Saturday 09 February 2019 02:31 PM IST : By സ്വന്തം ലേഖകൻ

‘ഫിഗറ്ങ്കളേ നമ്പി നാനേ നെറയെ വാങ്കിയിരിക്കേണ്ടാ’! മദ്യപിച്ചും പുകവലിച്ചും ഒവിയ, ഒപ്പം സിമ്പുവും: വിവാദമായി ‘90 എം.എല്‍’ ട്രെയിലർ

oviya

വീണ്ടും ശ്രദ്ധാകേന്ദ്രമായി മലയാളിയായ തമിഴ് താരം ഒവിയ. ഒവിയ നായികയാകുന്ന പുതിയ തമിഴ് ചിത്രം ‘90 എം.എല്‍’ ന്റെ ട്രെയിലറാണ് പുതിയ വിവാദത്തിനു കാരണം.

പ്രധാന കഥാപാത്രങ്ങളുടെ ദ്വയാര്‍ത്ഥ പ്രയോഗങ്ങളും ചുംബന രംഗങ്ങളും മദ്യപാന സീനുകളുമൊക്കെയാണ് ട്രെയിലറിൽ നിറഞ്ഞു നിൽക്കുന്നത്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.

ബിഗ് ബോസിലൂടെയാണ് ഒവിയ തെന്നിന്ത്യ കീഴടക്കിയത്. വലിയ ഫാൻസ് സപ്പോർട്ട് ഈ റിയാലിറ്റി ഷോയിലൂടെ താരം സ്വന്തമാക്കി.

സ്ത്രീകള്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന 90 എം.എല്ലിൽ അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആന്‍സണ്‍ പോള്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. സിമ്പുവിന്റെ അതിഥി വേഷമാണ് മറ്റൊരു ഹൈലൈറ്റ്. ചിത്രത്തിന്റെ സംഗീത സംവിധായകനും സിമ്പുവാണ്. ട്രെയിലറിന്റെ ഒടുവിൽ ‘ഫിഗറ്ങ്കളേ നമ്പി നാനേ നെറയേ വാങ്കിയിരിക്കേണ്ടാ’ എന്ന സിമ്പുവിന്റെ ഡയലോഗ് ഇതിനോടകം ഹിറ്റാണ്.

ബിഗ് ബോസിൽ നിന്ന് ഓവിയ പുറത്താക്കപ്പെട്ടപ്പോൾ താരം സിമ്പുവുമായി പ്രണയത്തിലാണെന്ന് വാർത്ത പരന്നിരുന്നു. 90 എം.എല്ലിൽ സിമ്പുവിന്റെ സാന്നിധ്യം അത്തരം അഭ്യൂഹങ്ങളെ വീണ്ടും ശക്തമാക്കുകയാണ്.

അളഗിയ അസുരയാണ് ചിത്രത്തിന്റെ സംവിധാനം. എന്തായാലും ഒവിയയുടെ പരിധി കടന്ന പ്രകടനങ്ങൾ ആരാധകരിൽ അസ്വസ്ഥത പരത്തിക്കഴിഞ്ഞു.