Wednesday 18 April 2018 10:59 AM IST : By സ്വന്തം ലേഖകൻ

പൃഥ്വിയ്ക്കൊപ്പം നിര്‍മാതാവിന്റെ റോളില്‍ സുപ്രിയയും; ‘9’ചിത്രീകരണവിശേഷങ്ങള്‍

nine_movie

പൃഥ്വിയോടൊപ്പം നിര്‍മാതാവിന്റെ റോളില്‍ ചേര്‍ന്നു നിന്ന് സുപ്രിയയയും.  പൃഥ്വിരാജ് പപ്രോഡക്ഷന്‍സിന്‍റെ ആദ്യ സംരംഭം ‘9’ ചിത്രീകരണം പുരോഗമിക്കുന്നു. സോണി പിക്ചേര്‍സുമായി ചേര്‍ന്നാണ് ജനൂസ് മൊഹമ്മദ്‌ സംവിധാനം ചെയ്യുന്ന ഈ ചിത്രം പൃഥ്വിരാജും സുപ്രിയയും ചേര്‍ന്ന് നിര്‍മ്മിക്കുന്നത്.  സോണി പിക്ചേര്‍സിന്‍റെ മലയാളത്തിലെ ആദ്യ സംരഭമാണ് ‘9’. സോണിയുടെ പ്രതിനിധികള്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഉണ്ട് എന്നും അത് തനിക്കു വലിയ സന്തോഷവും ധൈര്യവും പകരുന്നു എന്നും പൃഥ്വിരാജ് തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

ഏപ്രില്‍ ഒന്‍പതിന് ആരംഭിച്ച ചിത്രത്തിന്‍റെ പൂജ നിര്‍വ്വഹിച്ചത്‌ പൃഥ്വിയുടെ ഡ്രൈവര്‍ രാജന്‍, മേക്കപ്പ് മാന്‍ പ്രമോദ് എന്നിവര്‍ ചേര്‍ന്നായിരുന്നു. ജെനസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വി തന്നെയായിരിക്കും. മറ്റു അഭിനേതാക്കളുടെ പേരുകള്‍ ഇതു വരെ പുറത്തു വിട്ടിട്ടില്ല. ചിത്രം ഒരു സയന്‍സ് ത്രില്ലര്‍ ആയിരിക്കും എന്നും പൃഥ്വി ഇതിലൊരു ശാസ്ത്രജ്ഞന്‍റെ വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. എന്നാല്‍ ചിത്രത്തിന്റെ വിശദാംശങ്ങളെ കുറിച്ച് പൃഥ്വി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.



സോണിയുടെ മലയാളത്തിലേക്കുള്ള വരവ് മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഒരു നാഴികക്കല്ലാണെന്ന് പൃഥ്വിരാജ് മുന്‍പ് പ്രൊജക്റ്റ്‌ പരിചയപ്പെടുത്തവേ അഭിപ്രായപ്പെത്തിരുന്നു. മലയാള സിനിമയിലേക്ക് സോണി പിക്ചേഴ്സിനെ കൊണ്ടുവരാൻ കഴിഞ്ഞതിൽ താനും ഭാര്യയും ബിസിനസ്‌ പങ്കാളിയുമായ സുപ്രിയയും അഭിമാനിക്കുന്നതായും പൃഥ്വി പറഞ്ഞു.

ലോകത്തെ തന്നെ വലിയ സിനിമാ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ സോണി ഈ വർഷം ഹിന്ദിയിൽ നിര്‍മ്മിച്ചത് അക്ഷയ് കുമാറിനെ നായികനാക്കി അരുണാചലം മുരുകാനന്ദത്തിന്റെ കഥ പറഞ്ഞ  ‘പാഡ്‌മാൻ’ എന്ന സിനിമയായിരുന്നു.