Wednesday 26 September 2018 04:22 PM IST : By സ്വന്തം ലേഖകൻ

‘‘പതിനാറാം വയസ്സിൽ ഞാൻ ലൈംഗിക അതിക്രമത്തിന് ഇരയായി’’; തുറന്ന് പറഞ്ഞ് പത്മാ ലക്ഷ്മി

padma

പതിനാറാം വയസ്സിൽ ലൈംഗിക അതിക്രമത്തിന് ഇരയായതായി മോഡലും അഭിനേത്രിയും എഴുത്തുകാരിയുമായ പത്മാ ലക്ഷ്മി. താൻ പ്രണയിച്ച ആളാണ് തന്നെ ലൈംഗികമായി അതിക്രമിച്ചതെന്നും അവർ പറഞ്ഞു.

‘‘പതിനാറാം വയസ്സില്‍ ലൊസാഞ്ചൽസിലെ ഒരു മാളിലെ പാര്‍ട് ടൈം ജീവനക്കാരിയായിരുന്ന ഞാന്‍ അവിടെ ജോലി ചെയ്തിരുന്ന ഇരുപത്തിമൂന്നുകാരനായ ഒരു കോളേജ് വിദ്യാര്‍ഥിയുമായി അടുപ്പത്തിലായി. കുറച്ചു മാസങ്ങള്‍ക്കു ശേഷം ഒരു പുതുവത്സരരാത്രിയില്‍ അയാള്‍ എന്നെ ബലാത്സംഗം ചെയ്തു’’.– പത്മാ ലക്ഷ്മി പറയുന്നു.

എന്നാല്‍ താന്‍ ആ സംഭവത്തെ കുറിച്ച് അമ്മയോടോ സുഹൃത്തുക്കളോടോ പൊലീസിനോടോ പറഞ്ഞില്ലെന്നും ആ സംഭവത്തിനു ശേഷം താനാണ് തെറ്റുകാരിയെന്ന് വിചാരിച്ചിരുന്നുവെന്നും പത്മാ ലക്ഷ്മി പറയുന്നു.

‘‘1980 കളില്‍ ഡേറ്റ് റേപ്പിനെ കുറിച്ച് സംസാരിക്കാന്‍ ഞങ്ങള്‍ക്കൊരു ഭാഷയുണ്ടായിരുന്നില്ല. നീ അവന്റെ അപ്പാര്‍ട്മെന്റില്‍ എന്തു ചെയ്യുകയായിരുന്നുവെന്ന് മറ്റുള്ളവര്‍ ചോദിക്കുമെന്ന് ഞാന്‍ ഭയന്നു’’. – അവർ വെളിപ്പെടുത്തി.

ആദ്യമായി ലൈംഗിക ചൂഷണത്തിന് ഇരയായത് ഏഴാമത്തെ വയസ്സിലാണെന്നും പത്മാ ലക്ഷ്മി. അതിക്രമമുണ്ടായത് അടുത്ത ബന്ധുവില്‍ നിന്നായിരുന്നു. ഇതേക്കുറിച്ച് അമ്മയോടും രണ്ടാനച്ഛനോടും പറഞ്ഞപ്പോള്‍ അവര്‍ തന്നെ ഇന്ത്യയിലുള്ള മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അടുത്തേക്ക് പറഞ്ഞയച്ചു. തന്റെ എട്ടുവയസുള്ള മകളോട് ഇത്തരം കാര്യങ്ങള്‍ താന്‍ തുറന്ന് സംസാരിക്കാറുണ്ടെന്നും ശരിയല്ലെന്നു തോന്നുന്ന തരത്തില്‍ ആരെങ്കിലും സ്പര്‍ശിച്ചാല്‍ അതേക്കുറിച്ച് തുറന്നു സംസാരിക്കണമെന്നും, നിന്റെ ശരീരം നിന്റേതാണെന്നും, അതിനുമേല്‍ കൈകടത്താന്‍ ആര്‍ക്കും അവകാശമില്ലെന്നും അവള്‍ക്ക് പറഞ്ഞുകൊടുക്കാറുണ്ടെന്നും പത്മാ ലക്ഷ്മി വ്യക്തമാക്കുന്നു.