Wednesday 21 August 2019 02:25 PM IST : By സ്വന്തം ലേഖകൻ

“നിങ്ങളുടെ ടീച്ചർ പറഞ്ഞത് നുണയാണ്, ഞാൻ വെറും പന്ത്രണ്ടാം ക്ലാസ് ആണ്’’! വീണ്ടും കുട്ടികളോട് പൃഥ്വി: വിഡിയോ

prithviraj

ഒരു ചടങ്ങിനിടെ, താനൊരു പ്ലസ് ടൂക്കാരൻ മാത്രമാണെന്ന് പൃഥ്വിരാജ് പറഞ്ഞത് അടുത്തിടെ വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ സമാനമായ മറ്റൊരു പ്രസംഗം കൂടി വൈറലാകുന്നു.ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

താരത്തിന്റെ പുതിയ ചിത്രം ‘ഡ്രൈവിങ് ലൈസൻസി’ന്റെ ലൊക്കേഷൻ ഒരു സ്കൂൾ ആയിരുന്നു. ഇരുന്നൂറോളം കുട്ടികൾ പഠിക്കുന്ന ചെറിയ വിദ്യാലയം. ഷൂട്ടിങ് നടക്കുന്ന അന്നു തന്നെയായിരുന്നു സ്കൂളിലെ ആർട്സ് ഡേ.

അങ്ങനെ പൃഥ്വി ചടങ്ങിലെ മുഖ്യാതിഥി ആയി. ചടങ്ങിനിടെ, എൻജിനീയറിങ് ബിരുദധാരി എന്നാണ് പൃഥ്വിയെക്കുറിച്ച് പ്രിൻസിപ്പാൾ പറഞ്ഞത്. എന്നാൽ വേദിയിലെത്തിയ പൃഥ്വി അതു തിരുത്തി.

“നിങ്ങളുടെ ടീച്ചർ പറഞ്ഞത് നുണയാണ്. ഞാൻ വെറും പന്ത്രണ്ടാം ക്ലാസ് ആണ്’’ .– പൃഥ്വിയുടെ മറുപടി ചിരിപടർത്തുന്നതായിരുന്നു.

പാഠപുസ്തകങ്ങൾക്കപ്പുറമുള്ള പാഠങ്ങൾ കൂടി സ്വയം പഠിക്കേണ്ടതായിട്ടുണ്ടെന്നും അത് പഠിക്കാൻ മറക്കാതിരിക്കണമെന്നും പൃഥ്വി കുട്ടികളോടായി പറഞ്ഞു.