Monday 21 January 2019 04:01 PM IST : By സ്വന്തം ലേഖകൻ

‘ഞാൻ വിവാഹിതയായെന്ന വാർത്ത തെറ്റ്’! വെളിപ്പെടുത്തലുമായി ഓവിയ, ആരവിനെ വിമർശിച്ച് ആരാധകർ

oviya-new

തമിഴ് ബിഗ് ബോസിലൂടെ വൻ ആരാധക പിന്തുണ നേടിയ മലയാളി താരമാണ് നടി ഒാവിയ ഹെലന്‍. അതോടെ ‘ഓവിയ ആര്‍മി’ എന്ന പേരിൽ താരത്തിന് ഫാൻ ക്ലബുമുണ്ടായി. ബിഗ്ബോസിലെ മറ്റൊരു താരവും വിജയിയുമായ ആരവിനോട് തനിക്കു പ്രണയമാണെന്നും അതിനാല്‍ ഇനി ഷോയിൽ തുടരുന്നില്ലെന്നും പ്രഖ്യാപിച്ചായിരുന്നു ഓവിയ ബിഗ് ബോസ് വിട്ടത്.

അക്കാലത്ത്, ആരവ് ഷോയിൽ വിജയിയായതിന്റെ കാരണം ഓവിയയുടെ പ്രണയവും വിവാദങ്ങളുമാണെന്ന പരിഹാസം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇവയെല്ലാം നിഷേധിച്ച്, തനിക്ക് ഓവിയയോട് സൗഹൃദം മാത്രമേ തോന്നിയിട്ടുള്ളൂ എന്ന പ്രഖ്യാപനവുമായി ആരവും രംഗത്തെത്തിയിരുന്നു.

എന്നാല്‍ മാസങ്ങള്‍ക്കു ശേഷം ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അതോടെ ഓവിയയും ആരവും വിവാഹിതരായെന്നും ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലാണെന്നുമൊക്കെ വാര്‍ത്ത പരന്നു. അതേ സമയം താനും ആരവും തമ്മില്‍ സൗഹൃദത്തിനപ്പുറം മറ്റൊന്നുമില്ലെന്നാണ് ഓവിയ പറയുന്നത്. ‘‘ഞാനും ആരവും തമ്മില്‍ സൗഹൃദത്തിനപ്പുറം മറ്റൊരു ബന്ധവുമില്ല. ആരവ് എന്റെ നല്ല സുഹൃത്താണ്. ഞങ്ങള്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ആണെന്നും വിവാഹിതരായി എന്നുമുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്’’.– ഓവിയ വ്യക്തമാക്കി.

ഇതോടെ തങ്ങളെ ഇത്ര നാളും പറ്റിച്ചതിന് ആരവിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ആരാധകരുടെ പ്രതിഷേധമിരമ്പുകയാണ്. സിനിമകളില്‍ അവസരങ്ങളായപ്പോള്‍ ഓവിയയെ ഉപേക്ഷിച്ചതാണെന്നാണ് നടിയുടെ ആരാധകര്‍ ആരോപിക്കുന്നത്. ഓവിയ ശരിക്കും ആരവിനെ പ്രണയിക്കുന്നുണ്ടെന്നും ബിഗ് സ്ക്രീനിലെത്താന്‍ എന്ത് ചെയ്യാനും ആരവ് തയാറാണെന്നും ഓവിയയെ പറ്റിച്ചതാണെന്നും ഇവര്‍ ആരോപിക്കുന്നു.