Tuesday 08 January 2019 06:16 PM IST : By സ്വന്തം ലേഖകൻ

‘‘ചാനൽ ചര്‍ച്ചകളില്‍ ഇപ്പോഴും ചൂടുള്ള വാര്‍ത്ത മതവും വിശ്വാസവും തന്നെ’’; ആലപ്പാടിന് പിന്തുണയുമായി പൃഥ്വിയും

prithvi-new

കൊല്ലം ജില്ലയിലെ ആലപ്പാട്ട്, അശാസ്ത്രീയമായി നടക്കുന്ന കരിമണല്‍ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന ജനകീയ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൂടുതൽ താരങ്ങൾ. ടൊവിനോ തോമസ്, സണ്ണി വെയ്ന്‍ എന്നിവർക്കു പിന്നാലെ പൃഥ്വിരാജും ഫെയ്സ്ബുക്കിൽ ആലപ്പാട് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.

രജിഷാ വിജയന്‍, അനു സിതാര, പ്രിയ വാര്യര്‍, ധനേഷ് ആനന്ദ്, ഫൈസല്‍ റാസി തുടങ്ങിയവും ആലപ്പാട്ടെ ജനങ്ങള്‍ക്കായി രംഗത്തെത്തിയിട്ടുണ്ട്.

നമ്മുടെ സഹോദരങ്ങളുടെ വീടും കിടപ്പാടവും നഷ്ടമാകുന്ന അവസ്ഥ വരുമ്പോഴും ചാനല്‍ ചർച്ചകളിലെ ചൂടുള്ള വാര്‍ത്ത മതവും വിശ്വാസവും തന്നെയെന്ന് പൃഥ്വി കുറിച്ചു. ഒടുവില്‍ ഇതും വെറും ഒരു ഹാഷ് ടാഗ് ക്യാംപെയ്ന്‍ മാത്രമായിപ്പോകും എന്നുള്ള ചിന്ത എന്നെ വളരെയധികം വിഷമിപ്പിക്കുന്നുവെന്നും പൃഥ്വി.

‘‘സത്യം പറഞ്ഞാല്‍, ഒരു ഫെയ്സ്ബുക്ക് പോസ്റ്റുകൊണ്ട് എന്തു മാത്രം ഉപകാരമുണ്ടാകും എന്നെനിക്കറിയില്ല ! തുറന്നു പറയട്ടെ, എപ്പോഴും ഏതെങ്കിലും ഒരു സാമൂഹിക പ്രശ്നം ഉയര്‍ന്നു വരുമ്പോള്‍ നമ്മള്‍ ചെയ്തു വരുന്ന സോഷ്യല്‍ മീഡിയയിലെ, ഹാഷ് ടാഗോ മറ്റോ ഉപയോഗിച്ചുള്ള ബഹളങ്ങൾ ഒരു തരത്തില്‍ അര്‍ഥശൂന്യമാണ്. എന്നാല്‍ ഇതിനെല്ലാം ഉപരി എന്നെ ആശങ്കപ്പെടുത്തുന്നത്, മതമോ, വിശ്വാസമോ ചോദ്യം ചെയ്യപ്പെട്ടാല്‍ ഇന്നു നമ്മുടെ സമൂഹത്തിലുണ്ടാകുന്നത് തീക്ഷ്ണമായ ചര്‍ച്ചയും വാര്‍ത്തകളുമാണെന്നതാണ്. നമ്മുടെ സഹോദരങ്ങളുടെ വീടും കിടപ്പാടവും നഷ്ടമാകുന്ന അവസ്ഥ വരുമ്പോഴും ചാനല്‍ ചർച്ചകളിലെ ചൂടുള്ള വാര്‍ത്ത മതവും വിശ്വാസവും തന്നെ. ഞാന്‍ ഈ പോസ്റ്റ് നിങ്ങള്‍ പ്രതീക്ഷിക്കുന്ന ഹാഷ് ടാഗോടു കൂടിയാണ് അവസാനിപ്പിക്കുന്നത്. എന്നാല്‍ ഒടുവില്‍ ഇതും വെറും ഒരു ഹാഷ് ടാഗ് ക്യാംപെയ്ന്‍ മാത്രമായിപ്പോകും എന്നുള്ള ചിന്ത എന്നെ വളരെയധികം വിഷമിപ്പിക്കുന്നു. ഈ പോസ്റ്റ് ഇടുമ്പോള്‍, നിങ്ങളെ പോലെ എനിക്കും പ്രതീക്ഷിക്കാനും വിശ്വസിക്കാനും മാത്രമേ കഴിയൂ, നിങ്ങളുടെ ഒപ്പം എന്റെ ശബ്ദവും ഉയര്‍ന്നുവെന്നും അത് അധികാരികളുടെ ചെവിയില്‍ എത്തട്ടെ എന്നും അവരുടെ കണ്ണു തുറക്കട്ടെ എന്നും...’’.– പൃഥ്വി കുറിച്ചതിങ്ങനെ.