Friday 25 September 2020 04:59 PM IST

‘എഴുത്ത് അവസാന ഘട്ടത്തിലേക്ക്, മോഹൻലാലിന് കഥ ഇഷ്ടപ്പെട്ടു’; നമ്പർ 20 മദ്രാസ് മെയിൽ ന്യൂഡൽഹിയിലേക്ക് നീട്ടുന്നു

V R Jyothish

Chief Sub Editor

madrassjggfffddtukkkjg

മുപ്പതു വർഷം മുമ്പ് സിനിമാപ്രേമികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ മെഗാഹിറ്റ് സിനിമ നമ്പർ 20 മദ്രാസ് മെയിലിന് രണ്ടാംഭാഗം ഒരുങ്ങുന്നു! തിരുവനന്തപുരത്തു നിന്ന് ആരംഭിച്ച് മദ്രാസിലെ സെൻട്രൽ റെയിൽവേ േസ്റ്റഷനിൽ അവസാനിച്ച ഇരുപതാം നമ്പ‍ർ വണ്ടിയുടെ കഥ പറഞ്ഞ സിനിമ അന്ന് പ്രേക്ഷകർക്ക് പുതിയൊരു അനുഭവമായിരുന്നു. 

അഴകത്ത് ഈശ്വർ ഹരികുമാർ എന്ന എ. ഇ. ഹരികുമാർ ആയിരുന്നു നമ്പർ 20 യുടെ കഥയെഴുതിയത്. തിരക്കഥയെഴുതിയത് ഡെന്നീസ് ജോസഫും. ജോഷിയുടെ സംവിധാനം. ഒരു തീവണ്ടിയാത്രയിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ പ്രമേയം. കേരളത്തിലും തമിഴ്നാട്ടിലുമുള്ള ഒട്ടുമിക്ക റെയിൽവേ േസ്റ്റഷനുകളിലൂടെയും ക്യാമറ സഞ്ചരിച്ചു. യാത്രക്കാരെയും ജീവിതസന്ദർഭങ്ങളെയും അതിൽ പകർത്തി. അവസാനം നല്ലൊരു സസ്പെൻസ് കഥ പ്രേക്ഷകനു മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. 

തിരുവനന്തപുരത്തു നിന്ന് മദ്രാസിലേക്കു പോകുന്ന ആ മെയിൽ  ട്രെയിനിൽ ഒരു പെൺകുട്ടി കൊല്ലപ്പെടുന്നതും ആ കൊലപാതകിയെ കണ്ടുപിടിക്കുന്നതുമാണ്  കഥ. വ്യത്യസ്തമായ ഒരു സസ്പെൻസ് ക്രൈം ത്രില്ലർ. കഥ പറയുന്ന രീതി മാത്രമല്ല ആ സിനിമ അന്ന് പ്രേക്ഷകന് നൽകിയത്. മികച്ച സാങ്കേതികവിദ്യ കൂടിയായിരുന്നു. കംപ്യൂട്ടറോ ഗ്രാഫിക്സോ വരുന്നതിന് മുമ്പ് സാങ്കേതികമായി ഇത്രയും മികവ് പുലർത്തിയ ചിത്രങ്ങൾ അന്ന് മലയാളസിനിമയിൽ അപൂർവങ്ങളിൽ അപൂർവമായിരുന്നു. 

അങ്ങനെ മെഗാഹിറ്റാക്കിയ നമ്പർ 20 മദ്രാസ് മെയിലിന്റെ രണ്ടാം ഭാഗത്തിന് കഥയും തിരക്കഥയുമെഴുതുന്നത് ഹരികുമാർ തന്നെ. മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിച്ച് മെഗാഹിറ്റായ സിനിമ എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു ഇതിന്. മമ്മൂട്ടി അതേ പേരിലുള്ള സിനിമാനടനായി അഭിനയിച്ച അപൂർവം സിനിമകളിലൊന്നുമാണ് ഇത്. സംവിധായകൻ പ്രിയദർശൻ, തമിഴ്നടൻ ത്യാഗരാജൻ തുടങ്ങിയവരും ആ സിനിമയിൽ അഭിനയിച്ചു.

നമ്പർ 20– ഹിറ്റായെങ്കിലും പിന്നീട് എഴുത്തിൽ അധികം ശ്രദ്ധ കേന്ദ്രീകരിക്കാതെ ബിസിനസിലേക്കു കടന്ന ഹരികുമാർ ഒരു ഇടവേളയ്ക്കുശേഷമാണ് എഴുത്തിൽ വീണ്ടും സജീവമാകുന്നത്. അതുകൊണ്ടുതന്നെ സിനിമയുടെ മുഖ്യധാരയിൽ ഹരികുമാർ അത്ര സുപരിചിതനല്ല. എന്നാൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടൻ അശോകന്റെ സഹോദരൻ എന്ന നിലയിൽ ഹരികുമാർ ഏല്ലാവർക്കും പരിചിതനുമാണ്.

‘എഴുത്ത് അതിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. മോഹൻലാലിന് കഥ ഇഷ്ടപ്പെട്ടു. ക്ലൈമാക്സിൽ ചില തിരുത്തലുകൾ പറഞ്ഞിട്ടുണ്ട്. അതുകൂടി കഴിഞ്ഞാൽ പ്രോജക്റ്റിലേക്കു കടക്കും.’ നമ്പർ –20യുടെ രണ്ടാംഭാഗത്തെക്കുറിച്ച് ഹരികുമാർ പറയുന്നു.

‘ജോഷിയേട്ടനല്ലാതെ മറ്റൊരാളായിരുന്നെങ്കിൽ നമ്പർ –20 മദ്രാസ് മെയിൽ ഇത്രയും ഹിറ്റാവുമായിരുന്നില്ല. ഇന്ത്യയിലെ തന്നെ മികച്ച സംവിധായകരിൽ ഒരാളാണ് അദ്ദേഹം. അതുകൊണ്ട് രണ്ടാംഭാഗം സംവിധാനം െചയ്യുന്നതാരെന്ന ചോദ്യത്തിന് പ്രസക്തിയില്ല. ജോഷിയേട്ടൻ തന്നെ..’- ഹരികുമാർ പറയുന്നു.

‘ന്യൂഡൽഹി എക്സ്പ്രസ്’ നമ്പർ 20 മദ്രാസ് മെയിൽ രണ്ടാംഭാഗം’ എന്നാണ് എഴുത്തിനിടയിൽ സിനിമയ്ക്ക് പേരിട്ടത്. ടോണി കുരിശിങ്കലിനോടൊപ്പം കോട്ടയത്തു നിന്ന് ആരംഭിക്കുന്ന യാത്ര അവസാനിക്കുന്നത് ന്യൂഡൽഹിയിലാണ്. അതുകൊണ്ടാണ് ന്യൂഡൽഹി എക്സ്പ്രസ് എന്ന േപര് ആദ്യം കൊടുത്തത്. പേര് ഉറപ്പിച്ചിട്ടില്ല. സിനിമയിൽ പ്രധാന കഥാസന്ദർഭങ്ങൾ ന്യൂഡൽഹിയിലായതുകൊണ്ടാണ് ആ പേരിട്ടു എന്നുമാത്രം. പഴയ സുഹൃത്തുക്കളുമായി മദ്രാസും കടന്ന് ന്യൂഡൽഹിയിലേക്ക് കഥ നീളുന്നു.

മമ്മൂട്ടി സിനിമാനടൻ മമ്മൂട്ടിയായി തന്നെ അഭിനയിച്ച സിനിമയാണ് നമ്പർ 20 മദ്രാസ് മെയിൽ. മോഹൻലാൽ, ജഗദീഷ്, മണിയൻ പിള്ള രാജു, ഇന്നസെന്റ്, അശോകൻ തുടങ്ങിയവർ രണ്ടാംഭാഗത്തിലുമുണ്ടാവും. മോഹൻലാൽ അവതരിപ്പിച്ച ടോണി കുരിശിങ്കലും ജഗദീഷ് അഭിനയിച്ച കുമ്പളം ഹരിയും മണിയൻ പിള്ള രാജുവിന്റെ കഞ്ഞിക്കുഴി ഹിച്ച്കോക്കും രണ്ടാംഭാഗത്തിലും വരുന്നുണ്ട്. മുപ്പതുവർഷത്തെ ഇടവേള നൽകിയ വളർച്ചയും വികാസവും ഈ കഥാപാത്രങ്ങൾക്കും ഉണ്ടാവുമെന്ന് ഹരികുമാർ പറയുന്നു.

‘മലയാളികൾ ഇന്നും ഗൃഹാതുരതയോടെ ഓർക്കുന്ന സിനിമയാണ് അത്. അതുകൊണ്ടുതന്നെ രണ്ടാംഭാഗത്തിനും ആ സ്വീകാര്യത കിട്ടുമെന്നാണ് എന്റെ പ്രതീക്ഷ. ഒന്നാംഭാഗം പോലെ തന്നെ രണ്ടാം ഭാഗവും വ്യത്യസ്തമായിരിക്കണം എന്ന ആഗ്രഹമുണ്ട്. അതുകൊണ്ടാണ് തിരക്കഥ ഇത്രയും നീണ്ടുപോയത്..’ ഹരികുമാർ പറയുന്നു. എറണാകുളത്താണ് ഹരികുമാർ സകുടുംബം താമസിക്കുന്നത്. ഭാര്യ ഗീത സൗത്ത് ഇന്ത്യൻ ബാങ്കിൽ മാനേജരാണ്. മകൻ വിഷ്ണു റിലയൻസിൽ ജോലി ചെയ്യുന്നു.

Tags:
  • Movie News
  • Movies