Tuesday 10 May 2022 03:18 PM IST : By സ്വന്തം ലേഖകൻ

വൈറസുകളേ മാറി നിൽക്ക്...പെണ്ണുങ്ങളെ ഓർത്ത് അഭിമാനിക്കുന്നവർ ഈ ലോകത്ത് ധാരാളമുണ്ട്...

parvathy

ഇന്നോളം വാക്സിൻ കണ്ടുപിടിച്ചിട്ടില്ലാത്ത ഒരു വൈറസാണ് സോഷ്യൽ മീഡിയയിലെ ബോഡി ഷെയ്മിങ്. അൽപ്പം തടിച്ചാൽ, നിറം ഇരുണ്ടാൽ, മെലിഞ്ഞാല്‍ നിങ്ങൾ ഭയക്കണം....ചിത്രമോ വിഡിയോയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കരുത്....നിങ്ങളെ കടിച്ചു കുടയാൻ, ജീവനോടെ പോസ്റ്റ്മോർട്ടം ചെയ്യാൻ ഒരു വിഭാഗം കാത്തിരിക്കുകയാണ്...ജാഗ്രതൈ!

ആർക്കെതിരെയും എന്തു പരിഹാസം ചൊരിയാനും മടിയില്ലാത്ത ആരെയും അപമാനിക്കാൻ കൊതിയുള്ള ഈ സംഘത്തിന്റെ പ്രധാന ഇരകള്‍ സെലിബ്രിറ്റികളാണ്. അവരിൽ തന്നെ കൂടുതലും സ്ത്രീകൾ...അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നടി പാർവതിക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയത്.

കേരള ഗെയിംസിനോടനുബന്ധിച്ച് വിവേഴ്സ് വില്ലേജിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൈത്തറി വസ്ത്രങ്ങളുടെ ഫാഷൻ ഷോയില്‍ മലയാളത്തിലെ എക്കാലത്തെയും പ്രിയ നായികമാരിൽ ഒരാളായ പാർവതി റാമ്പിൽ ചുവടുവെച്ചതിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

വിവാഹ ശേഷം സിനിമയില്‍ നിന്നു വിട്ടു നിൽക്കുന്ന പാർവതി അപൂർവമായാണ് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുക. അതുകൊണ്ടു തന്നെ ഫാഷൻ ഷോയിലെ താരത്തിന്റെ സാന്നിധ്യം സമൂഹമാധ്യമങ്ങളിൽ വാർത്തകളായി നിറഞ്ഞു. ഇതോടെയാണ് മേൽപറഞ്ഞ അഭിപ്രായ സംഘം പാർവതിക്കെതിരെയും സടകുടഞ്ഞെഴുന്നേറ്റത്. അവരുടെ പ്രായത്തെയും രൂപത്തെയും പരിഹസിക്കുന്നതും ഒരു പരിധി വരെ അപമാനിക്കുന്നതുമായ കമന്റുകളാണ് ഇക്കൂട്ടർ ഈ വാർത്തകൾക്കു താഴെ കുത്തിനിറച്ചത്.

മലയാള സിനിമയ്ക്ക് ഏറെ സംഭാവനകള്‍ നൽകിയ ഒരു കലാകാരിയാണ് പാർവതി എന്നത് മറന്നാലും ഒരു സ്ത്രീയാണ് എന്ന പരിഗണനയെങ്കിലും ഈ ‘കമന്റിടൽ കൂട്ട’ത്തിനുണ്ടാകണമായിരുന്നു. എന്നാല്‍ യാതൊരു സാമാന്യ മര്യാദയുമില്ലാതെ, തങ്ങളുടെ ദുർഗന്ധം വമിക്കുന്ന മാനസിക നിലയും ചീഞ്ഞ ചിന്തകളുമാണ് ഇക്കൂട്ടർ അഭിപ്രായങ്ങളായി പുറത്തു വിട്ടത്.

jayaram

മറ്റൊരു വിഭാഗം പാർവതിയെ അഭിനന്ദിച്ചും അധിക്ഷേപകരെ പ്രതിരോധിച്ചും രംഗത്തെത്തി. ആശാവഹം എങ്കിലും അവര്‍ ന്യൂനപക്ഷമായിരുന്നു.

മധ്യവയസ്സിലേക്കെത്തിയാൽ ഒരു സ്ത്രീ പൊതുവിടങ്ങളിൽ നിന്നും ഇത്തരം പരിപാടികളിൽ നിന്നുമൊക്കെ മാറിനിൽക്കണം എന്ന ധാരണയാണ് ഈ ‘കമന്റിടൽ കൂട്ടം’ മുന്നോട്ടു വയ്ക്കുന്നത്. ഇഷ്ടമുള്ള വസ്ത്രം ധരിക്കരുത്, പൊതുസ്ഥലത്ത് ഒരുങ്ങി നടക്കരുത് എന്നൊക്കെയുള്ള കൽപ്പനകളെ അടിച്ചേൽപ്പിക്കുന്ന ഈ സംഘം തങ്ങളുടെ ബോധ്യങ്ങൾക്കെതിരെ പ്രവർത്തിച്ചാൽ സോഷ്യൽ മീഡിയയിൽ അപമാനവാക്കുകൾ നിരത്തി ഇല്ലാതാക്കിക്കളയും എന്ന സന്ദേശവും വ്യാപകമായി പ്രചരിപ്പിക്കുന്നു.

പാർവതിക്കൊപ്പം ജയറാം–പാർവതി ദമ്പതികളുടെ മകളായ മാളവികയും റാമ്പിൽ എത്തിയിരുന്നു. പാർവതിയുടെയും മാളവികയുടെയും റാമ്പിൽ നിന്നുള്ള ചിത്രങ്ങൾ ജയറാം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച് കുറിച്ചത് ‘എന്റെ ജീവിതത്തിലെ സ്ത്രീകൾ രണ്ടുപേരും തിളങ്ങുന്നത് കാണുന്നതിൽ എനിക്ക് അഭിമാനമുണ്ട്’ എന്നാണ്. ഇത്തരത്തിൽ തങ്ങളുടെ പെണ്ണുങ്ങളെ ഓർത്ത് അഭിമാനിക്കുന്ന മനുഷ്യർ ഈ ലോകത്ത് ധാരാളമുണ്ട്. അവർക്കൊപ്പം നിന്നു പറയുന്നു: ‘അസഹിഷ്ണുക്കളേ പുറകിലേക്ക് മാറി നിൽക്ക്...’.