Monday 12 August 2019 02:44 PM IST : By സ്വന്തം ലേഖകൻ

‘മനുഷ്യൻ...നൗഷാദ്...’! തമ്പി ആന്റണിയുടെ സ്നേഹ സമ്മാനം 50000 രൂപ, അഭിനന്ദന പ്രവാഹം

n-new

പ്രളയ ബാധിതർക്കു വേണ്ടി, സ്വന്തം കടയില്‍ വിൽപ്പനയ്ക്കെത്തിച്ച പുതുവസ്ത്രങ്ങൾ വാരി നൽകി കാരുണ്യത്തിന്റെ പരിധികളില്ലാത്ത ലോകത്തേക്കാണ് നൗഷാദ് എന്ന സാധാരണ വഴിയോരക്കച്ചവടക്കാരൻ കേരളത്തെ കൂട്ടിക്കൊണ്ടു പോയത്.

എറണാകുളം ബ്രോഡ് വേയില്‍ വഴിയോര കച്ചവടം നടത്തുന്ന, മാലിപ്പുറം സ്വദേശിയായ നൗഷാദ്, നടൻ രാജേഷ് ശര്‍മയുൾപ്പടെ, ദുരിതാശ്വാസ പ്രവര്‍ത്തകര്‍ സഹായം ചോദിച്ച് എത്തിയപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ തന്റെ കടയിലെ തുണിത്തരങ്ങള്‍ മുഴുവൻ വാരി ചാക്കിലാക്കി നൽകുകയായിരുന്നു. രാജേഷ് ശർമ ഇതിന്റെ വിഡിയോ ഫെയ്സ്ബുക്കിൽ പങ്കു വച്ചതോടെയാണ് സംഭവം വൈറലായത്.

സോഷ്യൽ മീഡിയയിൽ നൗഷാദാണ് ഇപ്പോൾ താരം. വിവിധ മേഖലകളിൽ പെട്ട, നിരവധി പേരാണ് നൗഷാദിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. അതില്‍ നടൻ സിദ്ദിഖ്, എഴുത്തുകാരനും നടനുമായ തമ്പി ആന്റണി എന്നിവരുമുണ്ട്.

ഈ മനുഷ്യൻ..... നൗഷാദ്.....

ദുരിതാശ്വാസത്തിനായി തുണിത്തരങ്ങളും ചെരുപ്പുകളും തെണ്ടി ബ്രോഡ്‌‌വേയിലെ കടകൾ തോറും കയറിയിറങ്ങി നടക്കുമ്പോൾ "നിങ്ങൾക്ക് കുഞ്ഞുടുപ്പുകൾ വേണോ" എന്നു ചോദിച്ച് കൂട്ടിക്കൊണ്ടു പോയി, അഞ്ച് ചാക്കു നിറയെ തുണിത്തരങ്ങൾ എടുത്തു തന്നൊരു മട്ടാഞ്ചേരിക്കാരൻ. നിങ്ങൾക്കിത് വലിയ നഷ്ടം വരുത്തില്ലേ‌ത്? എന്നു ചോദിച്ചപ്പോൾ, "നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ." എന്നുപറഞ്ഞ് ചിരിച്ചൊരു മനുഷ്യൻ.

ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിർത്തുന്നത് വലിയ മനുഷ്യരുടെ കാണാൻ കഴിയാത്ത കൈയുകളാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. നൗഷാദിക്കാ, തീർച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാൻ വിശ്വസിക്കുന്നു.

ചില നുണ പ്രചരണങ്ങൾക്കിപ്പുറവും, കരുതൽ പങ്കു വയ്ക്കുന്ന, ചേർത്തു പിടിക്കുന്ന, നിസ്വാർത്ഥരായ മനുഷ്യരെക്കണ്ട് മനസ്സു നിറയുന്നു..??

സ്നേഹം.
നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും. !!’ .–
സിദ്ദിഖ് ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ

അതേ സമയം തമ്പി ആന്റണി ഫെയ്സ്ബുക്ക് കുറിപ്പിനൊപ്പം നൗഷാദിന് 50000 രൂപ സ്നേഹ സമ്മാനവും വാഗ്ദാനം ചെയ്തു.

‘നൗഷാദ്... നൗഷാദ്...
നിങ്ങളുടെ വിശാല മനസ്സിന്
ഏതു കഠിനഹൃദയനും
പ്രചോദനമേകുന്ന
ഹൃദയ വിശാലതക്ക്
സാഷ്ടാംഗ പ്രണാമം

നിങ്ങളുടെ നഷ്ടത്തില്‍ 50000 രൂപ ഞാന്‍ പങ്കിടുന്നു’ .– എന്നാണ് തമ്പി ആന്റണി കുറിച്ചത്.

കരുണ്യത്തിന്റെ കനൽ ഇനിയും കെട്ടുപോയിട്ടില്ല എന്നു തെളിയിക്കുകയാണ് നൗഷാദിനെപ്പോലെയുള്ള എത്രയോ മനുഷ്യർ. കനിവിന്റെ മുഖമായി മാറുന്ന ഇവർ തന്നെയാണ് ‘നാം ഇതിനെയും അതിജീവിക്കും’ എന്നതിന്റെ കരുത്ത്.

അവർക്കറിയാം, ഞാനിങ്ങനെ ആണെന്ന്! ഇതിപ്പൊ നാട്ടുകാർ അറിഞ്ഞതുകൊണ്ടാ... നന്മയുടെ പെരുന്നാളിന് നാടിന്റെ കയ്യടി