Friday 13 July 2018 10:20 AM IST : By സ്വന്തം ലേഖകൻ

‘ഒടിയനിലെ ആ ഗാനം കണ്ണീർ പൂവിനെക്കാൾ മികച്ചത്’; എംജി ശ്രീകുമാർ–വിഡിയോ

odiyan-song

മോഹൻലാൽ എന്ന അഭിനയ പ്രതിഭ നമുക്കായ് കാത്തുവച്ചിരിക്കുന്ന ഒടിയൻ എന്ന ദൃശ്യവിസ്മയത്തിലേക്ക് ഇനി അധികം ദൂരമില്ല. ആകാംക്ഷയേറ്റിയെത്തിയ ചിത്രത്തിന്റെ ട്രെയിലറുകൾ ആ സൂചനയാണ് നൽകുന്നത്. ദൃശ്യവിസ്മയത്തിനൊപ്പം മനോഹരമായ സംഗീതംകൊണ്ടു കൂടി സമ്പന്നമാണ് ‘ഒടിയൻ’. മലയാളക്കരയ്ക്ക് ഒരുപിടി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച എം ജയചന്ദ്രനാണ് ചിത്രത്തിനായി മനോഹര ഗാനങ്ങൾ ഒരുക്കുന്നത്.

ഇപ്പോഴിതാ 'ഒടിയൻ' വ്യത്യസ്തമായ ഒരു സംഗീത അനുഭവമായിരിക്കുമെന്ന് സാക്ഷ്യപ്പെടുത്തുകയാണ് സംഗീത സംവിധായകൻ എം ജയചന്ദ്രനും ഗായകൻ എംജി ശ്രീകുമാറും. കാലത്തിനപ്പുറം നിൽക്കുന്ന സംഗീതമായിരിക്കും ഒടിയനിലേതെന്നാണ് ഇരുവരുടെയും അഭിപ്രായം.

ഫെയ്സ്ബുക്കിലൂടെയാണ് ഇരുവരും ഇക്കാര്യം പങ്കുവച്ചത്. ഒടിയനിലൂടെ ഒരു ജീവിത സ്വപ്നം യാഥാർഥ്യമാവുകയാണ്. അഞ്ച് പാട്ടുകൾ ചിട്ടപ്പെടുത്താന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു എന്നും ചിത്രത്തിന്റെ സംഗീത സംവിധായകൻ എം ജയചന്ദ്രൻ പറഞ്ഞു.

രാവും പലകും ഒടിയനു വേണ്ടി മാറ്റി വച്ചിരിക്കുകയാണെന്നാണ് ജയചന്ദ്രൻ പറയുന്നത്. അതേസമയം 36 വർഷത്തെ കരിയറിൽ ഏറ്റവും മികച്ച ഗാനമാണ് ഒടിയനിലേതെന്നായിരുന്നു ഗായകൻ എം.ജി ശ്രീകുമാറിന്റെ വാക്കുകൾ. തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഓരോ ഗാനവും ചിട്ടപ്പെടുത്തിയിരിക്കുന്നത്. കാരണം ഒടിയനോടൊപ്പം സഞ്ചരിച്ചാണ് ഓരോ ഗാനവും തയ്യാറാക്കിയിരിക്കുന്നത്. ആ കഥാപാത്രത്തെ അത്രയും ഉൾക്കൊണ്ടാൽ മാത്രമേ ഗാനങ്ങളും അങ്ങനെ അവതരിപ്പിക്കാനാകൂ. ഒടിയനിൽ ഇങ്ങനെ ഒരു ഗാനം ലഭിച്ചതിൽ ജന്മം സഫലമായി കരുതുന്നു എന്നും എംജി ശ്രീകുമാർ പറഞ്ഞു. തന്റെ ഇതുവരെ കേട്ടിട്ടില്ലാത്ത റെൻഡറിംഗാണ് ഒടിയനിലെ ഗാനത്തിൽ ഉപയോഗിച്ചിരിക്കുന്നതെന്നും എം ജി ശ്രീകുമാർ പറയുന്നു.

കണ്ണീർ പുവിനെക്കാളും സൂര്യകിരീടത്തേക്കാളും മികച്ചതും വ്യത്യസ്തത നിറഞ്ഞതുമായ ഗാനമാണിത്.  ഓരോ ഗാനവും മനോഹരമാണ്. ഇത്രയും വ്യത്യസ്തമായ ഗാനങ്ങൾ സമ്മാനിച്ച ജയചന്ദ്രനാണ് എല്ലാ അഭിനന്ദനങ്ങളും അർഹിക്കുന്നത്. സംഗീത പ്രേമികൾക്ക് ഒരു മുതൽക്കൂട്ടായിരിക്കും ഈ ചിത്രത്തിലെ ഗാനങ്ങളെന്നും എംജി ശ്രീകുമാർ കൂട്ടിച്ചേർത്തു. ശ്രീകുമാര്‍ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 14 ന് ചിത്രം തീയറ്ററുകളിലെത്തും.