Friday 19 October 2018 03:57 PM IST : By സ്വന്തം ലേഖകൻ

സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണീ... ഇത് സുഡുവിന്റെ ഉമ്മ തന്നെയാ; ഡാകിനിയിൽ സാവിത്രിയുടെ കിടിലൻ ഡാൻസ്–വിഡിയോ

sudu

ആഘോഷങ്ങൾക്ക് വയസുണ്ടോ? അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞ ഡാകിനിയെന്ന ചിത്രം അതിനുള്ള ഉത്തരം നൽകും. വാർധക്യത്തിലെ പ്രണയവും സൗഹൃദവും ആഘോഷവുമെല്ലാം ഇഴചേരുന്ന ഡാകിനിയിൽ നിന്നും ഇതാ പുതിയൊരു ഗാനം കൂടി.

'സുഡാനി ഫ്രം നൈജീരിയ'യിലൂടെ മലയാളിക്കു സുപരിചിതയായ  സാവിത്രി ശ്രീധരന്റെ ത്രസിപ്പിക്കുന്ന നൃത്തമാണ് ഗാനത്തിന്റെ ഹൈലൈറ്റ്. ഗ്രാമത്തിന്റെ നൈർമല്യവും നിഷ്ക്കളങ്കതയും പങ്കുവച്ച സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മയാണോ ഇതെന്ന് സംശയം തോന്നിയാലും അത്ഭുതമല്ല. ആരെയും അമ്പരപ്പിക്കുന്ന രൂപമാറ്റവും പ്രകടനവുമാണ് ഈ ചിത്രത്തിൽ സാവിത്രിക്കുള്ളത്.

ഹരിനാരായണന്റെ വരികൾക്ക് രാഹുൽ രാജ് ആണു സംഗീതം ഒരുക്കിയിരിക്കുന്നത്. സിയ ഉൽഹക്ക് ആണു ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ അവസാനത്തിൽ സാവിത്രിയുടെ പ്രകടനം കണ്ടാൽ ആരും കൈയ്യടിച്ചു പോകും. മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം നിരവധി പേർ ഗാനം കണ്ടുകഴിഞ്ഞു.

ചിത്രത്തിൽ നിന്നും നേരത്തെ പുറത്തിറങ്ങിയ എൻ മിഴിപൂവിൽ എന്ന ഗാനത്തിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. രാഹുൽ റിജിൽ നായരാണു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ചെമ്പൻ വിനോദ്, പൗളി വൽസൻ, അലൻസിയർ എന്നിവരാണു ചിത്രത്തില്‍ മുഖ്യ വേഷങ്ങളിൽ എത്തുന്നത്.