ്റിൽ നിന്ന് ഇറങ്ങിപ്പോന്നു! പേരു മാറി സീരിയലിലെത്തിയ നിരഞ്ജന് ഇതു വിജയകാലം

V.G. Nakul

Sub- Editor

n1

അപ്രതീക്ഷിതമായി ഒരു മോഹത്തിന്റെ ചെടി മനസ്സിൽ കുരുത്തു, അഭിനയിക്കണം. സിനിമയാണ് ലക്ഷ്യം. സീരിയലോ പരസ്യമോ എന്തായാലും സാരമില്ല. ഒരു തുടക്കം കിട്ടണം... വർഷങ്ങൾ കടന്നു പോയി. പഠനം കഴിഞ്ഞു. ജോലിയായി. മാന്യമായ ശമ്പളം. വീട്ടുകാരും ഹാപ്പി.

അപ്പോഴേക്കും മോഹത്തിന്റെ ചെടി വളർന്നു, മരമായി. ഇനിയും കാത്തിരിക്കാൻ പറ്റില്ല. മറ്റൊന്നും ചിന്തിച്ചില്ല. ജോലി കളഞ്ഞു. പോരേ പൂരം. ആ സാഹസം വീട്ടുകാരെ ഞെട്ടിച്ചു. പലരും ഉപദേശം തുടങ്ങി. ‘ഇതു വേണോ’ എന്ന ചോദ്യമായിരുന്നു ചുറ്റും.

പക്ഷേ തീരുമാനം ഉറച്ചതായിരുന്നു. ഇനി പിന്നോട്ടില്ല. പരസ്യ ചിത്രങ്ങളിലായിരുന്നു തുടക്കമെങ്കിലും പ്രതീക്ഷിച്ചതു പോലെ കാര്യങ്ങൾ മുന്നോട്ടു പോയില്ല. അതോടെ വീട്ടിലെ ഉപദേശം ഇരട്ടിയായി. ചിന്ത പതറിത്തുടങ്ങി. ‘അബദ്ധമായോ’ എന്ന ചോദ്യം തന്നോടു തന്നെ ചോദിച്ചു. അതിനിടെ ഇരുട്ടിൽ ഒരു തിരിനാളം തെളിഞ്ഞു. പക്ഷേ....

n2

ആ ‘പക്ഷേ’യുടെ പിന്നിലുള്ള കഥ പറഞ്ഞു തുടങ്ങും മുമ്പ് നിരഞ്ജൻ ചിരിച്ചു. ‘രാത്രിമഴ’ യിലെ സുധിയായും ‘മൂന്നുമണി’ യിലെ രവിയായും കുടുംബപ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ അതേ ചിരി.

‘‘കോട്ടയത്ത് കുടമാളൂരാണ് നാട്. അച്ഛൻ ശ്രീകുമാറും അമ്മ കൃഷ്ണകുമാരിയും. അനിയൻ ശ്രീരാജ്. സ്കൂളിൽ പഠിക്കുന്ന കാലത്തൊന്നും അഭിനയിക്കണമെന്ന മോഹം തീരെയുണ്ടായിരുന്നില്ല. ഉൾവലിഞ്ഞ പ്രകൃതമായിരുന്നു. കോളേജിൽ എത്തിയതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. എന്റെ സുഹൃത്തായ ഷഫീഖ് മമ്മൂട്ടി ഫാൻസിന്റെ പ്രവർത്തകനായിരുന്നു. അവന്റെ കൂടെ ലൊക്കേഷനുകളിൽ പോയി എനിക്കും അഭിനയത്തോട് താൽപര്യം തോന്നിത്തുടങ്ങി. അതാണ് വഴിത്തിരിവായത്’’.

മലയാളം ടെലിവിഷൻ സീരിയൽ രംഗത്തെ പുത്തൻ താരോദയമായ നിരഞ്ജൻ നായർ ‘വനിത ഓൺലൈനി’ ലൂടെ തന്റെ വിശേഷങ്ങൾ പറഞ്ഞു തുടങ്ങിയതിങ്ങനെ...

n3

ജോലി കളഞ്ഞ സാഹസം

ബി കോം കഴിഞ്ഞ് വൊഡാഫോണിൽ ജോലി കിട്ടി. കോട്ടയത്തെ ടീം ലീഡറായിരുന്നു. അപ്പോഴും അഭിനയം മനസ്സിലുണ്ട്. ഖാദി ബോർഡിന്റെതുൾപ്പടെ ചില പരസ്യ ചിത്രങ്ങളൊക്കെ ചെയ്തു. പോകെപ്പോകെ ജോലി ഉപേക്ഷിച്ചു. അഭിനയത്തിനുള്ള അവസരം തേടുകയായിരുന്നു ലക്ഷ്യം. പക്ഷേ കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ ശരിയായില്ല. വീട്ടിലും പ്രശ്നമായി. ഞാൻ ഇതിന്റെ പിന്നാലെ നടന്ന് ജീവിതം നശിപ്പിക്കുമോ എന്നായിരുന്നു അവരുടെ പേടി.

ഹൃദയം തകർത്ത അപമാനം

അതിനിടെ ഒരു സീരിയലിൽ അവസരം ലഭിച്ചു. നല്ല കഥാപാത്രമായിരുന്നു. വലിയ പ്രതീക്ഷയോടെയാണ് ലൊക്കേഷനിൽ ചെന്നത്. പക്ഷേ, അതൊരു വലിയ വേദനയാകുമെന്ന് കരുതിയില്ല. ഞാൻ ചെന്നപ്പോൾ എനിക്കു പറഞ്ഞിരുന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ മറ്റൊരാൾ വന്നിരിക്കുന്നു. എന്തോ ആശയക്കുഴപ്പം സംഭവിച്ചതാണ്. ഒരാൾ ഞാൻ കേൾക്കെ ‘ഇവനെയൊക്കെ ആരാ വിളിച്ചത്’ എന്നു ചോദിച്ച് ബഹളം വയ്ക്കുന്നു. അയാളുടെ ആളായിരുന്നു മറ്റയാൾ. ഞാൻ പ്രൊഡക്ഷൻ കൺട്രോളർ വഴിയാണ് ചെന്നത്. സംവിധായകനും എന്നെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ, ഷൂട്ടിങ് തുടങ്ങാനുള്ള ഡേറ്റ് ഒന്നു രണ്ടു തവണ മാറിയപ്പോൾ കാര്യങ്ങൾ മറ്റൊന്നായി. ചുറ്റും ആളുകൾ നിൽക്കുകയാണ്. കരയാതിരിക്കാൻ കഴിയുന്നത്ര ശ്രമിച്ചെങ്കിലും എന്റെ കണ്ണുകൾ നിറഞ്ഞു തൂവി. ഒടുവിൽ നാണം കെട്ട്, ഹൃദയം തകർന്നാണ് അവിടെ നിന്നിറങ്ങിപ്പോന്നത്.

n4

ഭാഗ്യമായ മൂന്നു മണി

ആ സംഭവം വല്ലാതെ ഉലച്ചു. വീട്ടിലെ സമ്മർദ്ദവും കൂടി. എങ്കിൽ പിന്നെ ഇതൊക്കെ ഉപേക്ഷിച്ച് മറ്റെന്തെങ്കിലും ജോലി നോക്കാം എന്നു ചിന്തിക്കുന്നതിനിടെ ‘മൂന്നു മണി’യിൽ അവസരം കിട്ടി. പ്രസാദ് നൂറനാട് സാർ പറഞ്ഞിട്ടാണ് ഞാൻ ഓഡിഷനു പോയത്. കണ്ണൻ താമരക്കുളം ചേട്ടനാണ് ഓഡിഷൻ നടത്തിയത്. രവി എന്ന കഥാപാത്രത്തിന്റെ ഡയലോഗ് പറഞ്ഞ് ഒരു സിറ്റുവേഷൻ അഭിനയിച്ചു കാണിച്ചു. സെലക്ടായി. വേണു ചേലക്കോടായിരുന്നു സംവിധായകൻ. ആ സീരിയൽ വന്നു തുടങ്ങിയതോടെ വീട്ടുകാരും ഹാപ്പിയായി. ആദ്യത്തെ എപ്പിസോഡുകളൊക്കെ എല്ലാവരും ഒന്നിച്ചിരുന്നാണ് കണ്ടത്. മൂന്നു മണി കഴിഞ്ഞ് ബൈജു ദേവരാജ് സാർ ‘രാത്രിമഴ’ യിലെ നായക വേഷം ചെയ്യാൻ വിളിച്ചപ്പോൾ ചെറിയ ടെൻഷനുണ്ടായിരുന്നു. അത്രയും വലിയ കഥാപാത്രമാണ്. വലിയ കുഴപ്പമില്ലാതെ ചെയ്തു എന്നു തോന്നുന്നു. റിജു നായരായിരുന്നു സംവിധാനം. ‘മൂന്നുമണി’യും ‘രാത്രിമഴ’ യും ബൈജു സാറാണ് നിർമിച്ചത്. മൂന്നു മണി കെ.വി അനിലും രാത്രിമഴ മുരളി നെല്ലനാടുമാണ് എഴുതിയത്.

2015 ൽ ആണ് ‘മൂന്നുമണി’യിൽ അഭിനയിച്ചത്. ഇപ്പോൾ 3 വർഷമായി. ‘രാത്രിമഴ’, ‘ചെമ്പട്ട്’, ‘കാണാക്കുയിൽ’, ‘സ്ത്രീപഥം’, ‘പൂക്കാലം വരവായി’ എന്നിങ്ങനെ 6 സീരിയൽ ചെയ്തു. ‘തേൻവരിക്ക’ എന്ന വെബ് സീരിയലിലും അഭിനയിച്ചു.

n5

എന്റെ യഥാർത്ഥ പേര് ശ്രീനാഥ് എന്നാണ്. സീരിയലിലേക്കു വന്നപ്പോൾ നിരഞ്ജൻ എന്നാക്കുകയായിരുന്നു.

ഒരു പ്രണയ കഥ

പ്രണയാഭ്യർത്ഥനകൾ പലതും വന്നിട്ടുണ്ട്. അതിൽ ഒരു പെൺകുട്ടി ‘മൂന്നുമണി’ കണ്ടാണ് വിളിച്ചത്. ‘മൂന്നുമണി’യിലെ രവി ഭാര്യയെ വളരെയധികം സ്നേഹിക്കുന്ന കഥാപാത്രമാണ്. അതു കണ്ട്, കടുത്ത പ്രേമമാണ് എന്നൊക്കെ പറഞ്ഞായിരുന്നു വിളി. ക്യാരക്ടറിനോട് തോന്നിയ ആകർഷണമാണത്. ഞാൻ എന്ന വ്യക്തി മറ്റൊരാളാണല്ലോ. താൽപര്യമില്ല എന്നു വ്യക്തമാക്കിയിട്ടും ആ കുട്ടി ഇഷ്ടമാണ് എന്നു തന്നെ ആവർത്തിച്ചുകൊണ്ടിരുന്നു. ഒടുവിൽ ഒരു വിധത്തിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുകയായിരുന്നു.

നീ ആളാകെ മാറിയല്ലോടാ

ഭാര്യ ഗോപിക. തൃശൂരാണ് വീട്. അവൾ വലിയ സപ്പോർട്ട് തരുന്നുണ്ട്. പണ്ട് ഞാന്‍ അധികം സംസാരിക്കാത്ത ആളായിരുന്നു. ഇപ്പോൾ അതു മാറി. ഒപ്പം പഠിച്ച കൂട്ടുകാരൊക്കെ കാണുമ്പോൾ ‘നീ ആളാകെ മാറിയല്ലോടാ’ എന്നു പറയും.

ഇനി സിനിമയിൽ

സിനിമയാണ് ലക്ഷ്യം. ഇപ്പോൾ ‘ഗോസ്റ്റ് ഇന്‍ ബത്ലഹേം’ എന്നൊരു സിനിമയിൽ നായകനായി അഭിനയിക്കുന്നു. ടി.എസ് അരുൺ സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലും മലയാളത്തിലുമാണ് റിലീസ് ചെയ്യുക. ജെറി എന്ന കഥാപാത്രമാണ് എനിക്ക്.