Thursday 11 April 2019 03:22 PM IST : By സ്വന്തം ലേഖകൻ

നിത്യയുടെ പാട്ട് വൈറൽ! കയ്യടിച്ച് സോഷ്യൽ മീഡിയ

nithya-new

അഭിനയത്തിൽ മാത്രമല്ല, പാട്ടിലും തിളങ്ങുന്ന നായികയാണ് നിത്യ മേനോൻ. നിത്യ പാടിയ പാട്ടുകൾ ആസ്വാദകർ ഇരു കൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു സൗഹൃദ സദസ്സിൽ നിത്യ പാടിയ പുതിയ പാട്ടും ട്വിറ്ററിൽ വൈറലായി മാറിയിരിക്കുന്നു.

ഗുരു ദത്തും മധുബാലയും അഭിനയിച്ച് 1955 ൽ പുറത്തിറങ്ങിയ ‘മിസ്റ്റർ ആൻഡ് മിസ്സിസ്സ് 55’ എന്ന ചിത്രത്തിൽ മുഹമ്മദ് റാഫിയും ഗീത ദത്തും ചേർന്ന് ആലപിച്ച ‘ജാനേ കഹാ മേരാ ജിഗർ ഗയേ ഹെ’ എന്നു തുടങ്ങുന്ന ഗാനമാണ് നിത്യ രസകരമായി ആലപിച്ചിരിക്കുന്നത്.

ഇതിനോടകം ട്വിറ്ററിൽ വൈറലായ വിഡിയോ നിത്യയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ആരാധകർക്കായി ഗാനത്തിന്റെ ഫുൾ വിഡിയോ ഉടൻ ഷെയർ ചെയ്യാൻ ശ്രമിക്കുമെന്നും നിത്യ.

വി.കെ പ്രകാശ് സംവിധാനം ചെയ്ത, അടുത്തിടെ റിലീസായ ‘പ്രാണ’യിലും നിത്യ ഒരു ഗാനം ആലപിച്ചിരുന്നു.

അക്ഷയ് കുമാർ നായകനാവുന്ന ‘മിഷൻ മംഗൾ’ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണിപ്പോൾ നിത്യ. ജഗൻ സാക്ഷിയാണ് ‘മിഷൻ മംഗളി’ന്റെ സംവിധായകൻ. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ പൂർത്തിയായി.

പ്രിയദർശിനി സംവിധാനം ചെയ്യുന്ന ജയലളിതയുടെ ബയോപിക് ചിത്രത്തിലും നിത്യയാണ് നായിക. ടി. കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ‘കോളാമ്പി’യാണ് അണിയറയിൽ പുരോഗമിക്കുന്ന നിത്യയുടെ മറ്റൊരു ചിത്രം.