Friday 02 November 2018 10:42 AM IST : By സ്വന്തം ലേഖകൻ

പക്രുവിന്റെ ‘ഫാൻസി ഡ്രസ്സ്’; ഗിന്നസും കടന്ന് നിർമ്മാണ രംഗത്തേക്ക്

pakru-movie

അഭിനേതാക്കൾ നിർമ്മാണ രംഗത്തേക്ക് കടക്കുന്നത് പുതുമയല്ല. മമ്മൂട്ടിയും മോഹൻലാലും തുടങ്ങി പൃഥ്വിരാജും നിവിൻ പോളിയും ആസിഫ് അലിയും വരെ സിനിമയിൽ പണം മുടക്കുന്നവരാണ്. ചിലർ കൂട്ടുകാർക്കൊപ്പവും, സഹപ്രവർത്തകർക്കൊപ്പവും ചേർന്നാണ് നിർമ്മാണരംഗത്തേക്കെത്തുക.

ധർമ്മജൻ ബോൽഗാട്ടിയാണ് അടുത്തിടെ നിർമ്മാണ രംഗത്തേക്ക് ചുവട് വച്ച മറ്റൊരു താരം. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ‘നിത്യഹരിത നായകൻ’ ആണ് ധർമ്മജന്റെ ആദ്യ നിർമ്മാണ സംരംഭം. ധർമ്മജന് പിന്നാലെ മറ്റൊരു യുവതാരം കൂടി ഇപ്പോൾ നിർമ്മാണ രംഗത്തേക്ക് കടക്കുന്നു.

ഗിന്നസ് പക്രുവാണ് സ്വന്തം ബാനറായ ‘സർവ ദീപ്ത’ പ്രൊഡക്ഷൻസിന്റെ നേതൃത്വത്തിൽ സിനിമ നിർമ്മിക്കാൻ തയാറെടുക്കുന്നത്.

രഞ്ജിത് സ്കറിയ സംവിധാനം ചെയ്യുന്ന ‘ഫാൻസി ഡ്രസ്സ്’ ആണ് ‘സർവ ദീപ്ത’യുടെ ആദ്യ ചിത്രം. ടൈറ്റിൽ പോസ്റ്റർ ഉൾപ്പടെ കഴിഞ്ഞ ദിവസം തന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിൽ പക്രുവാണ് ചിത്രം പ്രഖ്യാപിച്ചത്. അജയ് കുമാറും സംവിധായകൻ രഞ്ജിത് സ്കറിയയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുക. സംഗീതം–രതീഷ് വേഗ. അഭിനേതാക്കൾ ഉൾപ്പടയുള്ള കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്ന് അണിയറക്കാർ വ്യക്തമാക്കുന്നു.

മേൽവിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന ‘ഇളയരാജ’യാണ് പക്രുവിന്റെ പുതിയ ചിത്രം. പക്രു നായകനാകുന്ന ചിത്രത്തിൽ ഹരിശ്രീ അശോകനും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.