Tuesday 13 August 2019 11:55 AM IST : By സ്വന്തം ലേഖകൻ

‘കാര്യങ്ങൾ ചെയ്യാൻ എനിക്കെന്റേതായ രീതികളുണ്ട്, എന്നു കരുതി ഞാൻ ഒന്നും ചെയ്യുന്നില്ല എന്നു കരുതരുത്’! വിമർശനങ്ങൾക്കെതിരെ ആഞ്ഞടിച്ച് നിത്യ

nithya-new

വിമർശനങ്ങൾക്കു മറുപടിയുമായി നിത്യ മേനോൻ. കേരളം പ്രളയ ദുരിതത്തെ നേരിടുമ്പോൾ അതെക്കുറിച്ചു പറയാതെ തന്റെ പുതിയ ചിത്രത്തിന്റെ പ്രചരണ പരിപാടികളിൽ പങ്കെടുത്തു എന്ന പേരിൽ കടുത്ത വിമർശനമാണ് നിത്യ സോഷ്യൽ മീഡിയയിൽ നേരിട്ടത്.

ഇത്തരം കാര്യങ്ങളിൽ സാധാരണ പ്രതികരിക്കാറില്ലെന്നും എന്നാല്‍ വിമർശനം അതിരുവിടുന്നതിനാലാണു പ്രതികരിക്കുന്നതെന്നും ഫെയ്സ്ബുക്ക് ലൈവ് വിഡിയോയിൽ നിത്യ വ്യക്തമാക്കി.

വ്യക്തി എന്ന നിലയിൽ ചെയ്യുന്നതെല്ലാം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കണമെന്ന് നിർബന്ധമില്ലെന്നും ഇടുങ്ങിയ ചിന്താഗതിയുള്ളവർക്ക് കാണാൻ കഴിയുന്നതിന് മുകളിലാണ് ആളുകളും അവരുടെ ജീവിതവുമെന്നും നിത്യ വ്യക്തമാക്കുന്നു.

‘കേരളം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രളയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഞാൻ യാതൊന്നും പങ്കുവയ്ക്കുന്നില്ല എന്നാരോപിച്ച് കടുത്ത വിമർശനമാണ് നേരിടുന്നത്. സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നില്ലെന്നു കരുതി ഒരാൾ ഒന്നും ചെയ്യുന്നില്ലെന്നു കരുതരുത്. അതു ശരിയല്ല. കാര്യങ്ങൾ ചെയ്യാൻ എനിക്കെന്റേതായ രീതികളുണ്ട്. ചില പ്രത്യേക കാര്യങ്ങൾക്ക് വേണ്ടി മാത്രമാണ് ഞാൻ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത്. ഇവിടെ പോസ്റ്റ് ചെയ്യുന്നില്ലെന്നു കരുതി ഞാൻ ഒന്നും ചെയ്യുന്നില്ല എന്ന് കരുതരുത്’.– താരം വ്യക്തമാക്കി.

ചിത്രത്തിന്റെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നത് തന്റെ ജോലിയുടെ ഭാഗമാണെന്നും അതിനായി പ്രത്യേക പണം കൈപ്പറ്റുന്നില്ലെന്നും താരം വ്യക്തമാക്കി.

‘മിഷൻ മംഗൽ’ എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രചാരണ പരിപാടികളിൽ താരം പങ്കെടുക്കുന്നതും അതിനെക്കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗിക പേജിൽ പങ്കുവയ്ക്കുന്നതുമാണ് വിമർശനത്തിന് വഴി വച്ചത്.