Monday 16 April 2018 10:36 AM IST : By സ്വന്തം ലേഖകൻ

കശ്മീര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടിക്കാലത്ത് നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് നടി

nivetha

ലോകം ഏറെ നടുക്കത്തോടെയാണ ്കശ്മീരിലെ പിഞ്ചുബാലിക പിച്ചി ചീന്തപ്പെട്ട വാര്‍ത്ത അറിഞ്ഞത്. ഓരോ ഇന്ത്യക്കാരനും നാണിച്ച് തല കുനിക്കുന്ന സംഭവം. കുഞ്ഞുങ്ങള്‍ ആദ്യമായല്ല ഇത്തരം ക്രൂര പീഡനങ്ങള്‍ക്ക് ഇരയാകുന്നത് എന്നിട്ടും നീതി കിട്ടാത്ത നിരവധി സംഭവങ്ങള്‍. കശ്മീര്‍ പെണ്‍കുട്ടിക്കു സംഭവിച്ച ദാരുണ പീഡന കഥ പുറം ലോകമറിയുമ്പോള്‍ തന്റെ കുട്ടിക്കാലത്തു നേരിട്ട പീഡനം സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തി നടി. തെന്നിന്ത്യൻ നടിയും മോഡലുമായ നിവേത പെതുരാജ് ആണ്  കുട്ടിക്കാലത്ത് നേരിട്ട ഞെട്ടുന്ന ഒരു ലൈംഗികാതിക്രമം തുറന്നു പറഞ്ഞ് രംഗത്തുവന്നിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു നിവേദയുടെ തുറന്നുപറച്ചില്‍. നടികള്‍ക്കെതിരായ ലൈംഗികാതിക്രമണങ്ങളുടെ കഥകള്‍ പുതിയതല്ല സിനിമാലോകത്ത്.  എങ്കിലും കത്വ പീഡനത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടിക്കാലത്തെ ദുരന്ത കഥ ഓര്‍ത്ത് സുരക്ഷിതരല്ല ആരുമെന്ന് നടി പറയുന്നു. നിവേതയുടെ വിഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ഇത് കാണുന്ന പുരുഷന്മാരിലും സ്ത്രീകളിലും വലിയൊരു ശതമാനം പേരും ലൈംഗികാതിക്രമത്തിന് ഇരകളായിട്ടുണ്ടാകുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് താന്‍ ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത് എന്നും നിവേത പറയുന്നു.

അഞ്ച് വയസ്സുള്ളപ്പോള്‍ സംഭവിച്ചത് ഞാന്‍ എങ്ങനെയാണ് രക്ഷിതാക്കളോട് പറയുക. ഞാന്‍ അതെങ്ങനെ വിവരിക്കും. സംഭവിച്ചത് എന്താണെന്ന് ആ പ്രായത്തില്‍ എനിക്ക് മനസ്സിലായിട്ട് പോലുമുണ്ടായിരുന്നില്ല. ഇത്തരം കുറ്റകൃത്യങ്ങളില്‍ പലപ്പോഴും പ്രതികളാവുന്നത് അപരിചിതരല്ല, നമുക്ക് പരിചയമുള്ളവര്‍ തന്നെയാണ്. ബന്ധുക്കളും സുഹൃത്തുക്കളും അയല്‍ക്കാരും അടക്കം നമുക്ക് ചുറ്റുമുള്ളവര്‍ തന്നെയാണ് ഈ അപരാധം ചെയ്യുന്നത്. നമ്മുടെ രക്ഷിതാക്കളോട് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്. അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും ഇക്കാര്യങ്ങള്‍ നിങ്ങള്‍ കുഞ്ഞുങ്ങളുമായി സംസാരിക്കണം. അത് രണ്ടു വയസ്സുള്ളപ്പോള്‍ തന്നെ തുടങ്ങണം.

തെറ്റായ സംസാരം എന്താണെന്നും തെറ്റായ സ്പര്‍ശം എന്താണെന്നും അവരെ പഠിപ്പിക്കണം. ഇത്തരം വേദനയിലൂടെയും മറ്റും അവര്‍ക്ക് എപ്പോഴാണ് പോകേണ്ടിവരിക എന്നറിയില്ല. സ്‌കൂളിലും ട്യൂഷന്‍ ക്ലാസിലും അയല്‍വീട്ടിലുമെല്ലാം എന്താണ് സംഭവിക്കുക എന്നും നമുക്കറിയില്ല. ഓരോ തെരുവിലും എട്ടും പത്തും ആള്‍ക്കാര്‍ അടങ്ങുന്ന ചെറു സംഘങ്ങള്‍ ഉണ്ടാക്കി ഇത്തരം കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ സംവിധാനം ഉണ്ടാക്കണം. ദിവസം മുഴുവന്‍ ഇവര്‍ തെരുവുകളില്‍ നടക്കുന്നത് എന്താണെന്ന് അവര്‍ അറിയണം. അവിടെ സംശയാസ്പദമായി എന്തെങ്കിലും നടന്നാല്‍ അവര്‍ക്ക് അത് കണ്ടുപിടിക്കുകയും ചോദ്യം ചെയ്യുകയുമാവാം. ഞങ്ങള്‍ സ്ത്രീകള്‍ക്കുവേണ്ടി ദയവു ചെയ്ത് ഇതു നിങ്ങള്‍ ചെയ്യണം.

നിങ്ങള്‍ നിരീക്ഷണം നടത്തുന്ന കാര്യം അവരെ അറിയിക്കണം. ഞങ്ങള്‍ക്കുവേണ്ടി എന്തു ചെയ്യണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത് അത് ചെയ്യുക. എപ്പോഴും പോലീസിനെ ആശ്രയിക്കാനാവില്ല എന്നതാണ് കാരണം. അവര്‍ നമ്മളെ രക്ഷിക്കും. എന്നാല്‍, സുരക്ഷയ്ക്കുവേണ്ടി നമുക്ക് നമ്മളില്‍ തന്നെയും നമുക്ക് ചുറ്റുമുള്ളവരിലും വിശ്വാസമുണ്ടാവണം.

പുറത്തിറങ്ങി എല്ലാവരെയും സംശയിക്കേണ്ടിവരുമ്പോള്‍ ഞാന്‍ പരിഭ്രാന്തരാവാറുണ്ട്. ഇത് തെറ്റാണ്, നമ്മള്‍ അത് ഉപേക്ഷിക്കേണ്ടതാണ്. ഇത് ഞങ്ങള്‍ക്ക് നല്‍കാവുന്ന ഏറ്റവും ചെറിയ കാര്യമാണ്. എല്ലാ പുരുഷന്മാരോടുമുള്ള എന്റെ ഒരു അഭ്യര്‍ഥനയാണിത്-നിവേത  പറഞ്ഞു.