Thursday 07 February 2019 10:09 AM IST : By സ്വന്തം ലേഖകൻ

‘മഞ്ജു വാര്യരെ അടുത്ത സിനിമയില്‍ നായികയാക്കണേ’! ആരാധകന്റെ അഭ്യര്‍ഥനയ്ക്ക് പൃഥ്വിയുടെ മറുപടി ഇങ്ങനെ: വിഡിയോ

manju-new

യങ് സൂപ്പർസ്റ്റാർ പൃഥ്വിരാജും ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും നായികാ നായകൻമാരാകുന്ന ഒരു ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. വേണു സംവിധാനം ചെയ്യുന്ന ‘ഗബ്രിയേലും മാലാഖയും’ എന്ന ചിത്രത്തിൽ അതു സംഭവിക്കുമെന്ന് വാർത്തകളുണ്ടെങ്കിലും സ്ഥിരീകരണമായിട്ടില്ല. പൃഥ്വി ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിൽ മഞ്ജുവാണ് നായിക. അപ്പോഴും ഇവർ ഒന്നിച്ചഭിനയിക്കുന്ന ഒരു ചിത്രം ആരാധകരുടെ സ്വപ്നമായി തുടരുന്നു.

കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രമായ നയണിന്റെ പരസ്യപ്രചരണത്തിന്റെ ഭാഗമായി പൃഥ്വി ഫെയ്സ്ബുക്ക് ലൈവിൽ വന്നിരുന്നു. അവിടെയും ഈ ചോദ്യം താരത്തെ തേടിയെത്തി. മഞ്ജു വാര്യരെ അടുത്ത സിനിമയില്‍ നായികയാക്കണേ എന്നായിരുന്നു ഒരു ആരാധകന്റെ അഭ്യര്‍ഥന.

മഞ്ജു വാര്യരുടെ ഒപ്പം അഭിനയിക്കാൻ താനും ഇഷ്ടപ്പെടുന്നുവെന്നാണ് ഇതിന് മറുപടിയായി പൃഥ്വി പറഞ്ഞത്.

വലിയ നടിയാണ് അവരെന്നും മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കുന്നത് തനിക്ക് ഇഷ്ടമുള്ള കാര്യമാണെന്നും താരം വ്യക്തമാക്കി.

മോഹൻലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ അവസരം ലഭിച്ചതും വലിയ ഭാഗ്യമാണെന്ന് പൃഥ്വിരാജ് പറയുന്നു. ഒരുമിച്ച് അഭിനയിക്കുന്ന നടന് കടന്നുചെല്ലാൻ കഴിയാത്ത തലത്തില്‍ സംവിധായകന് കടന്നു ചെല്ലാൻ പറ്റും. ലാലേട്ടനെപ്പോലെ ഇതിഹാസത്തിനൊപ്പം ഇടപെടാൻ അവസരം ലഭിച്ചത് വലിയ ഭാഗ്യമാണ്. ഒരു നടന് എന്ന നിലയില്‍ എന്നെ അത് ഒരുപാട് സഹായിച്ചിട്ടുണ്ടാകുമെന്നും പൃഥ്വി.

ജുനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന നയൺ ഒരു സയൻസ്–ഹൊറർ ഫിക്ഷനാണ്. വാമിക ഗബ്ബിയും മംമ്ത മോഹൻദാസുമാണ് നായികമാർ. പ്രകാശ് രാജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇപ്പോൾ ആടുജീവിതത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോർദാനിലാണ് പൃഥ്വി. അവിടെ നിന്നായിരുന്നു ലൈവ്.