Wednesday 03 April 2019 12:18 PM IST : By സ്വന്തം ലേഖകൻ

രണ്ടാം ഭാഗമോ അതോ ഖുറേഷിയുടെ കഥയോ ? ആകാംക്ഷയുണർത്തി പൃഥ്വിയുടെ പോസ്റ്റുകൾ

prithvi-new

എങ്ങും ലൂസിഫറാണ് താരവും തരംഗവും. തിയേറ്ററുകൾ നിറച്ച് മോഹൻലാലും–പൃഥ്വിരാജും വിജയത്തിന്റെ പുതിയ ചരിത്രം കുറിക്കുമ്പോൾ, ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിലൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങളാണ് എങ്ങും ശക്തമാകുന്നത്. അവിടെയും ഇവിടെയും തൊടാതെയുള്ള പൃഥ്വിരാജിന്റെ ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ അതിലേക്കുള്ള ചൂണ്ടലാണെന്നാണ് ആരാധകരുടെ വിശ്വാസം. അതിൽ തന്നെ ‘കണ്ണിന് കാണാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ഉണ്ട് ’ എന്ന പൃഥ്വിയുടെ പോസ്റ്റ് പ്രേക്ഷകരിൽ വലിയ പ്രതീക്ഷ നിറയ്ക്കുന്നു. തിരക്കഥാകൃത്തായ മുരളി ഗോപിയും അത്തരം ചില ഫെയ്സ്ബുക്ക് പോസ്റ്റുകളുമായി പ്രേക്ഷകരെ പ്രതീക്ഷയുടെ പരകോടിയിലെത്തിക്കുന്നുണ്ട്.

ലൂസിഫറിന്റെ രണ്ടാം ഭാഗമാണോ പൃഥ്വി ഉദ്ദേശിച്ചത്, അതോ പുതിയ ചിത്രമാണോയെന്നും സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുന്നു. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിയെന്ന എസ്തപ്പാന്റെ മറ്റൊരു മുഖമായ അബ്രഹാം ഖുറേഷിയെ കുറിച്ചാണ് രണ്ടാം ഭാഗമെന്നും അതല്ല, ആ കഥാപാത്രത്തെ വച്ച് ഒരു പുതിയ സിനിമ തന്നെ ചെയ്യാനാണ് അണിയറക്കാരുടെ പരിപാടിയെന്നുമൊക്കെ ചർച്ചകളുണ്ട്. എന്തായാലും പൃഥ്വിരാജ് ഉദ്ദേശിച്ചതെന്താണെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തുന്നതു വരെ കാത്തിരിക്കേണ്ടി വരുമെന്നതാണ് സത്യം.

മാര്‍ച്ച് 28നാണ് ലൂസിഫര്‍ തിയേറ്ററുകളില്‍ എത്തിയത്. മഞ്ജു വാര്യര്‍, വിവേക് ഒബ്രോയ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ് തുടങ്ങി വമ്പന്‍ താരനിര ചിത്രത്തിലുണ്ട്.