Friday 11 October 2024 11:32 AM IST : By സ്വന്തം ലേഖകൻ

‘ഗൂഗിള്‍ ചെയ്താണ് ഓം പ്രകാശ് ആരാണെന്ന് മനസ്സിലാക്കിയത്; ലഹരിപ്പാര്‍ട്ടി നടക്കുന്നത് അറിയില്ലായിരുന്നു’; പ്രതികരിച്ച് പ്രയാഗ മാര്‍ട്ടിന്‍

prayaga-mar

കൊച്ചിയിലെ ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ നടി പ്രയാഗ മാര്‍ട്ടിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. ഓം പ്രകാശിനെ അറിയില്ലെന്നും വാര്‍ത്ത വന്നതിന് ശേഷം ഗൂഗിള്‍ ചെയ്താണ് ആരാണ് ഓം പ്രകാശ് എന്ന് മനസ്സിലാക്കിയതെന്നും ചോദ്യം ചെയ്യലിന് ശേഷം പ്രയാഗ പ്രതികരിച്ചു. പൊലീസിന്റെ ചോദ്യം ചെയ്യല്‍ സ്വാഭാവികമാണ്. സുഹൃത്തിനെ കാണാനാണ് ഹോട്ടലില്‍ ചെന്നതെന്നും പ്രയാഗ പറഞ്ഞു.

'സുഹൃത്തുക്കളെ കാണാനാണ് പോയത്. ലഹരിപ്പാര്‍ട്ടി നടക്കുന്നത് എനിക്കറിയില്ലായിരുന്നു. ഇനി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് പറഞ്ഞിട്ടില്ല. വാര്‍ത്ത വന്നതിന് ശേഷം ഗൂഗിള്‍ ചെയ്താണ് ആരാണ് ഓം പ്രകാശ് എന്ന് മനസ്സിലാക്കിയത്. പലരേയും കാണുന്നതും പല സ്ഥലങ്ങളില്‍ പോകുന്നതും സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാണ്. അവിടെ ക്രിമിനല്‍സുണ്ടോ അവരുടെ പശ്ചാത്തലം എന്തെന്നും നോക്കിയല്ല പോകുന്നത്. ഞാന്‍ പോയ സ്ഥലത്ത് ഇങ്ങനെ ഒരാള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇങ്ങനെ ഒരാളെ കണ്ടതായി എനിക്ക് ഓര്‍മയില്ല.'- പ്രയാഗ പറഞ്ഞു.

ലഹരിക്കേസില്‍ ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു നടി. നടനും അഭിഭാഷകനുമായ സാബുമോന് ഒപ്പമാണ് പ്രയാഗ എത്തിയത്. പ്രയാഗയ്ക്ക് നിയമസഹായം നല്‍കാനാണ് എത്തിയതെന്ന് സാബുമോന്‍ പറഞ്ഞു. നേരത്തെ നടന്‍ ശ്രീനാഥ് ഭാസിയെ കൊച്ചി മരട് പൊലീസ് അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തു. ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്ന് ശ്രീനാഥ് ഭാസി മൊഴി നല്‍കി. 

ലഹരിപ്പാര്‍ട്ടി നടന്നതായി അറിവില്ല. ലഹരി ഉപയോഗിച്ചിട്ടില്ല. ഹോട്ടലില്‍ എത്തിയത് ബിനു ജോസഫിന് ഒപ്പമെന്നും ബിനുവുമായി സാമ്പത്തിക ഇടപാടുണ്ടെന്നും താരം മൊഴി നല്‍കി. പഞ്ചനക്ഷത്ര ഹോട്ടലിൽ ഗുണ്ടാനേതാവ് സംഘടിപ്പിച്ചത് ലഹരിപാർട്ടിയെന്നാണ് നിഗമനം. ഇരുവരും ഓംപ്രകാശിന്റെ മുറിയിൽ മണിക്കൂറുകളോളം ചെലവഴിച്ചിരുന്നു. കേസിന്റെ എല്ലാവശങ്ങളും പരിശോധിക്കുമെന്ന് കമ്മീഷണര്‍ പുട്ടവിമലാദിത്യ പറഞ്ഞു.

Tags:
  • Movies