Monday 12 August 2019 03:35 PM IST : By സ്വന്തം ലേഖകൻ

അത് എന്റെ പ്രൊഫൈൽ അല്ല, ദയവായി ഭിന്നിപ്പ് സൃഷ്ടിക്കരുത്! പ്രതികരണവുമായി പാർവതി

p

ഒരേ മനസ്സോടെ കേരളം മറ്റൊരു പ്രളയകാലത്തെ നേരിടുമ്പോൾ, സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ പ്രചരണങ്ങൾക്കും സന്ദേശങ്ങൾക്കും കുറവില്ല.

ഇപ്പോഴിതാ, നടി പാർവതി തിരുവോത്തിന്റേതെന്ന രീതിയിൽ ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റ് തന്റെതല്ല എന്നു വെളിപ്പെടുത്തി പാർവതി തന്നെ രംഗത്തെത്തിയിരിക്കുന്നു. ഫെയ്സ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം.

പാർവതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം:

FAKE PAGE ALERT!

നമ്മുടെ നാട് വീണ്ടും ഒരു മഹാമാരിയെയും പ്രളയത്തെയും ഒറ്റക്കെട്ടായി നിന്ന് അതിജീവിക്കാൻ ശ്രമിക്കുകയാണ്. ഇതിനിടയിലാണ് എന്റേത് എന്ന പേരിൽ ഒരു വ്യാജ പ്രൊഫൈൽ ഈ അവസരത്തിൽ തെറ്റിധാരണ ജനിപ്പിക്കുന്നതും ആളുകൾക്കിടയിൽ ഭിന്നതയും ദൂരങ്ങളും സൃഷ്ടിക്കുന്നതുമായ പോസ്റ്റുകൾ ഇടുന്നത് ശ്രദ്ധയിൽ പെട്ടത്. ഇതറിഞ്ഞയുടനെ പ്രസ്തുത പേജുമായി ഞങ്ങൾ ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നും ലഭച്ചില്ല. കേരളത്തെ തന്നെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള നിരുത്തരവാദപരമായ പോസ്റ്റുകൾ കണ്ടതിനാലാണ് ഇങ്ങനെ ഒരു കുറിപ്പ്. നമുക്ക് ദയവായി തെറ്റായതും വ്യാജമായതും ആയ സന്ദേശങ്ങളും വാർത്തകളും പ്രചരിപ്പിക്കാതെ ഇരിക്കാം. സോഷ്യൽ മീഡിയയെ നല്ല രീതിയിൽ ഉപയോഗിച്ചു രക്ഷാപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാം. അതിജീവിക്കാം ഒരിക്കൽ കൂടി. ഒരുമിച്ച് !