Thursday 21 November 2019 12:29 PM IST : By സ്വന്തം ലേഖകൻ

മൂന്ന് പൂവൻ കോഴികളും മഞ്ജുവിന്റെ കലിപ്പ് നോട്ടവും! ആകാംക്ഷ സൃഷ്ടിച്ച് ‘പ്രതി പൂവൻ കോഴി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

manjunnew

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയരുടെ അഭിനയ രംഗത്തേക്കുള്ള രണ്ടാം വരവ് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂ വിലൂടെയായിരുന്നു. ഇപ്പോഴിതാ മഞ്ജുവും റോഷനും വീണ്ടും ഒന്നിക്കുന്ന പ്രതി പൂവൻ കോഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായിരിക്കുന്നു. മോഹന്‍ലാലാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ ആദ്യമായി പങ്കുവച്ചത്.

മൂന്ന് പൂവന്‍ കോഴികളും മഞ്ജുവുമാണ് പോസ്റ്ററില്‍. ആകാംക്ഷ സൃഷ്ടിക്കുന്ന പോസ്റ്റർ, മഞ്ജുവിന്റെ ഒരു കണ്ണിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.

തുണിക്കടയിലെ സെയില്‍സ് ഗേളായ മാധുരി എന്ന കഥാപാത്രത്തെയാണ് പ്രതി പൂവന്‍ കോഴിയില്‍ മഞ്ജു അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ രചന ഉണ്ണി ആർ.

ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രത്തിൽ അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ്.പി.ശ്രീകുമാര്‍, ഗ്രേസ് ആന്റണി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ജി.ബാലമുരുകനാണ് ഛായാഗ്രഹണം. ഗോപീ സുന്ദറിന്റെതാണ് സംഗീതം.

വൻ ഹിറ്റായ ഹൗ ഓള്‍ഡ് ആര്‍ യുവിനു ശേഷം മഞ്ജുവും റോഷനും വീണ്ടും ഒരുമിക്കുമ്പോള്‍ ആരാധകരും പ്രതീക്ഷയിലാണ്.