Monday 15 July 2019 06:26 PM IST : By സ്വന്തം ലേഖകൻ

‘ഇനിയുള്ള ജീവിതം ചെലവഴിക്കേണ്ടത് നവാബിനൊപ്പമാണ് എന്നു തോന്നി’! വിവാഹ വാർത്ത സ്ഥിരീകരിച്ച് പൂജ ബത്ര

pooja-new

മുൻ ബോളിവുഡ് നായിക പൂജ ബത്രയും ബോളിവുഡ് നടൻ നവാബ് ഷായും വിവാഹിതരായി. വിവാഹ ചിത്രങ്ങൾ സഹിതമാണ് താരങ്ങൾ വിവാഹ വാർത്ത ആരാധകരുമായി പങ്കുവച്ചത്.

ഇരുവരുടെയും പ്രണയകാല ചിത്രങ്ങളും വാർത്തകളും കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയ ആഘോഷമാക്കുകയാണ്.

ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി തിളങ്ങിയ നടിയാണ് പൂജ. മോഹന്‍ലാല്‍ നായകനായ ചന്ദ്രലേഖ, മമ്മൂട്ടി നായകനായ മേഘം, ജയറാം നായകനായ ദൈവത്തിന്റെ മകന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും താരം സുപരിചിതയാണ്.

ഇപ്പോൾ സിനിമയില്‍ സജീവമല്ലെങ്കിലും സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരുമായി അവർ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.

‘‘അടുത്ത കുടുംബാംഗങ്ങളുടെയും സ്നേഹിതരുടെയും സാന്നിധ്യത്തില്‍ ഞങ്ങള്‍ ഒന്നായി. എല്ലാവരും ചോദിച്ചു, എന്തിനാണ് വിവാഹം വൈകിപ്പിക്കുന്നതെന്ന്. ഇനിയുള്ള ജീവിതം ചെലവഴിക്കേണ്ടത് നവാബിനൊപ്പമാണ് എന്ന് തോന്നിയപ്പോഴാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. ഹിന്ദുമതാചാര പ്രകാരമുള്ള ചടങ്ങുകള്‍ കഴിഞ്ഞു. ഇയാഴ്ച വിവാഹം രജിസ്റ്റര്‍ ചെയ്യും’.- പൂജ പറഞ്ഞു.

2003 ല്‍ ഡോക്ടര്‍ സോനു എസ്. അലുവാലിയയെ പൂജ വിവാഹം ചെയ്തു. 2011 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു.