Monday 14 September 2020 03:32 PM IST : By സ്വന്തം ലേഖകൻ

ഇത് യഥാർത്ഥത്തിൽ സംഭവിച്ചിരുന്നെങ്കിൽ! കുടുംബചിത്രം പങ്കുവച്ച് പൃഥ്വിരാജ്: പോസ്റ്റ് വൈറൽ

prithviraj-family

ആർട്ടിസ്റ്റ് മുസു സമ്മാനിച്ച തന്റെ കുടുംബചിത്രത്തിന്റെ പെയിന്റിങ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് പൃഥ്വിരാജ്.

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരകുടുംബമാണ് അന്തരിച്ച നടൻ സുകുമാരന്റെത്. സിനിമയിലും ജീവിതത്തിലും മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും വലിയ നേട്ടങ്ങൾ സ്വന്തമാക്കുന്നതിന് മുൻപെ, അവരുടെ കുട്ടിക്കാലത്ത് തന്നെ സുകുമാരൻ ഭാര്യ മല്ലികയെയും മക്കളെയും വിട്ടുപിരിഞ്ഞു.

എന്നാൽ മല്ലിക, ഇന്ദ്രജിത്ത്,പൃഥ്വിരാജ് എന്നിവർക്കും ഇന്ദ്രന്റെയും പൃഥ്വിയുടെയും കുടുംബങ്ങൾക്കുമൊപ്പം സുകുമാരനെയും ഉൾപ്പെടുത്തിയാണ് മുസു ഈ മനോഹരമായ ചിത്രം വരച്ചിരിക്കുന്നത്.

ചിത്രത്തിൽ, സുകുമാരന്റെ മടിയിലിരിക്കുകയാണ് അലംകൃത. മല്ലിക സുകുമാരന്റെ മടിയിൽ നക്ഷത്ര. മുത്തശ്ശിയെ ചേർത്തു പിടിച്ച് പ്രാർഥന. ഇവർക്കു പിന്നിൽ പുഞ്ചിരി തൂകി ഇന്ദ്രജിത്തും പൂർണിമയും പൃഥ്വിരാജും സുപ്രിയയും. ‘ഒരു നിറഞ്ഞ കുടുംബം’ എന്നാണ് ആർടിസ്റ്റ് മുസു താൻ വരച്ച ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

ഈ കുടുംബചിത്രം, യഥാർത്ഥത്തിൽ സംഭവിച്ചിരുന്നെങ്കിൽ എന്ന ആഗ്രഹം പങ്കുവച്ചുകൊണ്ടാണ് പൃഥ്വിരാജ് സ്വന്തം പേജിൽ പങ്കുവച്ചത്.

മുൻപ് വനിതയിൽ വന്ന പൃഥ്വിരാജിന്റെ കുടുംബചിത്രത്തിനൊപ്പം സുകുമാരനെ വരച്ചു ചേർത്ത പെയിന്റിങ് മുസു പങ്കുവച്ചിട്ടുണ്ട്.