Monday 11 February 2019 07:06 PM IST : By സ്വന്തം ലേഖകൻ

‘കാന്തനോടു ചെന്നുമെല്ലെ...’; സംഗീത- നൃത്ത സാന്ദ്രമായി പ്രിയാ രവീന്ദ്രന്റെ ‘പരിണത’

parinatha-album2

മലയാള ടെലിവിഷൻ വാർത്താരംഗത്തു വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള പ്രിയാ രവീന്ദ്രന്റെ ആദ്യത്തെ നൃത്ത- സംഗീത ആൽബമാണ് ആറര മിനിറ്റോളം ദൈർഘ്യമുള്ള ‘പരിണത’. സ്വാതി തിരുനാളിന്റെ പ്രശസ്തമായ പദം ‘കാന്തനോടു ചെന്നുമെല്ലെ’യാണ് ‘പരിണത’യിൽ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നത്. 

‘പരിണത’യുടെ യൂട്യൂബ് ലോഞ്ച് സംവിധായിക അഞ്ജലി മേനോൻ നിർവഹിച്ചു. "വളരെ സ്വീറ്റായ ഒരു വിഡിയോയാണ് ‘പരിണത’. ശാസ്ത്രീയ നൃത്തം അതിന്റെ സാമ്പ്രദായിക രീതിയിൽ നിന്നു പുതിയ കാലത്തേക്കു മാറുന്നതിന്റെ ചിത്രീകരണം കൂടിയാണിത്."- യൂട്യൂബ് ലോഞ്ചിനു ശേഷം അഞ്ജലി മേനോൻ പറഞ്ഞു. 

"നേരിട്ടു പരിചയമൊന്നുമില്ലാത്ത ഈ കൂട്ടായ്മയുടെ സമർപ്പണവും ആത്മാർഥതയും അഞ്ജലിയെ അതിനു പ്രേരിപ്പിക്കുകയായിരുന്നു. പരിണത തയാറാക്കുമ്പോൾ തന്നെ അതിന്റെ ഓൺലൈൻ ലോഞ്ച് നിർവഹിക്കാൻ ആ ടീം കണ്ടുവച്ചതും അഞ്ജലിയെ തന്നെയായിരുന്നു. ഇക്കാര്യം അറിയിച്ചപ്പോൾ, ഒരു മടിയുമില്ലാതെ അതേറ്റെടുക്കാൻ അഞ്ജലി തയാറായി." - നന്ദി അറിയിച്ച് പ്രിയാ രവീന്ദ്രൻ പറഞ്ഞു. 

പ്രിയയെ കൂടാതെ അണിയറയിലും അരങ്ങിലുമെല്ലാം പ്രവർത്തിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. നായികയായി ‘പരിണത’യിൽ നിറഞ്ഞുനിൽക്കുന്ന നർത്തകി ശാരദാ തമ്പി, മനോഹരമായ ഗാനം ആലപിച്ച ഗായിക ലക്ഷ്മി രംഗൻ, വസ്ത്ര സംവിധാനം ഒരുക്കിയ രശ്മി പദ്മ (ദേവനിധി, തിരുവനന്തപുരം), ‘പരിണത’ സാരികൾ തയാറാക്കിയ സോണിയ ഗോമസ്( ടിമോറാ, തിരുവനന്തപുരം), സർവാ ലൈഫ് സ്റ്റൈൽ ഉടമ ടിജി (ജൂവലറി), കവിത നിരൂപ് (പ്രമോഷൻസ്) തുടങ്ങിവരാണ് ‘പരിണത’യ്ക്കായി കൈകോർത്തത്. 

പെൺ സൗഹൃദത്തിന്റെ ആഘോഷം തീർക്കുകയായിരുന്നു ഈ നൃത്ത- സംഗീത ആൽബത്തിലൂടെ. വളരെ പെട്ടെന്നുതന്നെ ആൽബം യൂട്യൂബിൽ ശ്രദ്ധേയമായി. തിരുവനന്തപുരത്തെ കലാങ്കണും ഫ്രണ്ട്ഷിപ്പ് ഫാക്ടറിയും ചേർന്നാണു ‘പരിണത’ നിർമിച്ചത്. അമാൻ സജി ഡൊമിനിക് ഫോട്ടോഗ്രഫിയും വിപിൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.