Friday 12 April 2019 02:23 PM IST : By സ്വന്തം ലേഖകൻ

‘മുരളി ഗോപി, എന്നോട് എന്തിനിതു ചെയ്തു’! ഉറക്കം നഷ്ടപ്പെട്ട് പൃഥ്വിരാജ്

prithvi

‘ലൂസിഫർ വിജയപ്രദർശനം തുടരുമ്പോൾ പൃഥ്വിരാജിന്റെ പുതിയ സംവിധാന സംരംഭം എന്നാണെന്ന ആകാംക്ഷയാണ് പ്രേക്ഷകരെ ഭരിക്കുന്നത്. താരം അടുത്തിടെയായി സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുന്ന ചില പോസ്റ്റുകൾ അതിന്റെ സൂചനയാണെന്നും ലൂസിഫറിന്റെ രണ്ടാം ഭാഗം ഉടനുണ്ടാകുമെന്നുമുള്ള തരത്തില്‍ ചില അഭ്യൂഹങ്ങളും ഇതിനിടെ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ അതിൽ കുറച്ചു കൂടി തീ പകർന്ന് പൃഥ്വിയുടെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റും സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

രാത്രി 2.20 ആയിട്ടും ഉറങ്ങാതെ കിടക്കുന്ന ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചുകൊണ്ട് പൃഥ്വി എഴുതിയ വാക്കുകളാണ് താരം വീണ്ടും സംവിധാനം ചെയ്യുവാനൊരുങ്ങുന്നതിന്റെ സൂചനയായി ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

‘ഒരു എഴുത്തുകാരൻ മനസിൽ കയറ്റിയ ആശയമാലോചിച്ച് ഒരു സംവിധായകന് രാത്രി 2.20 ആയിട്ടും ഉറങ്ങാൻ കഴിയുന്നില്ല. അടുത്തത് എന്താണ് ചെയ്യേണ്ടതെന്ന് ചിന്തിച്ചിട്ടുണ്ടോ? മുരളി ഗോപി, എന്നോട് എന്തിനിതു ചെയ്തു??’.– പൃഥ്വി കുറിച്ചതിങ്ങനെ.

ലൂസിഫറിന്റെ തിരക്കഥാകൃത്ത് മുരളി ഗോപിയാണ്. ലൂസിഫറിനു ശേഷം ഇരുവരുടെയും കൂട്ടികെട്ടിൽ വീണ്ടുമൊരു ചിത്രം എത്തുമെന്ന സൂചനയാണോ പൃഥ്വിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.