Monday 10 September 2018 03:12 PM IST : By സ്വന്തം ലേഖകൻ

‘അവർ ഇനിയും സ്വപ്നങ്ങൾ നെയ്യട്ടെ’; പ്രളയം തകർത്ത ചേന്ദമംഗലം കൈത്തറിക്കായി കൈകോർത്ത് പൂർണിമ

loom

പ്രളയജലം തകർത്തെറിഞ്ഞ ചേന്ദമംഗലം ൈകത്തറിയെ പുനരുജ്ജീവിപ്പിക്കാൻ നടിയും ഫാഷൻ ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്തിന്റെ കൈത്താങ്ങ്. ഫ്രന്റ്സ് ഓഫ് ഫാഷൻ എന്ന കൂട്ടായ്മ സേവ് ദ ലൂം ഡോട്ട് ഓർഗ് (www.savetheloom.org) എന്ന വെബ്സൈറ്റിലൂടെ പണം കണ്ടെത്തി ചേന്ദമംഗലത്തെ കൈത്തറി പാരമ്പര്യം സംരക്ഷിക്കാൻ മുന്നിട്ടിറങ്ങുമ്പോൾ അതിനു ചുക്കാൻ പിടിക്കാൻ പൂർണിമയുമുണ്ടാകും.

പ്രളയജലം കയറിയതിനെ തുടർന്ന് തുരുമ്പെടുത്ത് നശിച്ചതും ഉപയോഗശൂന്യവുമായി മാറിയ തറികളെ പൂർവ്വാവസ്ഥയിൽ കൊണ്ടു വരിക എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. മഴമാറിയ സാഹചര്യത്തിൽ ഇവിടുത്തെ കൈത്തറി വ്യവസായത്തെ പൂർവ്വസ്ഥിതിയിൽ കൊണ്ടുവരാനും ഇവിടുത്തെ സാധാരണ തൊഴിലാളികൾക്ക് ലഭ്യമായ സഹായങ്ങൾ ഉറപ്പാക്കാനും ഈ കൂട്ടായ്മ മുൻപന്തിയിലുണ്ടാകും.

ഒരുജനതയുടെ ജീവനും ജീവനോപാധിയുമായ കൈത്തറി വ്യവസായം കടന്നു പോയ ദുരിതപ്പേമാരിയിൽ നാമാവശേഷമാകുകയായിരുന്നു. ഏകദേശം 300 തറി കളിലായി നിരവധി സ്ത്രീകൾ അവരുടെ വീടിനോട് ചേർന്ന് തന്നെ കുടിൽ വ്യവസായമായി കൈത്തറി ഉൽപന്നങ്ങൾ ഉൽപാദിപ്പിച്ച് വിപണനം നടത്തി വന്നിരുന്നത്. കോഴിക്കോടിന്റെ തനത് വസ്ത്ര–വ്യാപാര–വിപണന രംഗത്ത് തനത് സ്ഥാനം അലങ്കരിക്കുന്ന ചേന്ദമംഗലം കൈത്തറി 150 വർഷത്തെ പാരമ്പര്യം അലങ്കരിക്കുന്നുണ്ട്.

പൂർണിമയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

മലയാളസംസ്കാരത്തിന്റെയും ചേന്ദമഗലംകാരുടെ ജീവിതോപാതിയുമായി തല ഉയർത്തി നിന്ന ചേന്ദമഗലം കൈത്തറി ഈ കഴിഞ ഓഗസ്റ്റ് മാസത്തിലെ മഹാപ്രളയത്തിൽ തകർന്നടിഞ്ഞ കാഴ്ചകൾ മനസ്സ് മരവിപ്പിക്കുന്നതാണ് .

ഏകദേശം 300 തറി കളിലായി നിരവധി സ്ത്രീകൾ അവരുടെ വീടിനോട് ചേർന്ന് തന്നെ കുടിൽ വ്യവസായമായി കൈത്തറി ഉൽപന്നങ്ങൾ ഉൽപാദിപ്പിച്ച് വിപണനം നടത്തി സ്വന്തം കാലിൽ നിന്ന് സ്വൈര്യ ജീവിതം നയിച്ചിരുന്നു.
അപ്രതീക്ഷിതമായ വെള്ളപൊക്കം ഒരു ജനതയുടെ സ്വപ്നങ്ങളെ വേരോടെ പിഴുത് എടുത്താണ് സംഹാര താണ്ഡവമാടി കടന്ന് പോയത്...

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ ചേന്ദമംലം കൈത്തറി വ്യവസായം അതേപടി നിലനിർത്തേണ്ടത് നമ്മുടെ സംസ്കാരത്തിന്റ ആവശ്യവും 100 കണക്കിന് സ്ത്രീകളുടെ ജീവിതോപാതിയുടെ പുനർ നിർമാണം വഴി പ്രളയത്തിൽ തകർന്ന കുടുംബങ്ങളുടെ പുനരധിവാസത്തിന് അത്യാവശ്യമാണ്.

ഇപ്പോൾ നമ്മൾ സഹായിച്ചില്ല എങ്കിൽ നശിച്ച് പോകുന്നത് 100 കണക്കിന് സ്ത്രീകളുടെ ജീവിതമാർഗ്ഗവും മലയാള സംസ്കാരത്തിന്റെ തന്നെ ഭാഗമായ ചേന്ദമഗലം കൈത്തറിയുടെ നിലനിൽപ്പുമാണ് ....

വെള്ളപ്പൊക്കത്തിൽ നഷ്ടപെട്ട തറി യൂണിറ്റുകൾ പുനർനിർമിക്കുന്നതിനും കേട് വന്നവ നന്നാക്കുന്നതിനും നെയ്ത്തിനാവശ്യമായ സാധനസാമഗ്രികൾ പുനസംഘടിപ്പിച്ച് നൽകുന്നതിനുമായി നമുക്ക് ഒരുമിക്കാം ..

ഒരു സമൂഹം മുഴുവൻ നമ്മുടെ സഹായം പ്രതീക്ഷിക്കുന്നു .

കൂടുതൽ വിവരങൾക്ക്
www.savetheloom.org