Wednesday 09 January 2019 11:39 AM IST : By സ്വന്തം ലേഖകൻ

വരാനിരിക്കുന്ന ‘9’ ദിവസങ്ങൾ; ഉദ്വേഗവും സസ്പെൻസും നിറച്ച് ‘9’ ട്രെയിലർ; വിഡിയോ കാണാം

9

കാത്തിരിപ്പിനും പ്രതീക്ഷകൾക്കും വേഗമേറ്റി പൃഥ്വിാജ് ചിത്രം ‘9ന്റെ’ ട്രെയിലർ ഒടുവിൽ പ്രേക്ഷകരലിലേക്കെത്തി. ഉദ്വേഗവും ആകാംക്ഷയും സമം ചേർത്തൊരുക്കിയിരിക്കുന്ന ട്രെയിലറിന് രണ്ട് മിനിട്ടും എട്ട് സെക്കന്റുമാണ് ദൈർഘ്യം. മകനു വേണ്ടി അച്ഛൻ നടത്തുന്ന പോരാട്ടത്തിന്റെ കഥയാകും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

100 ഡേയ്സ് ഓഫ് ലവ് എന്ന ചിത്രത്തിനു ശേഷം ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും നയനിനുണ്ട്. പൃഥ്വിരാജ് ആൽബർട്ട് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സോണി പിക്ചേഴ്സ് ആദ്യമായി മലയാള ചലച്ചിത്ര നിർമ്മാണ മേഖലയിലേക്ക് കടന്നു വരുന്ന ചിത്രമാണ് നയൻ. നായകൻ സഹ-നിർമ്മാതാവ് കൂടിയാണ് എന്നതാണ് മറ്റൊരു സവിശേഷത.

പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരനിര തന്നെയുണ്ട് ചിത്രത്തിൽ. പ്രകാശ് രാജ് ആവും മറ്റൊരു മുഖ്യ കഥാപാത്രം കൈകാര്യം ചെയ്യുക. നായികമാരായി മംമ്ത മോഹൻദാസും വാമിഖ ഗബ്ബിയും ഉണ്ടാവും. ഗോദ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച വാമിഖയുടെ രണ്ടാമത് മലയാള ചിത്രമാണിത്. ക്ലിന്റ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ മാസ്റ്റർ അലോക് ആണ് ചിത്രത്തിൽ പൃഥ്വിയുടെ മകനായി എത്തുന്നത്. ഇതുവരെയും മലയാള സിനിമ പരീക്ഷിക്കാത്ത മേഖലകളിലേക്കുള്ള പ്രയാണമാവും ചിത്രമെന്ന് ട്രെയിലറിൽ നിന്നും വ്യക്തം.

ജെനൂസ് മുഹമ്മദ് തന്നെയാണ് ചിത്രത്തിന്റെ രന നിർവ്വഹിച്ചിരിക്കുന്നത്. അഭിനന്ദൻ രാമാനുജത്തിന്റെ ക്യാമറയാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ഷാൻ റഹ്മാന്റേതാണ് സംഗീതം. ഷമീർ മുഹമ്മദ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നു.

എന്തായാലും രണ്ടായിരത്തി പത്തൊമ്പതിന്റെ കാത്തിരിപ്പിൽ മുൻപന്തിയിലാണ് പൃഥ്വിാജ് ചിത്രം ‘9’. ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി ഏഴിനെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന വിവരം. ട്രെയിലർ കാണാം;