Thursday 09 May 2019 03:13 PM IST : By സ്വന്തം ലേഖകൻ

‘ഫഹദ് ഗംഭീര അഭിനേതാവ്, താമസിച്ചാണെങ്കിലും ആരാധകനാകാൻ കഴിഞ്ഞതിൽ സന്തോഷം’! ട്വീറ്റുമായി ബോളിവുഡ് സംവിധായകൻ

fahad-fazil

ഫഹദ് ഫാസിലിനെ പ്രശംസിച്ച് ബോളിവുഡ് സംവിധായകൻ. ഫഹദ് ഗംഭീര അഭിനേതാവാണെന്നും കുറച്ച് താമസിച്ചാണെങ്കിലും അദ്ദേഹത്തിന്റെ ആരാധകനാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും നിതേഷ് തിവാരി ട്വീറ്റ് ചെയ്തു.

മഹേഷിന്റെ പ്രതികാരം, സൂപ്പര്‍ ഡീലക്സ്, ഞാന്‍ പ്രകാശന്‍, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങി ഫഹദിന്റെ കരിയറിലെ ശ്രദ്ധേയമായ നാല് സിനിമകളെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്.

ഫഹദ് ഫാസില്‍ ഏതു കഥാപാത്രം അവതരിപ്പിച്ചാലും ഗംഭീരമാണെന്നും ഇനിയും ഇത്തരം സിനിമകള്‍ ചെയ്ത് ഞങ്ങളെ സന്തോഷിപ്പിക്കണമെന്നും സംവിധായകന്‍ കുറിച്ചു.

ബോളിവുഡിലെ പ്രശസ്ത തിരക്കഥാകൃത്ത് കൂടിയായ നിതേഷാണ് ആമിര്‍ ഖാന്റെ സൂപ്പർഹിറ്റ് ചിത്രം ‘ദംഗൽ’ തിരക്കഥ എഴുതി സംവിധാനം ചെയ്തത്.

നിതേഷിന്റെ ട്വീറ്റ് വൈറലായതോടെ, തൊണ്ടി മുതലും ദൃക്സാക്ഷിയും, കാര്‍ബണ്‍, ചാപ്പാകുരിശ്, നോര്‍ത്ത് 24 കാതം, ആമേന്‍ തുടങ്ങി ഫഹദിന്റെ പഴയ സിനിമകളും കാണണമെന്ന് നിരവധി പേര്‍ സംവിധായകനോട് കമന്റുകളിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

തിരഞ്ഞെടുത്തു തന്ന സിനിമകൾക്ക് നന്ദിയുണ്ടെന്നും തീർച്ചയായും കാണുമെന്നും നിതേഷ് ഇതിനു മറുപടി പറഞ്ഞു.