Thursday 10 January 2019 04:44 PM IST : By സ്വന്തം ലേഖകൻ

‘പേരുദോഷം മാറ്റി’ സീരിയസായി പ്രണയിക്കാൻ ഷറഫ്; ‘നീയും ഞാനും’ റിലീസിനൊരുങ്ങുന്നു

njanun-neeyum-1

ഷറഫുദ്ദീന്റെ പ്രണയമെന്നു കേട്ടാൽ പ്രേക്ഷകരുടെ മനസ്സിൽ ആദ്യമെത്തുക പ്രേമത്തിലെ ഗിരിരാജൻ കോഴിയുടെ മുഖമാണ്. അത്രയും ചിരിയുണ്ടാക്കാൻ ചിത്രത്തിലെ ഷറഫിന്റെ പൂവാലൻ കഥാപാത്രത്തിനു കഴിഞ്ഞു. എന്നാൽ ഇനി അൽപ്പം സീരിയസായി പ്രണയിക്കാനാണ് ഷറഫിന്റെ പ്ലാൻ. മറ്റൊന്നുമല്ല, ഷറഫ് ആദ്യമായി നായക വേഷത്തിലെത്തുന്ന ‘നീയും ഞാനും’ എന്ന ചിത്രത്തിൽ ഒരു കാമുകന്റെ വേഷത്തിലാണ് താരം. എ.കെ സാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനു സിതാരയാണ് നായികയായെത്തുന്നത്.ഷറഫ് കൂടി നായകനാകുന്നതോടെ പ്രേമം ടീമില്‍ നിന്ന് മറ്റൊരു നായകനെക്കൂടിയാണ് മലയാള സിനിമയ്ക്ക് ലഭിക്കുന്നത്.

njanum-neeyum-2

ഒരു സാഹസിക പ്രണയകഥയുമായാണ് ഇത്തവണ സാജന്റെ വരവ്. മലയാളത്തിലെ എണ്ണം പറഞ്ഞ മികച്ച ത്രില്ലർ സിനിമകളുടെ തിരക്കഥാകൃത്തായ സാജൻ സംവിധായകനായപ്പോഴും അത്തരം സിനിമകൾക്കാണ് പ്രാധാന്യം നൽകിയത്. അദ്ദേഹത്തിന്റെ മുൻ സംവിധാന സംരംഭമായ ‘പുതിയ നിയമ’വും കുടുംബ പശ്ചാത്തലത്തിലുള്ള ക്രൈം ത്രില്ലറായിരുന്നു.

കൊക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രം നിർമ്മിക്കുന്നത്. സിജു വിൽസനും വിഷ്ണു ഉണ്ണികൃഷ്ണനുമാണ് നായകനിരയിലെ മറ്റു താരങ്ങൾ. ദിലീഷ് പോത്തൻ, അജു വർഗീസ്, ഷഹീൻ, സാദിഖ്, സുരഭി, സോഹൻ സീനുലാൽ, കലാഭവൻ ഹനീഫ്, സുധി എന്നിവരും ചിത്രത്തിലുണ്ട്.

ഒരു പെൺകുട്ടിയുടെ ജീവിതത്തിലേക്ക് രണ്ടു കാലഘട്ടങ്ങളിൽ കടന്നുവരുന്ന രണ്ടു പുരുഷന്മാരുടെ കഥയാണ് ചിത്രം. ചിത്രം പതിനെട്ടിന്  തിയേറ്ററുകളിലെത്തും.