Monday 10 September 2018 12:11 PM IST : By സ്വന്തം ലേഖകൻ

ഒടിയൻ ഡിസംബർ 14ന്; സ്ഥിരീകരണവുമായി ആന്റണി പെരുമ്പാവൂർ

odiyan

ഒടിയൻ ഡിസംബർ 14ന്, ലൂസിഫർ മാർച്ച് 28ന്, കുഞ്ഞാലി മരയ്ക്കാർ അടുത്ത ഓണത്തിന്. മോഹൻലാലിന്റെ ഈ ബിഗ് ബജറ്റ് പടങ്ങളുടെ റിലീസ് സ്ഥിരീകരിച്ചത് നിർമാതാവ് ആന്റണി പെരുമ്പാവൂർ തന്നെയാണ്. 

മൂന്നു സിനിമകളും വലിയ നിർമാണച്ചിലവുള്ളവയാണ്. മരയ്ക്കാർ 100 കോടിയിലാണ് ഒരുങ്ങുന്നത്. ഒടിയനും ലൂസിഫറും ഏകദേശം അൻപത് കോടിയോളം ചിലവ് കണക്കാക്കുന്നു. ഒടിയന്റെ ഡബ്ബിങ് പൂർത്തിയാക്കി കംപ്യൂട്ടർ ഗ്രാഫിക്സ് ജോലികൾ മുംബൈയിൽ പുരോഗമിക്കുകയാണ്. 

ലൂസിഫർ സെപ്റ്റംബറിൽ പൂർത്തിയാകും. നവംബർ ഒന്നിനു മരയ്ക്കാർ ചിത്രീകരണം തുടങ്ങും. 100 ദിവസംകൊണ്ടാണു മരയ്ക്കാർ പൂർത്തിയാക്കുക.‌‌

ഒടിയന്റെ ട്രെയിലർ അടുത്ത മാസം തിയറ്ററുകളിലെത്തും. നേരത്തെ, ഒടിയന്‍ ഒക്ടോബര്‍ 11ന് തിയറ്ററുകളില്‍ എത്തുമെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കേരളത്തിലെ പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റിലീസ് നീട്ടുകയായിരുന്നു. വി.എ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയന്റെ തിരക്കഥ ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണനാണ്. മഞ്ജു വാരിയർ നായികയാകുമ്പോൾ പ്രകാശ് രാജ് വില്ലനായി എത്തുന്നു.

പൃഥ്വിരാജിന്റെ ആദ്യസംവിധാന സംരംഭമാണ് ലൂസിഫർ. ചിത്രത്തിൽ മോഹൻലാലിനൊപ്പം വമ്പൻ താരനിര അണിനിരക്കുന്നു. ബോളിവുഡ് താരം വിവേക് ഒബ്റോയ് ആണ് വില്ലൻ. മഞ്ജു വാരിയർ, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, കലാഭവൻ ഷാജോൺ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.മലയാളത്തിന്റെ ചരിത്രത്തിൽ ഏറ്റവും ചെലവേറിയ സിനിമയെന്ന വിശേഷണത്തോടെയാണ് പ്രിയദർശൻ–മോഹൻലാല്‍ ടീമിന്റെ കുഞ്ഞാലി മരയ്ക്കാർ എത്തുന്നത്. നവംബർ ഒന്നിനു ഹൈദരാബാദിൽ ചിത്രീകരണം തുടങ്ങും. ഹിന്ദി, തെലുങ്ക്, ബ്രിട്ടിഷ് താരങ്ങൾക്കൊപ്പം ചൈനീസ് താരവും സിനിമയിൽ എത്തുന്നുണ്ട്. സിനിമയുടെ പ്രധാന ഭാഗങ്ങളെല്ലാം കടലിലാകും ചിത്രീകരിക്കുക. പ്രിയദർശന്റെ 95 ാമത്തെ ചിത്രമാണ് മരക്കാർ; ആശീർവാദിന്റെ 25 ാമത്തേതും.